
ദുബായ്∙ ഷെയ്ഖ് സായിദ് റോഡിനു സമീപം ഈ മാസം മൂന്നിന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച കാമറൂൺ സ്വദേശി എൻകെങ് ബോറിസി(29)ന്റെ വിയോഗം മൂന്ന് സഹോദരിമാർക്കും കുടുംബത്തിനും താങ്ങാനാകാത്ത നഷ്ടമായി. 30-ാം ജന്മദിനത്തിന് അഞ്ച് ദിവസം മുൻപാണ് ബോറിസ് ഈ ലോകത്തോട് വിട പറഞ്ഞത്. രണ്ടു വർഷം തികയുന്നതിനു മുൻപാണ് ബോറിസിന്റെ കുടുംബത്തിലെ ഒരു സഹോദരനെ അവർക്ക് നഷ്ടമായത്. ആ വേദനയിൽനിന്ന് കരകയറുംമുൻപേ മറ്റൊരു വേർപാടുകൂടി.
കുടുംബത്തിന് വെറുമൊരു സഹോദരനായിരുന്നില്ല ബോറിസ്. മാതാപിതാക്കളും ഏക സഹോദരനും നഷ്ടപ്പെട്ടശേഷം കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയിരുന്നത് അദ്ദേഹമായിരുന്നു. സഹോദരന്റെ മരണത്തിനു പിന്നാലെ കുടുംബത്തെ ചേർത്തുനിർത്തിയ കരുത്തും ബോറിസായിരുന്നു. ദുബായിലെ ഷെയ്ഖ് സായിദ് റോഡിനു സമീപമുള്ള കാർ ഷോറൂമിന്റെ പരിസരത്തുണ്ടായ തീപിടിത്തത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ബോറിസടക്കം രണ്ടുപേർ മരിച്ചത്. അപകടത്തിനു പിന്നാലെ മൃതദേഹം ദുബായ് പൊലീസ് ആസ്ഥാനത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. ഔദ്യോഗികമായി തിരിച്ചറിഞ്ഞതിനു പിന്നാലെ ദുബായിലെ കാമറൂൺ കോൺസുലേറ്റ് ജനറൽ ബോറിസിന്റെ മരണം സ്ഥിരീകരിച്ചു. 2019 മുതൽ യുഎഇയിലായിരുന്നു ബോറിസ്. ഓട്ടോമെക്കാനിക്കായി ജോലി ചെയ്തിരുന്ന അദ്ദേഹം ഈ തൊഴിൽ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അടുത്തറിയാവുന്നവർ പറയുന്നു.
ബോറിസിന്റെ ഏക സഹോദരൻ 2024 സെപ്റ്റംബർ 27നാണ് അസുഖത്തെത്തുടർന്ന് മരിച്ചത്. അദ്ദേഹത്തിന് ഒരു മകനുണ്ട്. അഞ്ചു മക്കളിൽ ഇളയവനായിരുന്നു ബോറിസ്. രണ്ടു ആൺമക്കളും മൂന്ന് പെൺമക്കളുമായിരുന്നു കുടുംബത്തിലെ മക്കൾ. മാതാപിതാക്കൾ നേരത്തേ തന്നെ മരിച്ചു. ഏക സഹോദരനും പോയതോടെ മൂന്ന് സഹോദരിമാരാണ് ബോറിസിന്റെ കുടുംബത്തിൽ അവശേഷിച്ചത്. അവരുടെ ജീവിതത്തിന്റെ സാമ്പത്തിക ഭാരം വലിയൊരളവിൽ ഏറ്റെടുത്തിരുന്നതും ബോറിസായിരുന്നു. അപ്രതീക്ഷിതമായി അദ്ദേഹവും വിടപറഞ്ഞതോടെ നാട്ടിലുള്ള ബന്ധുക്കളുടെ മുന്നിൽ ഇനി കുടുംബത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. ദുഃഖത്തിനിടയിലും സഹോദരിമാർ പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണെന്നും പക്ഷേ അത് എളുപ്പമല്ലെന്നും നാട്ടിലുള്ള ബന്ധു പറഞ്ഞു.
വിവാഹം നടക്കാനിരിക്കെ വിധിയുടെ വിളി
ഈ മാസം 8ന് ബോറിസിന് 30 വയസ്സ് തികയേണ്ടതായിരുന്നു. വിവാഹം കഴിഞ്ഞിരുന്നില്ലെങ്കിലും കാമറൂണിലെ ബുവേയയിൽ പ്രതിശ്രുത വധു ഉണ്ടായിരുന്നു. ഈ വർഷം അവസാനത്തോടെ വിവാഹിതരാകാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. ഒരുമിച്ച് സ്വപ്നം കണ്ട ആ ജീവിതത്തിലേക്കുള്ള യാത്ര തുടങ്ങുംമുൻപേ ബോറിസിന്റെ ജീവിതം അവസാനിച്ചു.
സ്നേഹമുള്ളവനും കരുതലുള്ളവനും ബഹുമാനത്തോടെ പെരുമാറുന്നയാളുമായിരുന്നു ബോറിസെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഓർക്കുന്നു. കഠിനാധ്വാനിയും സൗഹൃദസ്വഭാവമുള്ളയാളുമായിരുന്ന അദ്ദേഹം മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും തയാറായിരുന്നു.
വിനയവും നിസ്വാർഥതയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നുവെന്ന് ലയണൽ പറയുന്നു. എന്നാൽ ബോറിസിനെ ഓർക്കുമ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മനസ്സിൽ ആദ്യം തെളിയുന്നത് അദ്ദേഹത്തിന്റെ തമാശകളും ചിരിയുമാണ്. ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നുവെന്നും ലയണൽ ഓർക്കുന്നു.
കുടുംബത്തിന്റെ ചുമതലകൾ ഏറ്റെടുത്ത് എല്ലാവർക്കും കരുത്തായി നിന്ന ആ യുവാവ്, സ്വന്തം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായൊരു അധ്യായം തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി യാത്രയായത്.
അപകടത്തിൽ മരിച്ച രണ്ടാമത്തെയാൾ മലയാളിയായ ഷിജിൻ പോൾ
സ്ഫോടനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) മരിച്ചിരുന്നു. കാർ ഷോറൂമിൽ മൾട്ടിമീഡിയ മാർക്കറ്റിങ് സ്പെഷലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം വിവാഹിതനായ ഷിജിൻ കഴിഞ്ഞ നവംബറിലാണ് സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് പിന്തുണ നൽകുന്നതായി ദുബായിലെ ഇന്ത്യൻ, കാമറൂൺ കോൺസുലേറ്റുകൾ അറിയിച്ചു.
കൂട്ടക്കുരുതിപോലെ ഭൂചലന ദുരന്തം; 111 മരണം
UAE August 11, 2026

കൊളംബിയയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 111 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണ് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങികിടക്കുകയാണ്.
APPLY NOW FOR THE LATEST VACANCIES
റിസറാൾഡ പ്രവിശ്യയിലാണ് നാശനഷ്ടം കൂടുതൽ. സാൻ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. അയൽരാജ്യമായ ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മിഠായിയെന്ന് കരുതി വാങ്ങരുത്! A4 പേപ്പറിലും ലഹരി;യുഎഇയിൽ ലഹരിക്കടത്തിന്റെ പുതിയ തന്ത്രം; ജാഗ്രതാ മുന്നറിയിപ്പ്
അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്.
രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.
മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്.
ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി.