
ദുബായ്: നിയമക്കുരുക്കിൽപ്പെട്ട് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ സൗജന്യ ‘കുടുംബ നീതിമേള’ സംഘടിപ്പിക്കുന്നു. യുഎഇയുടെ 2026ലെ ‘കുടുംബ വർഷാചരണത്തിന്റെ’ ഭാഗമായാണ് പരിപാടി. ദുബായ് മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്)യും കൊച്ചി ആസ്ഥാനമായ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്)യും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സിഡിഎ) അനുമതിയോടെയാണ് പരിപാടി.
ഒക്ടോബർ 18 ഞായറാഴ്ച ദുബായ് റാഷിദിയയിലെ പേസ് ബ്രിട്ടീഷ് സ്കൂളിൽ രാവിലെ 10 മുതൽ നീതിമേള നടക്കും. കുടുംബ നിയമ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക തർക്കങ്ങൾ, വിവാഹം, വിവാഹമോചനം, ജീവനാംശം, വയോജന-ബാല പീഡനം തുടങ്ങിയ വിഷയങ്ങൾക്കാണ് പ്രധാന പരിഗണന. ഈ മേഖലകളിൽ പരിചയസമ്പന്നരായ അഭിഭാഷകരും ഫാമിലി കൗൺസിലർമാരും വിദഗ്ധരും മേളയിൽ പങ്കെടുക്കും.
നിയമക്കുരുക്കിലാണോ? സഹായം ലഭിക്കും
കുടുംബപ്രശ്നങ്ങൾക്ക് പുറമെ പ്രവാസികൾ നേരിടുന്ന വിവിധ നിയമപ്രശ്നങ്ങളിലും മേളയിലൂടെ സൗജന്യ നിയമസഹായവും പരിഹാര നിർദേശങ്ങളും ലഭിക്കും. പാസ്പോർട്ട്, എംബസി സംബന്ധമായ വിഷയങ്ങൾ, വിസ പ്രശ്നങ്ങൾ, റിക്രൂട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക തർക്കങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്-ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹനാപകട കേസുകൾ, സ്വത്ത് തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിലും പരാതികൾ സമർപ്പിക്കാം. ക്രിമിനൽ, സിവിൽ കേസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ആവശ്യമായ മാർഗനിർദേശം നൽകും.
കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൗൺസിലിങ്ങും മധ്യസ്ഥ സേവനങ്ങളും ലഭ്യമാക്കും. കുട്ടികൾക്കുള്ള കൗൺസിലിങ്ങിനും സൗകര്യമുണ്ട്. ഹോപ്പ് ഓഫ് ലൈഫ് ടീമിലെ വിദഗ്ധ സൈക്കോളജിസ്റ്റുകളും സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.
ടി.പി. ശ്രീനിവാസൻ പോസ്റ്റർ പ്രകാശനം ചെയ്തു
നീതിമേളയുടെ പ്രചാരണ പോസ്റ്റർ മുൻ ഇന്ത്യൻ യു.എൻ പ്രതിനിധിയും അംബാസഡറുമായ ടി.പി. ശ്രീനിവാസൻ പ്രകാശനം ചെയ്തു. മേള ചെയർമാൻ മോഹൻ എസ്. വെങ്കിട്ടിന് പോസ്റ്റർ കൈമാറിയാണ് പ്രകാശനം നടത്തിയത്. നിയമക്കുരുക്കിൽപ്പെട്ട് മാനസികമായി തളർന്നുകഴിയുന്ന സാധാരണക്കാരായ പ്രവാസികളിലേക്ക് നീതിമേളയുടെ പ്രചാരണം എത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0547352524 എന്ന നമ്പറിൽ ബന്ധപ്പെടാം.