body =====

കുറഞ്ഞ വാടകയ്ക്ക് ബെഡ് സ്പേസ്? ദുബായിൽ ഇനി കാര്യങ്ങൾ അത്ര എളുപ്പമല്ല;ഈ പുതിയ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ കുടുങ്ങും!

1000078132

കുറഞ്ഞ ചെലവിൽ താമസിക്കാൻ നിരവധി പ്രവാസികൾ ആശ്രയിക്കുന്ന ഷെയറിങ് അക്കോമഡേഷനുകൾക്ക് ദുബായിൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ. അനുമതിയില്ലാതെ ഒരു കെട്ടിടമോ ഫ്ലാറ്റോ ഷെയറിങ് താമസത്തിനായി ഉപയോഗിക്കാനാകില്ല. താമസക്കാരുടെ എണ്ണം, ഓരോ വ്യക്തിക്കും ലഭിക്കേണ്ട സ്ഥലം, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇനി കൃത്യമായ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും. ഷെയറിങ് താമസത്തിന് അനുവദിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. സാധാരണയായി ഒരു വർഷത്തേക്കാണ് പെർമിറ്റ് അനുവദിക്കുക. ഉടമയുടെ അഭ്യർഥനപ്രകാരം ചില സാഹചര്യങ്ങളിൽ രണ്ട് വർഷത്തേക്കും പെർമിറ്റ് ലഭിക്കാം. കെട്ടിടം സുരക്ഷാ, ആരോഗ്യ, അഗ്നിരക്ഷാ, വൈദ്യുതി തുടങ്ങിയ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും അനുമതി.

പ്രധാന മാറ്റങ്ങളിലൊന്ന് അനധികൃതമായി മുറി വീണ്ടും വാടകയ്ക്ക് നൽകുന്നതിലാണ്. ഷെയറിങ് താമസത്തിനായി അനുവദിച്ച സ്ഥലത്തിന്റെ വാടകക്കാരന് അത് മറ്റൊരാൾക്ക് വീണ്ടും വാടകയ്ക്ക് നൽകാൻ കഴിയില്ല. ഉടമയ്ക്കോ അധികൃതമായി ലൈസൻസ് നേടിയ സ്ഥാപനത്തിനോ മാത്രമാണ് ഇത്തരം താമസ യൂണിറ്റുകൾ വാടകയ്ക്ക് നൽകാനുള്ള അവകാശം. അപ്പാർട്ട്മെന്റുകളിൽ അനുമതിയില്ലാതെ മുറികൾ വിഭജിച്ച് കൂടുതൽ ആളുകളെ താമസിപ്പിക്കുന്ന രീതികൾക്കും നിയന്ത്രണമുണ്ട്. മരം, സുരക്ഷിതമല്ലാത്ത ജിപ്സം ബോർഡ് തുടങ്ങിയവ ഉപയോഗിച്ച് അനധികൃത പാർട്ടിഷനുകൾ സ്ഥാപിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ഇത്തരം നടപടികൾക്കെതിരെ പരിശോധന ശക്തമാകും.

വാടക നൽകുന്നതിന് മുമ്പ് പ്രവാസികൾ ചില കാര്യങ്ങൾ ഉറപ്പാക്കുന്നതാണ് സുരക്ഷിതം. വീട് ഷെയറിങ് താമസത്തിന് അംഗീകൃതമാണോ, അനുവദിച്ചിരിക്കുന്ന താമസക്കാരുടെ എണ്ണം എത്രയാണ്, വാടക സ്വീകരിക്കുന്നത് ഉടമയോ ലൈസൻസുള്ള സ്ഥാപനമോ ആണോ, എഴുത്തുപരമായ കരാർ ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. നിയമം ലംഘിച്ചാൽ 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്താം. ഒരു വർഷത്തിനുള്ളിൽ അതേ നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുകയും പരമാവധി 10 ലക്ഷം ദിർഹം വരെ എത്തുകയും ചെയ്യാം. അനുമതി റദ്ദാക്കൽ, പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കൽ, ചില സാഹചര്യങ്ങളിൽ കെട്ടിടം ഒഴിപ്പിക്കൽ തുടങ്ങിയ നടപടികളും സ്വീകരിക്കാം. അതേസമയം, ഷെയറിങ് താമസം പൂർണമായി നിരോധിച്ചിട്ടില്ല. സുരക്ഷിതവും നിയമാനുസൃതവുമായ രീതിയിൽ ഇത്തരം താമസ സൗകര്യങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy