Posted By Ansa Staff Editor Posted On

UAE Rain disaster; പ്രളയത്തിൽ ഇമിറാത്തി പൗരന് രക്ഷകരായി മലയാളികൾ

യു.എ.ഇ.യിലെ വെള്ളപ്പൊക്കത്തിന്റെ ഞെട്ടലിൽനിന്ന് ഇനിയും മുക്തമായിട്ടില്ല 62-കാരനായ ഇമിറാത്തി പൗരൻ ജാസിം ഒബൈദ് ഹുമൈദ് ഹിലാൽ അൽ സാബി. വെള്ളപ്പൊക്കത്തിൽപ്പെട്ട് മരണം മുഖാമുഖംകണ്ട് ഒഴുകിക്കൊണ്ടിരിക്കെയാണ് മലയാളികളായ അഞ്ചുപേർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

കൽബയിൽ താമസിക്കുന്ന ബാബുരാജ് കോട്ടക്കൽ, മുഹമ്മദ് നിസാർ വളാഞ്ചേരി, ഉമറുൽ ഫാറൂഖ് പട്ടാമ്പി, ജോബി പള്ളൻ തൃശ്ശൂർ, നൂറുദ്ദീൻ പുത്തനത്താണി എന്നിവരാണ് ഇമിറാത്തി പൗരന്റെ രക്ഷകരായത്. യു.എ.ഇ.യിൽ കഴിഞ്ഞ 16-നുണ്ടായ കനത്തമഴയെത്തുടർന്നാണ് കൽബയിൽ വെള്ളമുയർന്നത്. രാത്രിയിലും അതിശക്തമായ മഴ പെയ്തു.

താമസയിടത്തേക്കും വെള്ളംകയറാൻ തുടങ്ങിയപ്പോഴാണ് ഇവർ രാത്രി ഒമ്പതരയോടെ അവിടെനിന്ന് മാറിത്താമസിക്കാൻ തീരുമാനിച്ചത്. അത്യാവശ്യസാധനങ്ങളെല്ലാം എടുത്ത് നൂറുദ്ദീൻ ജോലിചെയ്യുന്നിടത്തേക്ക് മാറാനായിരുന്നു തീരുമാനം. അരയ്ക്ക് മീതെ വെള്ളക്കെട്ട്നിറഞ്ഞ നടപ്പാതയിൽകൂടി കഷ്ടപ്പെട്ട് നീങ്ങുന്നതിനിടെയാണ് റോഡിൽ ഒരു പിക്കപ്പിൽ അൽ സാബി കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

പിക്കപ്പ് മുങ്ങുമെന്നുറപ്പായിരുന്നു. വെള്ളംഒഴുകിത്തുടങ്ങാനും തുടങ്ങിയിരുന്നു. നിയന്ത്രണംവിട്ട നിലയിലായിരുന്നു വാഹനം. ഈകാഴ്ച കണ്ട അഞ്ചുപേരും പിന്നെയൊന്നും ആലോചിച്ചില്ല. പിക്കപ്പിനടുത്തേക്ക് അതിസാഹസികമായി നീങ്ങി. ഒഴുകിപ്പോകുന്ന പിക്കപ്പിനെ പിടിച്ചു നിർത്താനും അൽ സാബിയെ പുറത്തിറക്കാനും നൂറുദ്ദീനും നിസാറും ചേർന്ന് കഴിയുന്നതും ശ്രമിച്ചു.

എന്നാൽ, വെള്ളം കൂടുതൽ ഉയരാൻ തുടങ്ങിയതോടെ ശ്രമം വിഫലമായി. അൽ സാബിയുടെ നെഞ്ചറ്റംവരെ വെള്ളത്തിലായിരുന്നുവെന്ന് നിസാർ പറയുന്നു. ഈ സമയം ഫാറൂഖ് പിക്കപ്പിന്റെ ജനാലവഴി അൽ സാബിയെ വലിച്ച് പുറത്തേക്കെടുക്കുകയായിരുന്നു. ഒഴുകിത്തുടങ്ങിയ വാഹനത്തിനുള്ളിൽ ഇമിറാത്തിയുടെ വീടിന്റെതാക്കോൽ, മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങൾ കുടുങ്ങിയിരുന്നു. ഇതെല്ലാം ഇവർ തിരികെയെടുക്കാനും സഹായിച്ചു.

പ്രളയംമാറി ഇമിറാത്തി പൗരൻ എല്ലാം മറന്നിരിക്കുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് വിളിയെത്തുന്നത്. മലയാളികളോടുള്ള സ്‌നേഹവായ്പ് അറിയിച്ചുകൊണ്ട് ഊഷ്മളമായ സ്വീകരണമാണ് ഏർപ്പെടുത്തിയത്. തന്റെ ജീവൻരക്ഷിച്ച അഞ്ച് പേർക്കും അൽ സാബി സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുവെങ്കിലും അവരത് നിരസിച്ചു. ഒരാളുടെ ജീവൻ രക്ഷിക്കാനായല്ലോ, അയാളെ സുരക്ഷിതനാക്കാനുമായി, അതാണ് വലിയ സന്തോഷമെന്ന് അഞ്ചുപേരും ഒരേസ്വരത്തിൽ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *