
അബുദബി/ദുബൈ: യുഎഇയിലെ ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, വിസ, മറ്റ് കോൺസുലാർ സേവനങ്ങൾ നൽകുന്നതിനുള്ള ഔട്ട്സോഴ്സ് സേവന ദാതാക്കളെ മാറ്റുന്നു. നിലവിലുള്ള ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ (BLS), എസ്ജിഐവിഎസ് ഗ്ലോബൽ (IVS) എന്നിവയ്ക്ക് പകരമായി ജൂലൈ 1 മുതൽ ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽഎൽസി’ ഈ ചുമതലകൾ ഔദ്യോഗികമായി ഏറ്റെടുക്കും.
- ഇന്ത്യൻ എംബസി നടത്തിയ ടെൻഡർ പ്രക്രിയയിലൂടെയാണ് ഏറ്റവും കുറഞ്ഞ സാമ്പത്തിക ബിഡ് (ഇടപാടിന് 19 ദിർഹം) സമർപ്പിച്ച അൽഹിന്ദിനെ തിരഞ്ഞെടുത്തത്. കോടതി കേസുകളും പരാതികളും കണക്കിലെടുത്ത് നിലവിലെ ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണലിനെ ഭാവി ടെൻഡറുകളിൽ നിന്ന് രണ്ട് വർഷത്തേക്ക് വിദേശകാര്യ മന്ത്രാലയം വിലക്കിയിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ജൂൺ 26 മുതൽ 30 വരെ സേവനങ്ങൾ തടസ്സപ്പെടും; അടിയന്തര സഹായത്തിന് എന്തുചെയ്യണം?
ജൂൺ 25 വ്യാഴാഴ്ച ബിസിനസ്സ് സമയം അവസാനിച്ചതോടെ BLS, IVS കേന്ദ്രങ്ങൾ പുതിയ അപ്പോയിന്റ്മെന്റുകൾ സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ട്. ജൂൺ 26 മുതൽ ജൂൺ 30 വരെ അഞ്ച് ദിവസത്തേക്ക് സാധാരണ സേവനങ്ങൾ ലഭ്യമാകില്ല.
ഈ പരിവർത്തന കാലയളവിൽ അടിയന്തര പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ളവർക്ക് അബുദബിയിലെ ഇന്ത്യൻ എംബസി വഴിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വഴിയും നേരിട്ട് സഹായം ലഭിക്കും.
- ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA)
- വാട്ട്സ്ആപ്പ് നമ്പർ: +971 54 309 0571
ജൂലൈ 1 മുതൽ മാറുന്ന പ്രധാന കാര്യങ്ങൾ
1. എല്ലാം ഇനി ഒരു കുടക്കീഴിൽ
മുമ്പ് പാസ്പോർട്ടിനും അറ്റസ്റ്റേഷനും രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളെ സമീപിക്കണമായിരുന്നെങ്കിൽ, ഇനി മുതൽ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ (ICAC) എന്ന പേരിൽ അൽഹിന്ദ് ആരംഭിക്കുന്ന കേന്ദ്രങ്ങളിൽ എല്ലാ സേവനങ്ങളും ഒരുമിച്ച് ലഭിക്കും.
ഇവിടെ ലഭ്യമാകുന്ന സേവനങ്ങൾ: പാസ്പോർട്ട് പുതുക്കൽ, പുതിയ അപേക്ഷകൾ, വിസ, OCI കാർഡ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റുകൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ (Attestation).
2. പുതിയ വെബ്സൈറ്റും അപ്പോയിന്റ്മെന്റും
ജൂലൈ 1 മുതൽ പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ നിലവിൽ വരും. പഴയ ബിഎൽഎസ്, ഐവിഎസ് വെബ്സൈറ്റുകൾ ഇനി ഉപയോഗിക്കാൻ കഴിയില്ല. അപേക്ഷ സമർപ്പിച്ച് 5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അപ്പോയിന്റ്മെന്റ് സ്ലോട്ട് ലഭ്യമാക്കും. ഓരോ അപേക്ഷയും 30 മിനിറ്റിനുള്ളിൽ പ്രോസസ്സ് ചെയ്യണം.
3. ഫീസും കാലാവധിയും
ഓരോ ഇടപാടിനും 19 ദിർഹമാകും സർവീസ് ഫീസായി അൽഹിന്ദ് ഈടാക്കുക. പുതിയ കരാർ മൂന്ന് വർഷത്തേക്കാണ് ഒപ്പിട്ടിരിക്കുന്നത്.
പുതിയ 16 കേന്ദ്രങ്ങൾ എവിടെയൊക്കെയാണ്?
ഏഴ് എമിറേറ്റുകളിലുമായി ആകെ 16 കേന്ദ്രങ്ങളാണ് അൽഹിന്ദ് തുറക്കുന്നത്:
അബുദബി (6 കേന്ദ്രങ്ങൾ): അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അൽ ഐൻ.
ദുബൈ (2 കേന്ദ്രങ്ങൾ): ബർ ദുബൈ, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക് (DIP).
ഷാർജ (2 കേന്ദ്രങ്ങൾ): അൽ മജാസ്, റോള.
മറ്റ് ഇമാറാത്തുകൾ: അജ്മാൻ (അൽ ജുർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ (കോർണിഷ്), കൽബ, റാസൽഖൈമ.
കേന്ദ്രങ്ങളുടെ കൃത്യമായ വിലാസം ജൂലൈ 1-ന് മുമ്പ് പ്രഖ്യാപിക്കും.
യുഎഇയിലെ 4.3 ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിനായി പ്രതിദിനം ശരാശരി 1,760 ഇടപാടുകളാണ് നടക്കുന്നത്. ഈ വലിയ ആവശ്യം പരിഗണിച്ചാണ് അൽഹിന്ദ് 300-ലധികം പുതിയ ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുള്ളത്.
ഓഫറോ ഓഫർ!!! വിലക്കുറവിന്റെ മേള,, വെറും 10 ദിർഹത്തിന് ഇഷ്ടവിഭാഗങ്ങൾ രുചിയോടെ: ഇത് സർപ്രൈസ് സമ്മർ സർപ്രൈസ്
UAE June 26, 2026

ദുബായ്∙ വേനൽക്കാലത്ത് നഗരത്തെ ഉത്സവലഹരിയിലാക്കുന്ന ദുബായുടെ ഏറ്റവും വലിയ സമ്മർ ഫെസ്റ്റിവലായ ‘ദുബായ് സമ്മർ സർപ്രൈസസ്’ (ഡിഎസ്എസ് 2026) ജൂലൈ രണ്ട് മുതൽ ഓഗസ്റ്റ് 30 വരെ നടക്കും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) സംഘടിപ്പിക്കുന്ന ഈ മേളയുടെ 29-ാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മേക് ഇറ്റ് എ ദുബായ് സമ്മർ’ എന്ന പ്രമേയത്തിൽ 60 ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ വിപുലമായ ഷോപ്പിങ് ഓഫറുകൾ, കലാപരിപാടികൾ, തത്സമയ കൺസേർട്ടുകൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ, സ്റ്റേക്കേഷൻ പാക്കേജുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
സംഗീത പരിപാടികൾ, കോമഡി നാടകം ജൂലൈ രണ്ട് മുതൽ അഞ്ച് വരെയുള്ള ഉദ്ഘാടന വാരത്തിൽ നഗരത്തിലെ പ്രമുഖ മാളുകളിലെല്ലാം പ്രശസ്ത താരങ്ങളുടെ തത്സമയ സംഗീതപരിപാടികൾ അരങ്ങേറും. ദുബായ് ഹിൽസ് മാളിൽ യുഎഇ ഗായകരായ സൈഫ് അൽ അലി (ജൂലൈ 3), അർഖം അൽ അബ്രി (ജൂലൈ 4) എന്നിവരുടെ സൗജന്യ കൺസേർട്ടുകൾ ഉണ്ടായിരിക്കും. മിർദിഫ് സിറ്റി സെന്ററിൽ ഇറാഖി പോപ്പ് ഗായിക റഹ്മ റിയാദ്, നാസിഫ് സെയ്തൂൺ എന്നിവരും മാൾ ഓഫ് ദി എമിറേറ്റ്സിൽ മുഹമ്മദ് അൽ ബക്രിയും സംഗീതവിരുന്നൊരുക്കും. ജാഫ്സ വണ്ണിൽ കുട്ടികൾക്കായി സ്പേസ്ടൂൺ കൺസേർട്ടും ദുബായ് ഓപ്പറയിൽ കുവൈത്തി കോമഡി നാടകവും അരങ്ങേറും.
ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും പ്രിയപ്പെട്ട മാസ്കറ്റുകളായ മോദേഷും ദാനയും ഇത്തവണയും സർപ്രൈസ് സന്ദർശനങ്ങളുമായി നഗരത്തിലുടനീളമുണ്ടാകും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ജൂലൈ 3 മുതൽ ഓഗസ്റ്റ് 23 വരെ നടക്കുന്ന ‘മൊദേഷ് വേൾഡ്’ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യമാർന്ന വിനോദങ്ങൾ സമ്മാനിക്കും. ഇതിനൊപ്പം മൊദേഷ് സ്കോളർഷിപ്പ് പദ്ധതിയിലൂടെ 20,000 ദിർഹം മൂല്യമുള്ള 10 സ്കോളർഷിപ്പുകൾ നേടാനുള്ള അവസരവും വിദ്യാർത്ഥികൾക്കുണ്ട്.
പുതിയ ആകർഷണങ്ങളും വമ്പൻ സമ്മാനങ്ങളും ലക്ഷ്വറി പോപ്പ്-അപ്പുകളും ബ്രാൻഡ് പ്രിവ്യൂകളും ഉൾപ്പെടുന്ന ‘ഡിഎസ്എസ് ലക്സ് എഡിഷൻ’, ഓഗസ്റ്റ് 7-8 തീയതികളിൽ നടക്കുന്ന ‘ബാക്ക്-ടു-സ്കൂൾ കാർണിവൽ’, പെർഫോമിങ് ആർട്സ് ഫെസ്റ്റ് എന്നിവയാണ് ഈ വർഷത്തെ പുതിയ ആകർഷണങ്ങൾ. ഇതിൽ ഏറ്റവും ആകർഷകം ഷോപ്പർമാർക്കായി ഒരുക്കിയിരിക്കുന്ന ‘വിൻ യുവർ ഹോം ഇൻ ദുബായ്’ ക്യാംപെയിനാണ്. പ്രമുഖ ഡെവലപർമാരായ ബിൻഘാട്ടിയിൽ നിന്നുള്ള രണ്ട് ബെഡ്റൂം അപാർട്ട്മെന്റ് ഉൾപ്പെടെ 12 ഫ്ലാറ്റുകളാണ് ഭാഗ്യശാലികൾക്ക് സമ്മാനമായി ലഭിക്കുക.
90 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന ‘ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ’, സ്വർണം, ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾ എന്നിവയ്ക്കായുള്ള പ്രത്യേക ഫ്ലാഷ് സെയിൽ വീക്കെൻഡുകൾ എന്നിവ ഷോപ്പിങ് പ്രേമികളെ ആകർഷിക്കും. ഇതുകൂടാതെ, 300 ദിർഹത്തിന് മുകളിൽ ഷോപ്പിങ് നടത്തുന്നവർക്ക് പ്രതിദിന സമ്മാനങ്ങൾ നൽകുന്ന ‘ലക്കി റെസീപ്റ്റ്’ പ്രൊമോഷൻ, മൂന്ന് കിലോഗ്രാം സ്വർണം സമ്മാനം നൽകുന്ന ‘സിറ്റി ഓഫ് ഗോൾഡ്’ ക്യാംപെയിൻ, ക്യാഷ് പ്രൈസുകളും കാറുകളും നേടാനുള്ള ‘മെഗാ റാഫിളുകൾ’ എന്നിവയും ഡിഎസ്എസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
∙10 ദിർഹത്തിന് ഇഷ്ടവിഭവങ്ങൾ; ബിഗ് കൺസേർട്ടുകൾ രുചി വൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ജൂലൈ 13 മുതൽ ഓഗസ്റ്റ് രണ്ട് വരെ ‘സമ്മർ റസ്റ്ററന്റ് വീക്ക്’ നടക്കും. ഇതിനുപിന്നാലെ ഓഗസ്റ്റ് 3 മുതൽ 30 വരെ നടക്കുന്ന ’10 ദിർഹം ഡിഷ്’ പ്രൊമോഷനിലൂടെ ദുബായിലെ പ്രമുഖ റസ്റ്ററന്റുകളിലെ പ്രധാന വിഭവങ്ങൾ വെറും 10 ദിർഹത്തിന് ആസ്വദിക്കാൻ അവസരമുണ്ടാകും.
വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ‘ബീറ്റ് ദി ഹീറ്റ്’ കൺസേർട്ട് പരമ്പരയിൽ വിവിധ ജനപ്രിയ ബാൻഡുകളും കൈറോക്കി, അൽ ശാമി ഉൾപ്പെടെയുള്ള പ്രമുഖ അറബിക് ഗായകരും അണിനിരക്കും. ഓഗസ്റ്റ് 29-ന് കൊക്കകോള അരീനയിൽ കുവൈത്തിലെ പ്രശസ്തമായ ‘മിയാമി ബാൻഡ്’ അവതരിപ്പിക്കുന്ന മെഗാ ഷോയും എമിറേറ്റ്സ് തിയേറ്ററിൽ അതുൽ ഖത്രിയുടെ സ്റ്റാൻഡ്-അപ് കോമഡിയും അരങ്ങേറും.
യുഎഇയിലെ ‘കുടുംബ വർഷാചരണത്തിന്റെ ഭാഗമായി നൂറോളം ഹോട്ടലുകളിൽ കുടുംബങ്ങൾക്കായി പ്രത്യേക സ്റ്റേക്കേഷൻ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാണ്. വേനൽക്കാലത്തും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഇൻഡോർ ഓട്ടമത്സരങ്ങളായ ‘ദുബായ് മാളത്തോണുകൾ’, മാളുകൾ കേന്ദ്രീകരിച്ചുള്ള ഫിഫ ലോകകപ്പ് തീം ആക്ടിവിറ്റികൾ എന്നിവയും ഈ അറുപത് ദിവസങ്ങളിൽ ദുബായിൽ ഉടനീളം ജനങ്ങളെ കാത്തിരിക്കുന്നു.