
ദുബായ്: സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസുള്ള യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് (International Driving Permit – IDP) നേടാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻേഴ്സ് അഫയേഴ്സ്–ദുബായ് , റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ,എമിറേറ്റ്സ് ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ്, എമിറേറ്റ്സ് ബിസിനസ്മെൻ സർവീസസ് സെന്റർ ആമർ ,- എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനം ആരംഭിച്ചത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽസിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്ററിലാണ് സേവനം ലഭ്യമാക്കുന്നത്. യാത്രയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യുകയാണ് സേവനത്തിന്റെ ലക്ഷ്യം.
APPLY NOW FOR THE LATEST VACANCIES
അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിനായി അപേക്ഷിക്കുന്നവർ എമിറേറ്റ്സ് ഐഡി, സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ടിന്റെ പകർപ്പ്, വ്യക്തിഗത ഫോട്ടോ എന്നിവ ഹാജരാക്കണം. പങ്കാളികളായ സ്ഥാപനങ്ങളുടെ ഡിജിറ്റൽ സംവിധാനങ്ങൾ തമ്മിലുള്ള സംയോജനത്തിലൂടെയാണ് സേവനം പ്രവർത്തിക്കുന്നത്.അപേക്ഷ ലഭിച്ചാൽ സിസ്റ്റം ഉപഭോക്താവിന്റെ വിവരങ്ങൾ സ്വമേധയാ പരിശോധിക്കുകയും അപേക്ഷയ്ക്ക് തൽക്ഷണം അംഗീകാരം നൽകുകയും ചെയ്യും. ഇതുവഴി കൃത്യതയോടെയും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും. സേവനം 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ലഭ്യമാണ്.
ഉപഭോക്താവിന്റെ യാത്രാനുഭവം സ്മാർട്ട് ട്രാവൽ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസി മേജർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്ത് പറഞ്ഞു.ശരിയായ സ്ഥലത്തും സമയത്തും പ്രോആക്ടീവ് സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് സേവനം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഫലപ്രദമായ ഏകോപനത്തിന്റെ ഉദാഹരണമാണ് പുതിയ സേവനമെന്നും യാത്ര കൂടുതൽ എളുപ്പമാക്കുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിനും സമഗ്രമായ സേവന സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രപ്രധാന പങ്കാളികൾ തമ്മിലുള്ള സഹകരണത്തിന്റെ നൂതന മാതൃകയാണ് ഈ സേവനമെന്ന് ദുബായ് ആർടിഎ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പോലുള്ള പ്രധാന കേന്ദ്രത്തിൽ തൽക്ഷണ സേവനം ലഭ്യമാക്കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവനം 24/7 ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംയോജിത ഡിജിറ്റൽ സർക്കാർ സേവനങ്ങളിലും ജനകേന്ദ്രീകൃത സേവന സമീപനത്തിലും യുഎഇയുടെ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. യാത്ര സുഗമമാക്കുന്നതിനും സർക്കാർ സേവനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇന്ത്യയിൽ നിന്ന് യുഎഇ ക്രിക്കറ്റിന്റെ നെറുകയിലേക്ക്; വിസ്മയ യാത്രയുമായി 20കാരൻ അയാൻ അഫ്സൽ
UAE nazia — September 20, 2026·0 Comment

സമീപകാലത്ത് യുഎഇ ക്രിക്കറ്റ് ലോകത്ത് കൈവരിച്ച വളർച്ച അവിശ്വസനീയമാണ്. യുഎഇ ഭരണാധികാരികളും ക്രിക്കറ്റ് ബോർഡും നൽകിയ മികച്ച പിന്തുണയും കളിക്കളത്തിൽ താരങ്ങളുടെ മികച്ച പ്രകടനവും ഈ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അത്തരത്തിൽ യുഎഇ ക്രിക്കറ്റ് ടീമിൽ ശ്രദ്ധേയനായ താരമാണ് ഇന്ത്യയിൽ ജനിച്ച 20-കാരനായ ഓൾറൗണ്ടർ അയാൻ അഫ്സൽ ഖാൻ. മുംബൈയിലെ ചെംബൂരിൽ ജനിച്ച അയാൻ, ചെറുപ്പകാലത്താണ് കുടുംബത്തോടൊപ്പം യുഎഇയിലേക്ക് കുടിയേറുന്നത്.
“ഞാൻ വളർന്നത് യുഎഇയിലാണ്, ഈ നാട് എനിക്ക് സ്വന്തം വീട് പോലെയായി മാറി. വിദ്യാഭ്യാസം തുടരുന്നതിനൊപ്പം തന്നെ ക്രിക്കറ്റിൽ മികച്ചൊരു കരിയർ പടുത്തുയർത്താനുള്ള അവസരവും യുഎഇ എനിക്ക് നൽകി,” അയാൻ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. കുടുംബത്തിന് മികച്ചൊരു ഭാവി തേടിയാണ് അയാന്റെ മാതാപിതാക്കൾ യുഎഇയിലേക്ക് മാറിയത്. എന്നാൽ ആ പ്രവാസം പിന്നീട് അയാന്റെ ജീവിതത്തിലെയും ക്രിക്കറ്റിലെയും വലിയ വഴിത്തിരിവായി മാറുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമല്ല അയാന്റെ ലക്ഷ്യം. യുഎഇക്കായി വലിയ ടൂർണമെന്റുകൾ ജയിക്കുക, ലോകത്തിലെ പ്രമുഖ ടി20 ലീഗുകളിൽ സാന്നിധ്യമറിയിക്കുക, വരും തലമുറയ്ക്ക് പ്രചോദനമാകുന്ന ഒരു കരിയർ പടുത്തുയർത്തുക എന്നിവയാണ് ഈ യുവതാരത്തിന്റെ പ്രധാന ആഗ്രഹങ്ങൾ.
മറ്റ് പല യുവ ക്രിക്കറ്റർമാരെയും പോലെ ഐപിഎല്ലിൽ കളിക്കുക എന്നതും അയാന്റെ വലിയൊരു സ്വപ്നമാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീമിനായി ഭാവിയിൽ ജേഴ്സിയണിയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ചെറുപ്പത്തിൽ ഇന്ത്യൻ ദേശീയ ടീമിനായി കളിക്കണം എന്നാഗ്രഹിച്ചിരുന്നെങ്കിലും യുഎഇയിലെ ജീവിതവും അവസരങ്ങളും അദ്ദേഹത്തിന്റെ ലക്ഷ്യത്തെ മാറ്റിമറിച്ചു. ഇപ്പോൾ യുഎഇ ദേശീയ ടീമിനായി സർവ്വതും നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അയാൻ വ്യക്തമാക്കുന്നു.
ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പല നേട്ടങ്ങളും അയാൻ സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ വലിയ നിമിഷങ്ങളിലൊന്നാണ്. കൂടാതെ, വെറും 16-ാം വയസ്സിൽ ഐസിസി പുരുഷ ടി20 ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര റെക്കോർഡും അയാൻ സ്വന്തമാക്കി. രാജ്യത്തിനായി കളിക്കുമ്പോൾ വലിയ ഉത്തരവാദിത്തവും ആവേശവുമാണ് അനുഭവപ്പെട്ടതെന്ന് താരം ഓർത്തെടുക്കുന്നു.
വളർച്ചയുടെ പാതയിൽ കളിയിലെ ഫോമില്ലായ്മയും ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകളും അടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളെയും അയാന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം തിരിച്ചടികൾ തന്നിലെ ക്രിക്കറ്ററെ കൂടുതൽ പക്വതയുള്ളവനാക്കാൻ സഹായിച്ചുവെന്നാണ് അയാൻ വിശ്വസിക്കുന്നത്. ക്ഷമയോടെ കഠിനാധ്വാനം ചെയ്യാനും സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും ആ അനുഭവങ്ങൾ പഠിപ്പിച്ചു
വ്യക്തിഗത മികവിനേക്കാൾ ടീം വർക്കിലാണ് യുഎഇ വിശ്വസിക്കുന്നതെന്ന് അയാൻ പറയുന്നു. പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങുന്ന സമീകൃതമായ ഒരു ടീമാണ് യുഎഇയുടേത്. സമീപകാലത്ത് എസിസി പ്രീമിയർ കപ്പ് ഫൈനലിൽ നേപ്പാളിനോട് പരാജയപ്പെട്ടെങ്കിലും തളരാതെ മുന്നോട്ടുപോകാനാണ് ടീമിന്റെ തീരുമാനം. ഇന്ത്യയിൽ ജനിച്ച്, യുഎഇയിൽ വളർന്ന്, ഇന്ന് പ്രവാസി നാടിന്റെ അഭിമാനമായി മാറിയ അയാൻ അഫ്സൽ ഖാൻ യുഎഇക്കായി വലിയ കിരീടങ്ങൾ നേടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ തന്റെ പ്രയാണം തുടരുകയാണ്.