body =====

Abu Dhabi Police reversing after missing exits അബുദാബി: പ്രധാന റോഡുകളിൽ എക്‌സിറ്റുകളോ വഴിതിരിവുകളോ തെറ്റിപ്പോകുമ്പോൾ വാഹനം അപകടകരമായി റിവേഴ്‌സ് എടുക്കുന്നത് മൂലമുണ്ടാകുന്ന ദാരുണമായ റോഡപകടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പൊലീസ്. മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് ഡ്രൈവർമാരിൽ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഞെട്ടിക്കുന്ന ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരസ്യപ്പെടുത്തിയത്. റോഡിൽ പെട്ടെന്ന് വാഹനം നിർത്തുന്നതും റിവേഴ്‌സ് എടുക്കുന്നതും പുറകിൽ നിന്ന് വേഗത്തിൽ വരുന്ന മറ്റ് വാഹന ഡ്രൈവർമാരെ വലിയ ആശയക്കുഴപ്പത്തിലാക്കുമെന്നും ഇത് അതിദാരുണമായ കൂട്ടിയിടികൾക്കും ജീവഹാനിക്കും കാരണമാകുമെന്നും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. എതെങ്കിലും കാരണവശാൽ പ്രവേശിക്കേണ്ട വഴി തെറ്റിപ്പോയാൽ റോഡിൽ വാഹനം നിർത്തി റിവേഴ്‌സ് എടുക്കാൻ ശ്രമിക്കരുത്. പകരം വാഹനം മുന്നോട്ട് തന്നെ ഓടിച്ച് തൊട്ടടുത്തുള്ള എക്‌സിറ്റ് ഉപയോഗിച്ച് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് മടങ്ങണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി. റോഡിൽ അപകടകരമായ രീതിയിൽ റിവേഴ്‌സ് എടുക്കുന്നവർക്കെതിരെ ട്രാഫിക് നിയമപ്രകാരം കടുത്ത നടപടികൾ നേരിടേണ്ടി വരും. സാധാരണ റിവേഴ്‌സ് ലംഘനത്തിന് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ലഭിക്കും. ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലുള്ള ലംഘനത്തിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്, 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും. റോഡ് സുരക്ഷ ഉറപ്പാക്കാനും റോഡ് ഉപയോക്താക്കളുടെ ജീവൻ സംരക്ഷിക്കാനും ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് അബുദാബി പൊലീസ് അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy