കുവൈറ്റില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 300 ദിനാര്‍ വരെ ഉയര്‍ന്നേക്കാം
Mobile Phone Use While Driving Could Lead to Fines Up to KD 300 കുവൈത്ത്: കുവൈത്തില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള കേസ് കോടതിയിലെത്തിയാല്‍ ഇത് 150 മുതല്‍ പരമാവധി 300 ദിനാര്‍ വരെ ഉയരാമെന്ന് ഗതാഗത വിഭാഗം പൊതു സമ്പര്‍ക്ക വിഭാഗം മേധാവി മേജര്‍ ഷാഹിന്‍ അല്‍ ഗരീബ്. സാധാരണഗതിയില്‍ 75 ദിനാറാണ് പിഴയെങ്കിലും കേസ് വന്നാല്‍ ഇത്തരത്തില്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പുറമെ നിയമ ലംഘകര്‍ക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവിലെ നടപടിക്രമങ്ങള്‍ പ്രകാരം പിഴ ലഭിച്ചാല്‍ ഉടന്‍ തന്നെ അനുരഞ്ജന ഉത്തരവ് വഴി പിഴ അടയ്ക്കാന്‍ കഴിയുമെന്നും അല്‍ ഗരീബ് അറിയിച്ചു. റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൈകാര്യം ചെയ്യും. ഇത്തരം കേസുകള്‍ ട്രാഫിക് കോടതിയിലേക്ക് കൈമാറുമെന്നും അവ അനുരഞ്ജന ഉത്തരവ് വഴി തീര്‍പ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഗതാഗത നിയമം പിഴ ഈടാക്കാന്‍ മാത്രമായി ഉള്ളതല്ല, മറിച്ച് നിരവധി അപകടങ്ങള്‍ക്കും അത് വഴി ഉണ്ടാകുന്ന മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമാകുന്ന ഡ്രൈവിംഗ് ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമാക്കി ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.