
Saudi Arabia Missile Attack; സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീയുടെ അവകാശവാദം. വിക്ഷേപിച്ച മിസൈലിൽ ഒന്ന് ലക്ഷ്യസ്ഥാനത്ത് പതിച്ചതായാണ് അദ്ദേഹം അറിയിച്ചത്. എന്നാൽ രണ്ട് മിസൈലുകൾ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ പ്രധാന എണ്ണശുദ്ധീകരണ ശാലകളിലൊന്നായ റാസ് തനൂറയ്ക്കു നേരെയും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ നാശനഷ്ടങ്ങളുടെ കണക്കുകളോ ലഭ്യമായിട്ടില്ല.
ആക്രമണത്തെക്കുറിച്ചുള്ള ഇരുവിഭാഗങ്ങളുടെയും അവകാശവാദങ്ങൾക്കിടയിൽ സംഭവത്തിന്റെ പൂർണമായ വിശദാംശങ്ങൾ പുറത്തുവരേണ്ടതുണ്ട്.