
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
three injured in vehicle accident;ദുബായ്: അൽ ഖൈൽ റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അബുദബിയിലേക്കുള്ള ദിശയിലാണ് അപകടം നടന്നത്. റോഡിന് നടുവിൽ അശ്രദ്ധമായി വാഹനം നിർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ദുബൈ പൊലിസ് അറിയിച്ചു. ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിന് മധ്യത്തിൽ വാഹനം നിർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.
മറ്റൊരു വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കുറിച്ചെടുക്കാനായി ഒരു ഡ്രൈവർ പെട്ടെന്ന് റോഡിന് നടുവിൽ വാഹനം നിർത്തുകയായിരുന്നു. പിന്നാലെ വന്ന വാഹനം ഇത് ശ്രദ്ധിക്കാതെ വന്ന് ഇടിക്കുകയും, നിയന്ത്രണം വിട്ട മൂന്നാമതൊരു വാഹനം കൂടി ഇവയിൽ ഇടിക്കുകയുമായിരുന്നു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
നിയമം ലംഘിച്ചാൽ കടുത്ത പിഴ
റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തുന്നത് ഏറ്റവും അപകടകരമായ ട്രാഫിക് നിയമലംഘനമായാണ് ദുബൈ പൊലിസ് കണക്കാക്കുന്നത്.
ഇത്തരത്തിൽ റോഡിന് നടുവിൽ വാഹനം നിർത്തുന്നവർക്ക് 1,000 ദിർഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ലഭിക്കും. കൂടാതെ, ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 98 പ്രകാരം ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിന് 500 ദിർഹം പ്രത്യേക പിഴയും ഈടാക്കുന്നതാണ്. അതായത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിൽ തടസ്സം സൃഷ്ടിച്ചാൽ ആകെ 1,500 ദിർഹം വരെ പിഴയായി നൽകേണ്ടി വരും.
വാഹനം തകരാറിലായാൽ എന്തുചെയ്യണം?
യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇന്ധനവും ടയറുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ നിർദ്ദേശിച്ചു. അഥവാ റോഡിൽ വെച്ച് വാഹനം തകരാറിലായാൽ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക:
മുന്നറിയിപ്പ് ലൈറ്റുകൾ (Hazard Lights): ഉടൻ തന്നെ പ്രവർത്തിപ്പിക്കുക.
വാണിംഗ് ട്രയാംഗിൾ (Warning Triangle): വാഹനത്തിന് പിന്നിൽ മതിയായ അകലത്തിൽ സ്ഥാപിക്കുക.
സുരക്ഷിത സ്ഥാനത്തേക്ക് മാറുക: വാഹനത്തിനുള്ളിലോ റോഡിലോ നിൽക്കാതെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നിൽക്കുക.
പൊലിസിനെ ബന്ധപ്പെടുക: വാഹനം നീക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഉടൻ തന്നെ പൊലിസിന്റെ സഹായം തേടുക.