
ദുബൈ: ഷെയേര്‍ഡ് ഹൗസിങ് യൂണിറ്റുകള്‍ക്ക് പ്രത്യേക വാടക സൂചിക (Rental Index) നടപ്പാക്കാന്‍ ദുബൈ. ഇത്തരം താമസ സൗകര്യങ്ങളുടെ വാടക നിരക്ക് കൂടുതല്‍ സുതാര്യവും ഏകീകരിച്ചതുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഷെയേര്‍ഡ് ഹൗസിങ് മേഖലയെ നിയന്ത്രിക്കുന്ന പുതിയ നിയമപ്രകാരമാണ് പ്രത്യേക വാടക സൂചിക കൊണ്ടുവരുന്നത്. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിനായിരിക്കും വാടക സൂചിക തയ്യാറാക്കുന്നതിനും കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുമുള്ള ചുമതല.
APPLY NOW FOR THE LATEST VACANCIES
മാര്‍ച്ചിലാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ഈ മാസം അവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരും. ഷെയേര്‍ഡ് ഹൗസിങ് യൂണിറ്റുകളുടെ സാങ്കേതികവും സേവനപരവുമായ സവിശേഷതകള്‍ പരിഗണിച്ചായിരിക്കും വാടക സൂചിക തയ്യാറാക്കുക. എന്നാല്‍ സൂചിക എപ്പോള്‍ നിലവില്‍ വരും, വാടക എങ്ങനെയാണ് കണക്കാക്കുക, ഓരോ യൂണിറ്റിനോ മുറിക്കോ കിടക്കയ്ക്കുള്ള സ്ഥലത്തിനോ അതോ ഓരോ താമസക്കാരനും അനുവദിക്കുന്ന വിസ്തീര്‍ണത്തിനോ അനുസരിച്ചാണോ നിരക്ക് നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
നിലവില്‍ ദുബൈയില്‍ വാടക വര്‍ധന അനുവദനീയമായ പരിധി നിര്‍ണയിക്കുന്നതിന് ഔദ്യോഗിക വാടക സൂചിക നിലവിലുണ്ട്. വാടക കരാര്‍ പുതുക്കുമ്പോഴുള്ള വര്‍ധനയാണ് ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നത്. ഷെയേര്‍ഡ് ഹൗസിങ്ങിനായി പ്രത്യേകം തയ്യാറാക്കുന്ന പുതിയ സൂചിക ഈ മേഖലയിലെ വാടക നിരക്കുകള്‍ക്ക് കൂടുതല്‍ വ്യക്തമായ മാനദണ്ഡം നല്‍കുമെന്നാണ് വിലയിരുത്തല്‍.
സ്റ്റാന്‍ഡേര്‍ഡ് കരാര്‍ നിര്‍ബന്ധം
ഷെയേര്‍ഡ് ഹൗസിങ്ങിനായി ഏകീകൃത വാടക, മാനേജ്‌മെന്റ് കരാര്‍ മാതൃകകളും ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കും. ഇവ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഉടമയുടെ വിവരങ്ങള്‍, താമസക്കാരുടെ എണ്ണം, കെട്ടിടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഷെയേര്‍ഡ് താമസത്തിനായി അനുവദിച്ച സ്ഥലം തുടങ്ങിയ പ്രധാന വിവരങ്ങള്‍ കരാറില്‍ രേഖപ്പെടുത്തണം.
അംഗീകാരം ലഭിച്ച യൂണിറ്റുകള്‍, വാടക കരാറുകള്‍, താമസക്കാരുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഇലക്ട്രോണിക് ഷെയേര്‍ഡ് ഹൗസിങ് രജിസ്റ്ററും ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പരിപാലിക്കും. ദുബൈ മുനിസിപ്പാലിറ്റി നടത്തുന്ന ഏകീകൃത ഡിജിറ്റല്‍ പെര്‍മിറ്റ് പ്ലാറ്റ്‌ഫോമുമായി രജിസ്റ്റര്‍ ബന്ധിപ്പിക്കും.
പെര്‍മിറ്റ് നിര്‍ബന്ധം
പെര്‍മിറ്റ് നേടാതെ ഒരു കെട്ടിടവും ഷെയേര്‍ഡ് ഹൗസിങ്ങിനായി ഉപയോഗിക്കാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവാദമുണ്ടാകില്ല. സാധാരണയായി പെര്‍മിറ്റിന് ഒരു വര്‍ഷമായിരിക്കും കാലാവധി. സമാന കാലയളവിലേക്ക് പുതുക്കാനും കഴിയും. ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തെ പെര്‍മിറ്റിനായി അപേക്ഷിക്കാനും സാധിക്കും.
പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് 30 ദിവസം മുമ്പ് പുതുക്കല്‍ അപേക്ഷ നല്‍കണം. നടപടിക്രമങ്ങളും ആവശ്യമായ വ്യവസ്ഥകളും പ്രഖ്യാപിച്ചശേഷം ദുബൈ മുനിസിപ്പാലിറ്റിയുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
ആസൂത്രണം, നിര്‍മാണം, ആരോഗ്യം, അഗ്‌നിസുരക്ഷ, ശുചിത്വം, സുരക്ഷ, വൈദ്യുതി സുരക്ഷ തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കിയ ശേഷമേ പെര്‍മിറ്റ് അനുവദിക്കൂ. പരമാവധി താമസക്കാരുടെ എണ്ണം, ഓരോ താമസക്കാരനും അനുവദിക്കേണ്ട കുറഞ്ഞ വിസ്തീര്‍ണം, ആവശ്യമായ പൊതുസൗകര്യങ്ങളുടെ ലഭ്യത എന്നിവയും പരിശോധിക്കും.
നിലവില്‍ ഷെയേര്‍ഡ് ഹൗസിങ് യൂണിറ്റുകള്‍ നടത്തുന്ന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ നിയമവുമായി പൊരുത്തപ്പെടാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിക്കും.
നിയമലംഘനങ്ങള്‍ക്ക് 500 ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താം. ഒരു വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ച് നിയമലംഘനം നടത്തിയാല്‍ പിഴ ഇരട്ടിയാകും. പരമാവധി പിഴ 10 ലക്ഷം ദിര്‍ഹം വരെയായിരിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ നിവാസികൾ അറിയാൻ; ഇനി നോ ടെൻഷൻ!! പാസ്പോർട്ട് അപേക്ഷകളിൽ ഇനികാലതാമസം ഇല്ല:പുതിയ മാറ്റം ഇങ്ങനെ
UAE August 6, 2026

ദുബായ്: പുതിയ സേവനദാതാവിലേക്കുള്ള മാറ്റത്തെ തുടർന്ന് അടിയന്തര പാസ്‌പോർട്ട് അപേക്ഷകളിൽ ഉണ്ടായ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. നിലവിൽ തത്കാൽ സേവനം അർഹതയുള്ള അപേക്ഷകർക്ക് മാത്രമാണ് ലഭ്യമാകുകയെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
ഈ ആഴ്‌ച ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മാധ്യമസമ്മേളനത്തിൽ സംസാരിക്കവെ ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ ഇ വിഷ്‌ണു വർധൻ റെഡ്ഡി, പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലേക്ക് മാറിയതിന്റെ തുടക്കത്തിൽ ചില സാങ്കേതികവും പ്രവർത്തനപരവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചു.
ഇന്ത്യയിലെ നിയമപരമായ തടസ്സങ്ങളെ തുടർന്ന് ആഴ്‌ചകളോളം സേവനങ്ങൾ തടസപ്പെട്ട ശേഷമാണ് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് യുഎഇയിലെ പാസ്‌പോർട്ട്, വിസ, അറ്റസ്‌റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ കമ്പനി യുഎഇയിലുടനീളമുള്ള 16 ഐസിഎസി കേന്ദ്രങ്ങളിലൂടെ കുറഞ്ഞത് മൂന്ന് മാസത്തേക്കുള്ള ഇടക്കാല സേവനദാതാവായി പ്രവർത്തിക്കുകയാണ്.
സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ കരാർ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ നൽകാൻ ശ്രമിക്കുകയാണ്. എന്നാൽ തത്കാൽ അപേക്ഷകളിൽ ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകില്ലെന്നാണ് കോൺസുലേറ്റ് അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിന് മുമ്പ് അപേക്ഷകളിലെ കാലതാമസം പൂർണമായും ഒഴിവാക്കി നിശ്ചിത സമയത്തിനുള്ളിൽ സേവനം ലഭ്യമാക്കാൻ കോൺസുലേറ്റ് മുൻഗണന നൽകി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തത്കാൽ പദ്ധതി, അടിയന്തരമായി പുതിയ പാസ്‌പോർട്ട് ലഭിക്കുകയോ പാസ്‌പോർട്ട് പുതുക്കുകയോ ചെയ്യേണ്ടവർക്ക് ഇന്ത്യ സർക്കാർ നൽകുന്ന അതിവേഗ സേവനമാണ്. ഇതിനായി അപേക്ഷകർ സാധാരണയേക്കാൾ ഉയർന്ന ഫീസ് അടയ്‌ക്കണം. ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഫീസ് പ്രകാരം, മുതിർന്നവർക്കുള്ള 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ നിരക്ക് 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായും, 60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 380 ദിർഹത്തിൽ നിന്ന് 630 ദിർഹമായും ഉയർത്തി.
തത്കാൽ പദ്ധതിയിൽ 36 പേജുള്ള പാസ്‌പോർട്ടിന് 900 ദിർഹവും, 60 പേജുള്ള പാസ്‌പോർട്ടിന് 1080 ദിർഹവും ഫീസ് ഈടാക്കും. മുമ്പ് ഇവ യഥാക്രമം 855 ദിർഹവും 950 ദിർഹവും ആയിരുന്നു. യഥാർഥ അടിയന്തര സാഹചര്യം തെളിയിക്കാൻ കഴിയുന്ന അപേക്ഷകർക്ക് ഇപ്പോഴും അതേ ദിവസം തന്നെ പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കി നൽകുന്ന സംവിധാനം കോൺസുലേറ്റിൽ തുടരുന്നുണ്ടെന്ന് കോൺസൽ ജനറൽ അറിയിച്ചു.
തത്കാൽ സേവനത്തെ ഒരു സൗകര്യസേവനമായി കാണരുതെന്നും, അത് യഥാർഥ അടിയന്തര ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ തത്കാൽ അപേക്ഷകർ, നവജാത ശിശുക്കൾക്കുള്ള പാസ്‌പോർട്ട് അപേക്ഷകർ, എമർജൻസി സർട്ടിഫിക്കറ്റ് (സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കുന്ന യാത്രാരേഖ) ആവശ്യമായവർ എന്നിവർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.