Posted By Ansa Staff Editor Posted On

SAUDI ARABIA; സൗദിയിൽനിന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 പ്രവാസികളെ നാടുകടത്തി

സൗദി തെക്കൻ പ്രവിശ്യയായ അസീറിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിലുണ്ടായിരുന്ന 24 ഇന്ത്യാക്കാരെ നാടുകടത്തി. നിയമ ലംഘകരായി സൗദിയിൽ താമസിച്ചു ജോലി ചെയ്തിരുന്നവരും, ഹുറൂബാക്കപ്പെട്ടവരുമായ ആളുകളെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്.

അസീർ മേഖലയിലെ വിവിധ ഗവർണറേറ്റ് പരിധികളിൽ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പോലീസ് പരിശോധയിൽ പിടിക്കപ്പെട്ട ഇന്ത്യാക്കാർക്കാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നു നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്.

മതിയായ താമസ രേഖകളോ ജോലിയോ താമസസ്ഥലമോ ഇല്ലാതെ ഖമീസ് മുശൈത്തിലെ തെരുവുകളിലും, വൃത്തിഹീനമായ പൊളിഞ്ഞ കെട്ടിടങ്ങളിലും താമസിച്ചിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളുടെ വിവരങ്ങൾ ഒരു മാസം മുമ്പ് വാർത്താ മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

വാർത്തയെതുടർന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസുലേറ്റിലെ പ്രധാന ഉദ്യോഗസ്ഥനായ കോൺസുൽ ദീപക് യാദവിനെ അബഹയിലേക്ക് നേരിട്ട് അയച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു.

തമിഴ്‌നാട് സ്വദേശികളെക്കൂടാതെ നാല് മലയാളികളും, യു.പി, പശ്ചിമ ബംഗാൾ, ബീഹാർ, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുമാണ് സംഘാംഗങ്ങൾ. ഇവരെ അബഹയിൽ നിന്നും ബസ് മാർഗം ജിദ്ദ വിമാനത്താവളത്തിൽ എത്തിച്ച് ജിദ്ദയിൽ നിന്നും സൗദി എയർലെൻസ് വിമാനം വഴി ഡൽഹിയിലേക്കാണ് കയറ്റി അയച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *