UAE Families Begin Booking Flu Vaccinations സീസണൽ ഇൻഫ്ലുവൻസക്കെിരെ കരുതൽ വേണം;യുഎയിൽ ഫ്ലൂ വാക്സിനായി മുൻകൂട്ടി ബുക്കിങ് തുടങ്ങി കുടുംബങ്ങൾ

UAE Families Begin Booking Flu Vaccinations ദുബായ്: ശൈത്യകാലത്ത് പടരാൻ സാധ്യതയുള്ള സീസണൽ ഇൻഫ്ലുവൻസയെ പ്രതിരോധിക്കാൻ യുഎഇയിൽ കുടുംബങ്ങൾ ഫ്ലൂ വാക്സിനേഷൻ നേരത്തേ ബുക്ക് ചെയ്യാൻ തുടങ്ങിയതായി റിപ്പോർട്ട്. കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്നതും കാലാവസ്ഥ മാറുന്നതും കണക്കിലെടുത്ത് രോഗപ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കുകയാണ് കുടുംബങ്ങൾ.

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും വിവിധ ആരോഗ്യവിഭാഗങ്ങളും 2026–27 സീസണിലെ ഇൻഫ്ലുവൻസ, സീസണൽ ശ്വാസകോശ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രോഗവ്യാപനം തടയാനുള്ള മുൻകരുതലുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം.

ആറുമാസം പ്രായം പൂർത്തിയായ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫ്ലൂ വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നു. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ആരോഗ്യപ്രവർത്തകർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ് പ്രത്യേക മുൻഗണന.

2026–27 സീസണിൽ സ്കൂൾ വിദ്യാർഥികളെയും ഹജ്ജ്, ഉംറ തീർഥാടകർക്കൊപ്പം മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. മുൻഗണനാ വിഭാഗങ്ങളിൽപ്പെടുന്ന പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ സൗജന്യമായി ലഭിക്കും. മറ്റ് വിഭാഗക്കാർക്ക് ആരോഗ്യകേന്ദ്രത്തിനനുസരിച്ചുള്ള കുറഞ്ഞ നിരക്ക് നൽകേണ്ടിവരാം.

വാക്സിൻ സ്വീകരിച്ചതിന് ശേഷം ശരീരത്തിൽ പ്രതിരോധശേഷി രൂപപ്പെടാൻ ഏകദേശം രണ്ടാഴ്ച വേണ്ടിവരും. അതിനാൽ ഫ്ലൂ വ്യാപനം വർധിക്കുന്നതിന് മുമ്പ് വാക്സിൻ സ്വീകരിക്കുന്നത് ഗുണകരമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികൾ സ്കൂളുകളിലും മുതിർന്നവർ ജോലിസ്ഥലങ്ങളിലും കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപന സാധ്യത ഉയരാം. അതിനാൽ കുടുംബത്തിലെ എല്ലാവരും വാക്സിനേഷൻ സംബന്ധിച്ച ആരോഗ്യ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിക്കുന്നു.

വാക്സിനേഷനൊപ്പം കൈകൾ സോപ്പുപയോഗിച്ച് കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കുക, രോഗലക്ഷണങ്ങളുള്ളപ്പോൾ വീട്ടിൽ വിശ്രമിക്കുക, അടച്ചിട്ട മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ മുൻകരുതലുകളും പ്രധാനമാണ്.

പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കണം. ഗുരുതരമായ ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

യുഎഇയിലെ പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *