യുഎഇയിൽ ജൂലൈ മാസത്തെ പെട്രോൾ വില കൂടുമോ കുറയുമോ? അറിയാം

448701


ദുബൈ: നാല് മാസത്തെ തുടർച്ചയായ വിലവർദ്ധനവിന് ശേഷം യുഎഇയിലെ വാഹനുടമകൾക്ക് ആശ്വാസമായി ജൂലൈ മാസത്തെ ഇന്ധനവില കുറയാൻ സാധ്യത. ആഗോള വിപണിയിൽ എണ്ണവില ക്രൂഡ് ബാരലിന് 20 ഡോളറിലധികം ഇടിഞ്ഞതിനെത്തുടർന്ന് യുഎഇയിൽ ചില്ലറ ഇന്ധന വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് ശക്തമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 28-ന് മിഡിൽ ഈസ്റ്റിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് യുഎഇയിലെ പെട്രോൾ വിലയിൽ 60 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. യുഎസ്-ഇസ്റാഈൽ-ഇറാൻ സംഘർഷവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതുമാണ് വില കുതിച്ചുയരാൻ കാരണമായിരുന്നത്.

വിപണിയിലെ മാറ്റവും ജൂണിലെ നിലവിലെ നിരക്കും

കഴിഞ്ഞ ജൂൺ മാസത്തിൽ ഇന്ധനവിലയിൽ എട്ട് ശതമാനത്തോളം വർദ്ധനവാണ് വരുത്തിയിരുന്നത്. യുഎഇയിലെ നിലവിലെ ജൂൺ മാസത്തെ ഇന്ധന നിരക്കുകൾ താഴെ പറയുന്ന രീതിയിലാണ്:

  • സൂപ്പർ 98: ലിറ്ററിന് 3.95 ദിർഹം
  • സ്‌പെഷ്യൽ 95: ലിറ്ററിന് 3.83 ദിർഹം
  • ഇ-പ്ലസ് 91: ലിറ്ററിന് 3.76 ദിർഹം

എണ്ണവില കുത്തനെ ഇടിയാൻ കാരണം

മെയ് മാസത്തിൽ ബാരലിന് ശരാശരി 106 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ജൂണിൽ 71 ഡോളറിലേക്ക് താഴ്ന്നിരുന്നു. ബുധനാഴ്ച പ്രഖ്യാപിച്ച യുഎസ്-ഇറാൻ സമാധാന കരാറും ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതുമാണ് വിപണിയിൽ വലിയ മാറ്റമുണ്ടാക്കിയത്. ഇതോടെ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ വിതരണം ആഗോള ഊർജ്ജ വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തി.

“ലോകം കണ്ട ഏറ്റവും വലിയ എണ്ണ വിതരണ തടസ്സമാണ് മിഡിൽ ഈസ്റ്റ് പ്രതിസന്ധി മൂലം ഉണ്ടായത്. ഗൾഫ് തടസ്സം കാരണം പുറപ്പെടാൻ കഴിയാതിരുന്ന ടാങ്കറുകളിലെ ദശലക്ഷക്കണക്കിന് ബാരൽ എണ്ണയും മേഖലയ്ക്ക് പുറത്ത് കാത്തു കിടക്കുന്ന നൂറുകണക്കിന് കപ്പലുകളും വരും ദിവസങ്ങളിൽ വിപണിയിലേക്ക് എത്തുന്നതോടെ വിതരണത്തിൽ വൻ വർദ്ധനവുണ്ടാകും.” സാക്‌സോ ബാങ്കിലെ കമ്മോഡിറ്റി സ്ട്രാറ്റജി മേധാവിയായ ഒലെ ഹാൻസെൻ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *