Dubai Real Estate Market 2026 ദുബായ്: 2026-ന്റെ ആദ്യ ആറുമാസത്തിൽ ദുബായിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിപണിയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ വിദേശികളിൽ ഇന്ത്യക്കാരും ബ്രിട്ടീഷ് പ്രവാസികളും മുന്നിലാണെന്ന് അനറോക്കിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കി.
2025-ൽ ദുബായിലെ ഭവന വിപണിയിൽ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ നിക്ഷേപം നടത്തിയിരുന്നു. ഇതിൽ 22 ശതമാനവുമായി ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്. 17 ശതമാനവുമായി ബ്രിട്ടീഷ് പൗരന്മാരും 14 ശതമാനവുമായി ചൈനീസ് നിക്ഷേപകരുമാണ് പിന്നാലെ.
പ്രാദേശിക ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിട്ടും ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണി ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. 2026-ന്റെ ആദ്യ പകുതിയിൽ മാത്രം റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടുകളുടെ മൂല്യം 225.7 ബില്യൺ ദിർഹമായി ഉയർന്നു.
ഈ കാലയളവിൽ ചതുരശ്ര അടിക്ക് ശരാശരി വില 1,900 ദിർഹം ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 1,800 ദിർഹം ആയിരുന്നു. അതായത്, ഒരു വർഷത്തിനിടെ ഏകദേശം 6 ശതമാനം വിലവർധന രേഖപ്പെടുത്തി.
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പ്രാദേശിക സംഘർഷങ്ങൾ വാങ്ങുന്നവരുടെ ആത്മവിശ്വാസത്തെ ചെറിയ തോതിൽ ബാധിച്ചെങ്കിലും വിപണി വേഗത്തിൽ പഴയ നിലയിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആദ്യ ആറുമാസത്തെ പ്രോപ്പർട്ടി ഇടപാടുകളിൽ 70 മുതൽ 77 ശതമാനം വരെ ഓഫ്-പ്ലാൻ പദ്ധതികളിലായിരുന്നു. ഇത് നിക്ഷേപകരുടെ വിശ്വാസം ഇപ്പോഴും ശക്തമാണെന്ന് സൂചിപ്പിക്കുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു.
2025-ൽ ദുബായിലെ ജനസംഖ്യ ദിനംപ്രതി ശരാശരി 470 പേർ വീതം വർധിച്ചതോടെ ആകെ ജനസംഖ്യ 4.03 ദശലക്ഷമായി ഉയർന്നു. ഇതും ഭവന ആവശ്യകത വർധിക്കാൻ കാരണമായി.
അതേ വർഷം 1.29 ലക്ഷത്തിലധികം പുതിയ നിക്ഷേപകർ ദുബായ് പ്രോപ്പർട്ടി വിപണിയിലേക്ക് എത്തി. ഇവരിൽ ഭൂരിഭാഗവും സ്വന്തം താമസത്തിനും വാടക വരുമാനത്തിനുമായി വീടുകൾ വാങ്ങിയവരാണ്. ഗോൾഡൻ വിസ നേടാനായും നിരവധി പേർ നിക്ഷേപം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
2026-ന്റെ രണ്ടാം പകുതിയിലും ജനസംഖ്യാ വർധന, വിദേശ നിക്ഷേപം, സർക്കാർ പദ്ധതികൾ എന്നിവയുടെ പിന്തുണയോടെ ദുബായിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില 4 മുതൽ 7 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും അനറോക്ക് റിപ്പോർട്ട് പ്രവചിക്കുന്നു. എന്നിരുന്നാലും, മേഖലയിലെ പുതിയ സംഘർഷങ്ങൾ വിപണിക്ക് വെല്ലുവിളിയാകാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
വിമാനം റദ്ദാക്കിയാൽ പണം തിരികെ കിട്ടുമോ? കേന്ദ്ര സർക്കാരിന്റെ നിർണായക അറിയിപ്പ്
UAE Greeshma Staff Editor — July 19, 2026 · 0 Comment

Flight Cancellation Passenger Rights India : ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാകുകയോ തടസ്സപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം യാത്രാ ഉപദേശം പുറത്തിറക്കി.വിമാനം റദ്ദാക്കുന്ന വിവരം യാത്രക്കാർക്ക് കഴിയുന്നത്ര നേരത്തെ അറിയിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സാധാരണയായി, യാത്രയ്ക്ക് കുറഞ്ഞത് രണ്ട് ആഴ്ച മുമ്പെങ്കിലും റദ്ദാക്കൽ വിവരം നൽകണം.
യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിലാണ് റദ്ദാക്കൽ അറിയിക്കുന്നതെങ്കിൽ, യാത്രക്കാർക്ക് താഴെ പറയുന്ന ആനുകൂല്യങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം:
- ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുക.
- അധിക ചെലവില്ലാതെ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം.
- നിയമപ്രകാരം ബാധകമാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കുക.
ഇതിന് പുറമെ, യാത്ര വൈകുകയോ റദ്ദാകുകയോ ചെയ്താൽ ആവശ്യമായ സാഹചര്യങ്ങളിൽ ഭക്ഷണം, ലഘുഭക്ഷണം, ഹോട്ടൽ താമസം തുടങ്ങിയ സഹായങ്ങളും വിമാനക്കമ്പനികൾ നൽകേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.യാത്രക്കാർ വിമാനക്കമ്പനികളുടെ അറിയിപ്പുകൾ പതിവായി പരിശോധിക്കണമെന്നും, തങ്ങളുടെ അവകാശങ്ങൾ മനസ്സിലാക്കണമെന്നും, സേവന തടസ്സങ്ങൾ നേരിടുമ്പോൾ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട എയർലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു.
: ‘Account Temporarily Unavailable’ ; വെറുതെ നോക്കി തലപുകയ്ക്കണ്ട, യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ സേവനങ്ങൾ തടസപ്പെട്ടു
UAE Greeshma Staff Editor — July 19, 2026 · 0 Comment

Instagram Outage : ദുബായ്: ജൂലൈ 19 ഞായറാഴ്ച യുഎഇ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ സേവനങ്ങളിൽ തടസം നേരിട്ടതായി ആയിരക്കണക്കിന് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.
ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ തുറക്കാനും, ഫീഡുകൾ ലോഡ് ചെയ്യാനും, പോസ്റ്റുകളും സ്റ്റോറികളും പങ്കുവെക്കാനും ബുദ്ധിമുട്ട് നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. ചിലർക്ക് “Account temporarily unavailable” എന്ന സന്ദേശവും ലഭിച്ചതായി അറിയിച്ചു.
ഔട്ടേജ് നിരീക്ഷിക്കുന്ന Downdetector വെബ്സൈറ്റിലും പരാതികൾ കുത്തനെ ഉയർന്നു. യുഎഇയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പരാതികൾ ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത്. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ റിപ്പോർട്ട് ചെയ്ത പ്രധാന പ്രശ്നങ്ങൾ:
- ഇൻസ്റ്റാഗ്രാം ആപ്പ് പ്രവർത്തിക്കാത്തത് – 51%
- ഫീഡുകളും ടൈംലൈനും ലോഡ് ചെയ്യാത്തത് – 24%
- പോസ്റ്റുകളും സ്റ്റോറികളും പ്രസിദ്ധീകരിക്കാൻ കഴിയാത്തത് – 18%
ഇൻസ്റ്റാഗ്രാമിന് പുറമെ ഫേസ്ബുക്കിലും മെസഞ്ചറിലും സമാന പ്രശ്നങ്ങൾ ഉണ്ടായതായി ഉപയോക്താക്കൾ അറിയിച്ചു. യുഎസ്, യുകെ, ബ്രസീൽ, ജർമ്മനി, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് വ്യാപകമായ പരാതികൾ ലഭിച്ചത്.
സേവന തടസ്സത്തിന് പിന്നിലെ കാരണം സംബന്ധിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ, പ്രശ്നം നേരിടുന്നവർ ആപ്പ് റീസ്റ്റാർട്ട് ചെയ്യുക, അപ്‌ഡേറ്റുകൾ പരിശോധിക്കുക, കുറച്ച് സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുക തുടങ്ങിയ സാധാരണ നടപടികൾ സ്വീകരിക്കാമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
യുദ്ധത്തിന്റെ ആഘാതം: യുഎയിൽ വൻ തൊഴിൽ നഷ്ടമെന്ന് റിപ്പോർട്ട്
UAE Drisya Staff Editor — July 19, 2026 · 0 Comment

UAE Faces Significant Job Losses, Report Says ദുബൈ: അമേരിക്ക-ഇസ്രായേൽ–ഇറാൻ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതം യുഎഇയിലും ശക്തമാകുന്നതിനിടെ ദുബൈയിൽ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയോ ശമ്പളക്കുറവ് നേരിടുകയോ ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ടൂറിസം, വ്യോമയാനം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, കാറ്ററിങ് തുടങ്ങിയ മേഖലകളിലാണ് മാന്ദ്യം കൂടുതൽ പ്രകടമായിരിക്കുന്നതെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഫൈവ് സ്റ്റാർ ഹോട്ടലിൽ ഹൗസ് കീപ്പറായി ജോലി ചെയ്തിരുന്നഇന്ത്യൻ പ്രവാസിയായ വെങ്കട്ടിനും ജോലി നഷ്ടമായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. യുഎഇയിൽ നിന്നുള്ള വരുമാനമാണ് മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഉൾപ്പെടെ കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദുബൈയിലെ ഒരു കാറ്ററിങ് സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മറ്റൊരു ഇന്ത്യൻ പ്രവാസി മുജീബ് റഹ്മാന് ജോലി നഷ്ടമായതായി റിപ്പോർട്ടിൽ പറയുന്നു. സ്ഥാപനത്തിന്റെ വരുമാനം കുത്തനെ കുറഞ്ഞതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. പുതിയ ജോലി കണ്ടെത്താനും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പല കമ്പനികളും പുതിയ നിയമനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
GPS disruptions in UAE; ട്രോളോ ട്രോൾ!!! തെക്കു പറഞ്ഞാൽ വടക്കോട്ട് വടക്ക് പറഞ്ഞ തെക്കോട്ട്!!ലൊക്കേഷൻ ഒന്ന്… എത്തിയത് മറ്റൊന്ന്; യുഎഇയിൽ ഗൂഗിൾ മാപ്പിന് ട്രോളുകളുടെ പെരുമഴ
UAE Nazia Staff Editor — July 19, 2026 · 0 Comment

GPS disruptions in UAE അബുദാബി: യുഎഇയിലുടനീളമുള്ള വാഹന ഡ്രൈവർമാരും താമസക്കാരും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഗൂഗിൾ മാപ്‌സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ വലിയ രീതിയിലുള്ള പിഴവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തങ്ങൾ നിൽക്കുന്ന യഥാർത്ഥ സ്ഥലത്തിന് പകരം വളരെ അകലെയുള്ള മറ്റ് സ്ഥലങ്ങളാണ് മാപ്പിൽ കാണിക്കുന്നതെന്നാണ് ഉപയോക്താക്കളുടെ പരാതി. ഇതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തമാശകളും ട്രോളുകളും നിറയുമ്പോൾ, ഉപഗ്രഹ സിഗ്നലുകളെ ബാധിക്കുന്ന സാങ്കേതിക കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലാബിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വിഭാഗം മേധാവി മുഹമ്മദ് ഹനീഫ് ഇത് സംബന്ധിച്ച കാരണങ്ങൾ വിശദീകരിക്കുന്നു. പ്രാദേശികമായി എന്തെങ്കിലും തരത്തിലുള്ള സംഘർഷങ്ങളോ അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ, തന്ത്രപ്രധാനമായ സ്ഥലങ്ങളെ സംരക്ഷിക്കാൻ അധികൃതർ ചില സുരക്ഷാ നടപടികൾ സ്വീകരിക്കാറുണ്ട്. ഇത് നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുന്ന ജിപിഎസ് സിഗ്നലുകളെ ബാധിക്കുകയും താൽക്കാലിക ലൊക്കേഷൻ പിഴവുകൾക്കോ തെറ്റായ റൂട്ടുകൾക്കോ കാരണമാവുകയും ചെയ്യാം. സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന ചില സാങ്കേതിക വിദ്യകൾ മൊബൈൽ ഉപകരണങ്ങളിലേക്ക് സിഗ്നൽ എത്തുന്നതിനെ ബാധിക്കാറുണ്ട്. ജിപിഎസ് സിഗ്നലുകൾ തടയുന്ന പ്രക്രിയയാണ് ‘ജിപിഎസ് ജാമിങ്’. തെറ്റായ സിഗ്നലുകൾ ഉപകരണങ്ങളിലേക്ക് അയക്കുന്നതാണ് ‘ജിപിഎസ് സ്പൂഫിങ്’. സിവിലിയൻ നാവിഗേഷൻ ആപ്പുകൾ ഈ ഉപഗ്രഹ സിഗ്നലുകളെ തന്നെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ ഇത്തരം നടപടികൾ തെറ്റായ ലൊക്കേഷൻ കാണിക്കാൻ ഇടയാക്കും. ഉപഗ്രഹ സിഗ്നലുകളിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും ഫോണുകളിൽ തെറ്റായ ലൊക്കേഷൻ കാണിക്കാൻ കാരണമാകുമെന്നും, എന്നാൽ സിഗ്നൽ സാധാരണ നിലയിലാകുന്നതോടെ ആപ്പുകൾ സ്വയം ഇത് തിരുത്തുമെന്നും ഹനീഫ് കൂട്ടിച്ചേർത്തു. ഇത് സൈബർ ആക്രമണമല്ലെന്നും ആപ്പുകൾ ഇപ്പോഴും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാപ്പിലെ ഈ കുഴപ്പങ്ങൾ യുഎഇയിലെ ജനങ്ങൾക്കിടയിൽ വലിയ തമാശകൾക്കാണ് വഴിതുറന്നത്. ഡ്രൈവർമാർ തങ്ങളുടെ സ്ക്രീനിലെ വിചിത്രമായ റൂട്ടുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.സംഗം എന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, പുതുതായി ഡ്രൈവിംഗ് ലൈസൻസ് കിട്ടിയവർ ജിപിഎസി നെ മാത്രം വിശ്വസിച്ച് റോഡിലിറങ്ങരുതെന്ന് തമാശയായി ഉപദേശിക്കുന്നു. വഴികൾ കൃത്യമായി അറിയില്ലെങ്കിൽ മാപ്പ് നോക്കി വണ്ടി ഓടിക്കുന്നവർ ഒടുവിൽ അയൽരാജ്യത്ത് എങ്ങാനും ചെന്നെത്തുമെന്നാണ് അദ്ദേഹം ചിരിയോടെ പറയുന്നത്. ഷെയ്ഖ് സായിദ് റോഡിലൂടെ യാത്ര ചെയ്ത മറ്റൊരു ഡ്രൈവർ പങ്കുവെച്ച വീഡിയോയും വൈറലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ തൊട്ടുമുന്നിൽ കാണാമെങ്കിലും, നാവിഗേഷൻ ആപ്പിൽ താൻ ഇപ്പോൾ അറേബ്യൻ കടലിന് നടുവിലൂടെയാണ് വണ്ടി ഓടിക്കുന്നത് എന്നാണ് കാണിക്കുന്നതെന്ന് അദ്ദേഹം തമാശയായി പറയുന്നു.
യുഎഇയിൽ എമിറേറ്റ്‌സ് ഐഡി പുതുക്കുന്നവർ ശ്രദ്ധിക്കുക; ICPയുടെ നിർണായക അറിയിപ്പ്
UAE Nazia Staff Editor — July 19, 2026 · 0 Comment

ദുബൈ: യുഎഇ താമസക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐഡി പുതുക്കാനുള്ള അപേക്ഷകൾ നിരസിക്കപ്പെടുകയോ വൈകുകയോ ചെയ്യുന്നത് പലരിലും ആശങ്കയുണ്ടാക്കാറുണ്ട്. എന്നാൽ, ഭൂരിഭാഗം അപേക്ഷകളും നിരസിക്കപ്പെടുന്നത് അപേക്ഷകർ വരുത്തുന്ന ചെറിയ പിശകുകൾ മൂലമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വ്യക്തമാക്കുന്നു.
രേഖകളിലെ തെറ്റുകൾ, അനുയോജ്യമല്ലാത്ത ഫോട്ടോകൾ തുടങ്ങിയവയാണ് ഇതിന് പ്രധാന കാരണം. എമിറേറ്റ്‌സ് ഐഡി പുതുക്കൽ അപേക്ഷ നിരസിക്കപ്പെടാനുള്ള 8 പൊതുവായ കാരണങ്ങളും അവ എങ്ങനെ പരിഹരിക്കാമെന്നും താഴെ വിവരിക്കുന്നു.
1. മാനദണ്ഡങ്ങൾ പാലിക്കാത്ത ഫോട്ടോ
നിങ്ങൾ സമർപ്പിക്കുന്ന ഫോട്ടോ ഐസിപിയുടെ കർശനമായ നിബന്ധനകൾക്ക് വിധേയമല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. മങ്ങിയ ചിത്രങ്ങൾ, തെറ്റായ പശ്ചാത്തലം, മുഖത്തെ നിഴലുകൾ എന്നിവ ഒഴിവാക്കണം.
ഫോട്ടോയ്ക്ക് ആറ് മാസത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്. വെളുത്ത പശ്ചാത്തലമായിരിക്കണം. 35mm വീതിയും 45mm ഉയരവും ഉണ്ടായിരിക്കണം. കണ്ണടകൾ മുഖം മറയ്ക്കാൻ പാടില്ല.
നിർദ്ദിഷ്ട അളവിലുള്ള പുതിയ ഫോട്ടോയുമായി നേരിട്ട് ഒരു ഐസിപി കസ്റ്റമർ ഹാപ്പിനസ് സെന്റർ (ICP Customer Happiness Centre) സന്ദർശിക്കുക. ഫോട്ടോ മാറ്റുന്നതിനുള്ള ഓൺലൈൻ സംവിധാനമില്ല. ഇതിനായി 150 ദിർഹം ഫീസ് അടച്ച് ബയോമെട്രിക്സ് സ്ഥിരീകരിക്കേണ്ടതുണ്ട്.
2. പാസ്‌പോർട്ടിലെ പേരുമായുള്ള പൊരുത്തക്കേട്
നിങ്ങളുടെ പാസ്‌പോർട്ടിലെ പേരും അപേക്ഷാ ഫോമിൽ നൽകിയ പേരും തമ്മിൽ ചെറിയ അക്ഷരവിന്യാസ വ്യത്യാസം ഉണ്ടായാലും അപേക്ഷ തള്ളപ്പെടും.
പരിഹാരം: അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പാസ്‌പോർട്ടിന്റെ ബയോഡാറ്റ പേജ് നോക്കി പേര് കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
3. താമസ വിസ പുതുക്കാതിരിക്കൽ
എമിറേറ്റ്‌സ് ഐഡി നിങ്ങളുടെ താമസ വിസയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒന്നാണ്. അതിനാൽ വിസ പുതുക്കൽ പ്രക്രിയ പൂർത്തിയാകാതെ ഐഡി കാർഡ് പുതുക്കാനാകില്ല.
പരിഹാരം: വിസ കാലാവധി തീരുന്നതിന് 30 ദിവസം മുൻപ് തന്നെ വിസ പുതുക്കൽ നടപടികൾ ആരംഭിക്കുക. ഐസിപി വെബ്‌സൈറ്റ് വഴി വിസയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.
4. ബയോമെട്രിക് അപ്പോയിന്റ്മെന്റ് നഷ്ടപ്പെടുത്തൽ
ചില സാഹചര്യങ്ങളിൽ (പാസ്‌പോർട്ട് മാറുകയോ സ്പോൺസർ മാറുകയോ ചെയ്യുമ്പോൾ) വിരലടയാളം വീണ്ടും നൽകാൻ ഐസിപി ആവശ്യപ്പെടാറുണ്ട്. ഈ അപ്പോയിന്റ്മെന്റ് നഷ്ടപ്പെടുന്നത് അപേക്ഷ റദ്ദാകാൻ കാരണമാകും.
പരിഹാരം: smartservices.icp.gov.ae വഴി ലോഗിൻ ചെയ്ത് ‘Public Services’ -> ‘Additional Services’ വഴി നിങ്ങളുടെ അപേക്ഷാ നമ്പർ (PRAN) നൽകി പുതിയ തീയതിയിലേക്ക് അപ്പോയിന്റ്മെന്റ് പുനഃക്രമീകരിക്കാം.
5. തെറ്റായ അല്ലെങ്കിൽ കാലാവധി കഴിഞ്ഞ പാസ്‌പോർട്ട് വിവരങ്ങൾ
എമിറേറ്റ്‌സ് ഐഡി പുതുക്കുമ്പോൾ പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ സാധുതയെങ്കിലും ഉണ്ടായിരിക്കണം. തെറ്റായ പാസ്‌പോർട്ട് നമ്പറോ കാലഹരണപ്പെട്ട കോപ്പിയോ നൽകിയാൽ അപേക്ഷ മുടങ്ങും.
പരിഹാരം: പാസ്‌പോർട്ട് കാലാവധി കഴിയാറായെങ്കിൽ ആദ്യം അത് പുതുക്കുക. ഡിജിറ്റൽ കോപ്പി അപ്‌ലോഡ് ചെയ്യുമ്പോൾ വിവരങ്ങൾ വ്യക്തമാണെന്ന് ഉറപ്പാക്കുക.
6. അപൂർണ്ണമായ വിവരങ്ങൾ സമർപ്പിക്കുക
അപേക്ഷാ ഫോമിലെ നിർബന്ധിത ഫീൽഡുകൾ (ഫോൺ നമ്പർ, ഇമെയിൽ, വിലാസം, സ്പോൺസർ വിവരങ്ങൾ) ശൂന്യമായി ഇടുന്നത് അപേക്ഷ നിരസിക്കാൻ കാരണമാകും.
പരിഹാരം: അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് എല്ലാ കോളങ്ങളും കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഒന്നുകൂടി അവലോകനം ചെയ്യുക.
7. പരിഷ്‌കരണ അഭ്യർത്ഥനകളോട് പ്രതികരിക്കാതിരിക്കുക
ചിലപ്പോൾ അപേക്ഷ പൂർണ്ണമായി നിരസിക്കാതെ, തെറ്റുകൾ തിരുത്താനായി ഐസിപി അപേക്ഷ തിരികെ അയക്കും. നിശ്ചിത സമയത്തിനകം ഇതിന് മറുപടി നൽകിയില്ലെങ്കിൽ അപേക്ഷ റദ്ദാകും.
പരിഹാരം: അപേക്ഷയുടെ സ്റ്റാറ്റസ് ഇടയ്ക്കിടെ പരിശോധിക്കുക. ‘മാറ്റത്തിനായി മടക്കിനൽകി’ എന്ന് കണ്ടാൽ ലിങ്ക് വഴിയോ കസ്റ്റമർ സെന്റർ വഴിയോ ഉടൻ തെറ്റുകൾ തിരുത്തി വീണ്ടും സമർപ്പിക്കുക.
8. തെറ്റായ കോൺടാക്റ്റ് വിവരങ്ങൾ നൽകുക
അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറോ ഇമെയിലോ തെറ്റാണെങ്കിൽ ഐസിപിക്ക് നിങ്ങളെ ബന്ധപ്പെടാൻ സാധിക്കാതെ വരികയും അപേക്ഷകൾ അനക്കമില്ലാതെ കിടക്കുകയും ചെയ്യും.
പരിഹാരം: ഐസിപി സ്മാർട്ട് സർവീസസ് പോർട്ടലിൽ കയറി ‘Change Personal Information’ വഴി നിങ്ങളുടെ ശരിയായ മൊബൈൽ നമ്പറും ഇമെയിലും നൽകി ഒടിപി (OTP) വഴി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.
അപേക്ഷയുടെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?
നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടുകയാണെങ്കിൽ ഐസിപിയിൽ നിന്നും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. ഇതുകൂടാതെ UAEICP ആപ്പ് വഴിയോ ഐസിപി വെബ്‌സൈറ്റ് വഴിയോ അപേക്ഷാ നമ്പർ നൽകി നിങ്ങൾക്ക് നേരിട്ടും സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.