
Kuwait Arrests 46 in Major Security Sweep കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ സാലമിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 46 പേരെ അറസ്റ്റ് ചെയ്തു. സുരക്ഷാ, ഗതാഗത, നിയന്ത്രണ വിഭാഗങ്ങളിലായി ആകെ 212 നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചായിരുന്നു പരിശോധന.
പിടികിട്ടാനുള്ളവരെയും നിയമലംഘകരെയും കണ്ടെത്തുക, പ്രദേശത്ത് സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തുക, നിയമം നടപ്പാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു നടപടി.
അറസ്റ്റിലായ 46 പേരിൽ 22 പേർ പിടികിട്ടാനുള്ളവരും ഒളിവിൽ കഴിയുന്നവരുമാണ്. താമസനിയമങ്ങൾ ലംഘിച്ച 21 പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത രണ്ടുപേരെയും ലഹരിമരുന്ന് കൈവശംവെച്ച ഒരാളെയും പൊലീസ് പിടികൂടി.
സുരക്ഷാ പരിശോധനയുടെ ഭാഗമായി ഗതാഗത നിയമലംഘനങ്ങൾക്ക് 61 പിഴകൾ ചുമത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒമ്പത് വാഹനങ്ങൾ പിടിച്ചെടുത്തു. പ്രദേശത്ത് സുരക്ഷാ സാന്നിധ്യം ഉറപ്പാക്കാൻ 39 സ്ഥിരം സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളും സ്ഥാപിച്ചു.
സുരക്ഷാ പരിശോധനയിൽ മറ്റ് സർക്കാർ വകുപ്പുകളും പങ്കെടുത്തു. വാണിജ്യ-വ്യവസായ മന്ത്രാലയം 44 നിയമലംഘനങ്ങൾ കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഏഴ് ലംഘനങ്ങളും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആറ് ലംഘനങ്ങളും രേഖപ്പെടുത്തി.
അറസ്റ്റിലായവർക്കും കണ്ടെത്തിയ നിയമലംഘനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമലംഘകരെ കണ്ടെത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പരിശോധനകൾ തുടരുന്നതിന്റെ ഭാഗമായാണ് നടപടി.