നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം; ബാഗേജ് പരിശോധന ഇനി വെറും 7 സെക്കൻഡിൽ!എങ്ങനെയെന്നല്ലേ? അറിയാം

AIRPORT

ദുബായ്∙ ജൂലൈ ആദ്യ പകുതിയിൽ ദുബായ് വിമാനത്താവളങ്ങൾ വഴി 30 ലക്ഷത്തോളം യാത്രക്കാർ കടന്നുപോകുമെന്നു പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിൽ വേനൽക്കാല യാത്രാത്തിരക്ക് സുഗമമാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ദുബായ് കസ്റ്റംസ്.

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വേഗത്തിലും സുരക്ഷിതമായും യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതിയാണ് അധികൃതർ തയാറാക്കിയിരിക്കുന്നത്. ദുബായ് സാമ്പത്തിക അജണ്ട (ഡി33) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ദുബായിയെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര-വ്യാവസായിക കേന്ദ്രമായി നിലനിർത്തുന്നതിനുമുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ കാഴ്ചപ്പാടുകൾക്ക് കരുത്തുപകരുന്നതാണ് ഈ ഒരുക്കങ്ങൾ. യാത്രാത്തിരക്ക് മുൻകൂട്ടി കണ്ട് ദുബായ് എയർപോർട്സിലെ തന്ത്രപ്രധാന പങ്കാളികളുമായി ദുബായ് കസ്റ്റംസ് ഏകോപന യോഗങ്ങൾ പൂർത്തിയാക്കിയിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ
യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ പൂർണ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ പരിശോധനാ വിഭാഗത്തിൽ വെറും 7 സെക്കൻഡിനുള്ളിൽ ബാഗേജ് സ്ക്രീനിങ് പൂർത്തിയാക്കാൻ സാധിക്കും. സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് ഈ വേഗമെന്ന് പാസഞ്ചർ ഓപറേഷൻസ് ഡിപാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. വിവിധ ടെർമിനലുകളിലായി 19 അത്യാധുനിക ബാഗേജ് സ്ക്രീനിങ് സംവിധാനങ്ങളും 77 ഡിറ്റക്ഷൻ ആൻഡ് ഇൻസ്പെക്ഷൻ സംവിധാനങ്ങളുമാണ് ദുബായ് കസ്റ്റംസ് ഒരുക്കിയിട്ടുള്ളത്.

ഇതോടൊപ്പം ടെർമിനൽ 1, 2, 3 എന്നിവിടങ്ങളിൽ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി പ്രത്യേക പരിശോധനാ മുറികളും സജ്ജമാക്കുന്നുണ്ട്. കസ്റ്റംസ് സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം കാര്യക്ഷമവും വേഗത്തിലുള്ളതുമായ വെറ്ററിനറി പരിശോധനകൾ നടത്താൻ ഇത് സഹായിക്കും. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് മികച്ച സേവനം നൽകുന്നതിനായി രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ മുറികൾ തയാറാക്കുന്നത്.

സമ്മാനങ്ങൾക്ക് നികുതി ഇളവ്
യുഎഇയിലേക്ക് കൊണ്ടുവരാൻ അനുമതിയുള്ള സാധനങ്ങളെക്കുറിച്ചും കസ്റ്റംസ് ഇളവുകളെക്കുറിച്ചും വ്യക്തമാക്കുന്ന ‘ട്രാവലർ ഗൈഡ്’ യാത്രക്കാർ മുൻകൂട്ടി പരിശോധിക്കണമെന്ന് ദുബായ് കസ്റ്റംസ് ഓർമിപ്പിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്നതും വാണിജ്യപരമായ ലക്ഷ്യങ്ങളില്ലാത്തതുമായ 3,000 ദിർഹം വരെയുള്ള സമ്മാനങ്ങൾക്ക് കസ്റ്റംസ് നിയമങ്ങൾക്ക് വിധേയമായി നികുതി ഇളവ് ലഭിക്കും.

എന്നാൽ നിശ്ചിത പരിധിയിൽ കൂടുതൽ മൂല്യമോ അളവോ ഉള്ള സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ബാധകമായിരിക്കും. തിരക്കേറിയ വേനൽക്കാലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തന്നെ യാത്രക്കാർക്ക് മികച്ച സേവനവും സുഗമമായ യാത്രാനുഭവവും ഉറപ്പാക്കാനാണ് ഈ നടപടികളിലൂടെ ദുബായ് കസ്റ്റംസ് ലക്ഷ്യമിടുന്നത്.

പ്രവാസികൾക്ക് ജാഗ്രത നിർദേശം;യുഎഇയിൽ വില്ലനായി എൽ നിനോ പ്രതിഭാസം; ഈ കാലാവസ്ഥ നിർബന്ധമായും നിങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ

UAE July 12, 2026

ദുബായ്: യുഎഇയിൽ വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം എൽ നിനോ പ്രതിഭാസം ഉണ്ടാകുമെന്നും ഈ വർഷം ഡിസംബർ വരെ ഈ പ്രതിഭാസം 99 ശതമാനം തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

വരും മാസങ്ങളിൽ യുഎഇയിൽ സാധാരണയേക്കാൾ കടുത്ത ചൂടും അന്തരീക്ഷ ഈർപ്പവും ഉയരാൻ എൽ നിനോ കാരണമാകും. ഈ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ എല്ലാവരും യുഎഇയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഉച്ച വിശ്രമ നിയമം പാലിക്കാനും നിർദേശമുണ്ട്.

അതേസമയം എൽ നിനോ എന്നത് പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാൾ കൂടുതൽ ചൂടാകുന്ന പ്രതിഭാസമാണ്. ഇത് ആഗോളതലത്തിലെ കാറ്റിന്റെ ഗതിയെയും താപനിലയെയും സാരമായി തന്നെ ബാധിക്കും. യുഎഇ ഉൾപ്പെടുന്ന അറേബ്യൻ ഉപദ്വീപിൽ ഇത് എത്തുമ്പോൾ വേനൽക്കാലത്തിന്റെ തീവ്രത ക്രമാതീതമായി വർധിക്കും.

ഡിസംബർ വരെയുള്ള മാസങ്ങളിൽ സാധാരണ ലഭിക്കാറുള്ള തണുപ്പ് കുറയാനും, പകൽ സമയങ്ങളിൽ കടുത്ത ഉഷ്ണ തരംഗങ്ങൾ ഉണ്ടാകാനും ഈ പ്രതിഭാസം കാരണമാകുകയും ചെയ്യാറുണ്ട്. കാലാവസ്ഥാ കേന്ദ്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് എൽനിനോ ഉണ്ടാകാനുള്ള സാധ്യത 99 ശതമാനം എന്ന പ്രവചിക്കപ്പെട്ടിട്ടുണ്ട്.

അതിനാൽ വരും മാസങ്ങളിൽ എയർ കണ്ടീഷണറുകളുടെ ഉപയോഗം കൂടാനും അതുവഴി വൈദ്യുതി ഉപഭോഗം വർധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു. ചൂട് ഉയരുന്നതിനാൽ എല്ലാവരും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പകൽ സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കൂടാതെ കടുത്ത ചൂട് കാരണം നിർജ്ജലീകരണം, സൂര്യാഘാതം , തലകറക്കം, ക്ഷീണം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം. യുഎഇയിൽ താപനില ഉയരുകയാണ്. അതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അറിയിപ്പ് ഉണ്ട്.

യുഎഇയിൽ സാധാരണയായി സെപ്റ്റംബർ ഒക്ടോബർ മാസങ്ങളോടെ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ എൽ നിനോ ശക്തിപ്രാപിക്കുന്നതോടെ ഇത്തവണ ഒക്ടോബറിലും നവംബറിലും പകൽ സമയങ്ങളിലും ചൂട് കൂടുതലായിരിക്കും. ഡിസംബറിൽ ലഭിക്കുന്ന തണുപ്പു കാലാവസ്ഥ പോലും വൈകിയേ ഇത്തവണ എത്തുകയുള്ളൂ.

നിലവിലെ ഈ കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം പ്രവാസികളുടെയും സ്വദേശികളുടെയും സുരക്ഷയ്ക്കായി യുഎഇ കൃത്യമായ മാർഗനിർദേശങ്ങൾ വരും ദിവസങ്ങളിൽ പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. കടുത്ത കാലാവസ്ഥയെ നേരിടാൻ പ്രവാസികൾ മാനസികമായും ശാരീരികമായും തയ്യാറെടുക്കുക എന്നതാണ് നിലവിൽ ചെയ്യാനുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *