
ദുബൈ: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരും (എൻആർഐ) വിനോദസഞ്ചാരികളും സ്വർണം വാങ്ങുമ്പോൾ നാണയങ്ങൾക്ക് പകരം ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ലാഭകരമെന്ന് ദുബൈയിലെ മുൻനിര ജ്വല്ലറി പ്രമുഖർ. നാണയങ്ങൾ പിന്നീട് ആഭരണങ്ങളാക്കി മാറ്റുമ്പോൾ ഉണ്ടാകുന്ന അധിക പണിക്കൂലിയും, നാണയങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളുമാണ് ഇതിന് കാരണം.
ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നതിലൂടെ 12 മുതൽ 15 ശതമാനം വരെ ലാഭിക്കാൻ പ്രവാസികൾക്ക് സാധിക്കും. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവയിലെ വ്യത്യാസമാണ് ഈ വലിയ വിലക്കുറവിന് പ്രധാന കാരണം. കൂടാതെ വിനോദസഞ്ചാരികൾക്ക് സ്വർണം വാങ്ങുമ്പോൾ വാറ്റ് (VAT) റീഫണ്ട് ക്ലെയിം ചെയ്യാനും സാധിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
എന്തുകൊണ്ട് നാണയങ്ങൾക്ക് പകരം ആഭരണങ്ങൾ?
കാൻസ് ജുവൽസ് മാനേജിംഗ് ഡയറക്ടർ അനിൽ ധനക്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് എന്നിവർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങൾ ഇവയാണ്:
യാത്രാ നിയന്ത്രണങ്ങൾ: സ്വർണ്ണ നാണയങ്ങളോ ബാറുകളോ കൊണ്ടുപോകുന്നതിൽ വിനോദസഞ്ചാരികൾക്ക് നിയമപരമായ നിയന്ത്രണങ്ങളോ പ്രായോഗിക ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നേക്കാം.
അധിക ചെലവ് ഒഴിവാക്കാം: നിക്ഷേപമെന്ന നിലയിൽ നാണയങ്ങൾ വാങ്ങി പിന്നീട് അത് ആഭരണങ്ങളാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും വലിയ തുക പണിക്കൂലി നൽകേണ്ടി വരും.
സാംസ്കാരിക പ്രാധാന്യം: വ്യക്തിപരമായ ഉപയോഗം, സമ്മാനങ്ങൾ, വിവാഹം തുടങ്ങിയ കുടുംബ ആഘോഷങ്ങൾ എന്നിവയ്ക്കായി ആളുകൾ എപ്പോഴും ആഭരണങ്ങളാണ് ഇഷ്ടപ്പെടുന്നത്.
യുഎഇ അധികാരികൾ സ്വർണ്ണത്തിന്റെ പരിശുദ്ധിയും ഗുണനിലവാരവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് 100% വിശ്വസ്തതയോടെ ഇവിടെ നിന്ന് സ്വർണം വാങ്ങാമെന്നും ജ്വല്ലറി പ്രതിനിധികൾ കൂട്ടിച്ചേർത്തു.
ഡ്യൂട്ടി ഫ്രീ പരിധികൾ അറിഞ്ഞിരിക്കണം
ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് രാജ്യം പുതുക്കിയ കസ്റ്റംസ് അലവൻസുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് ജ്വല്ലറികൾ മുന്നറിയിപ്പ് നൽകുന്നു. കേന്ദ്ര ബജറ്റിലെ പരിഷ്കരണ പ്രകാരം നിലവിൽ അനുവദിച്ചിട്ടുള്ള ഡ്യൂട്ടി ഫ്രീ സ്വർണ്ണ പരിധി താഴെ പറയുന്ന പ്രകാരമാണ്.
സ്ത്രീകൾക്ക്: 40 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുപോകാം.
പുരുഷന്മാർക്ക്: 20 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോകാൻ അനുവാദമുണ്ട്.
ഈ ആനുകൂല്യങ്ങൾ കസ്റ്റംസ് നിയമങ്ങൾക്കും ബാധകമായ ചട്ടങ്ങൾക്കും വിധേയമായിരിക്കും.
യാത്രക്കാർ വിമാനത്താവളങ്ങളിൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിലവിലുള്ള ഡ്യൂട്ടി-ഫ്രീ അലവൻസുകളും ആവശ്യമായ രേഖകളും മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അനിൽ ധനക് അഭ്യർത്ഥിച്ചു.
അപരിചിത ലിങ്കുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത് ; ബാങ്ക് പണം കവരുന്ന പുതിയ ഹാക്കിംഗ് തന്ത്രങ്ങൾക്കെതിരെ പോലീസ് മുന്നറിയിപ്പ്
ബാങ്ക് അകൗണ്ടിൽ നിന്നും പണം കവരുന്ന പുതിയ ഹാക്കിംഗ് തന്ത്രങ്ങൾക്കെതിരെ ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
മുൻപത്തെപ്പോലെ എല്ലാവർക്കും ഒരേ രീതിയിലുള്ള വ്യാജ ലിങ്കുകളോ കെണികളോ അല്ല ഹാക്കർമാർ ഇപ്പോൾ ഉപയോഗിക്കുന്നത്. ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന കാര്യങ്ങളും അവരുടെ താല്പര്യങ്ങളും (Needs and interests) നിരീക്ഷിച്ചാണ് ഇപ്പോൾ ഹാക്കർമാർ കെണികൾ ഒരുക്കുന്നത്.
ബാങ്കിംഗ്, നിക്ഷേപങ്ങൾ (Investment), ഡെലിവറി സർവീസുകൾ, സെക്യൂരിറ്റി അപ്ഡേറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആളുകൾക്ക് വിശ്വാസം തോന്നുന്ന രീതിയിലാണ് വ്യാജ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നത്. തങ്ങൾക്ക് ആവശ്യമുള്ള ആപ്പാണെന്ന് കരുതി ആളുകൾ ഇത് ഡൗൺലോഡ് ചെയ്യുമ്പോൾ അവർ തട്ടിപ്പുകാരുടെ വലയിൽ വീഴുന്നുവെന്ന് ദുബായ് പോലീസിലെ ഇ-ക്രൈംസ് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.
ഈ വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം മുതൽ ഫോണിന്റെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലാകും. ഒട്ടും ഒച്ചപ്പാടില്ലാതെ സൈലന്റായിട്ടാണ് ഈ പ്രക്രിയ നടക്കുക. ഫോണിലെ ബാങ്കിംഗ് വിവരങ്ങളും പാസ്‌വേഡുകളും ചോർത്തുന്നതോടെ ഉപയോക്താവ് അറിയാതെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ കവരാൻ തട്ടിപ്പുകാർക്ക് സാധിക്കും.
സ്വയം രക്ഷയ്ക്കുള്ള പോലീസിന്റെ നിർദ്ദേശങ്ങൾ:
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗികവും അംഗീകൃതവുമായ സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
പാസ്‌വേഡുകൾ, ലോഗിൻ വിവരങ്ങൾ, ഒ.ടി.പി (OTP) കോഡുകൾ എന്നിവ ആരുമായും പങ്കുവെക്കരുത്.
ഫോണുകളിൽ വിശ്വസനീയമായ സെക്യൂരിറ്റി ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക.
ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണമിടപാടുകളുടെ അലർട്ടുകൾ (Banking alerts) എപ്പോഴും ആക്ടിവേറ്റ് ചെയ്തു വെക്കുക.
അപരിചിതമായ ഇടങ്ങളിൽ നിന്ന് വരുന്ന സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
പരാതിപ്പെടേണ്ടത് എങ്ങനെ: ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഒട്ടും സമയം കളയാതെ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ പോലീസിന്റെ ഔദ്യോഗിക eCrime പ്ലാറ്റ്‌ഫോം വഴിയോ അടിയന്തിരമായി വിവരം റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഇത്തരം തട്ടിപ്പുകൾക്കെതിരെയുള്ള ആദ്യ പ്രതിരോധമെന്നും പോലീസ് ഓർമ്മിപ്പിച്ചു