
ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനികളുടെയും സാങ്കേതിക വിദഗ്ധരുടെയും ആഗോള കേന്ദ്രമായി വളരാൻ ദുബായ്. 2030-ഓടെ 1,000-ത്തിലധികം എഐ കമ്പനികളെ ആകർഷിക്കാനും 5,000-ത്തിലധികം വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തിന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ലക്ഷ്യം നേരത്തേ കൈവരിച്ചു
500 കമ്പനികളെ ആകർഷിക്കുകയെന്ന ലക്ഷ്യം നിശ്ചയിച്ചതിലും രണ്ടുവർഷം മുമ്പേ കൈവരിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. 2024 മേയിൽ ആരംഭിച്ച ദുബായ് എഐ ക്യാംപസിൽ ഇതിനകം 500-ലധികം കമ്പനികൾ ഇടംപിടിച്ചു. ഇവയ്ക്ക് സ്വകാര്യ ഇക്വിറ്റി, വെഞ്ചർ ക്യാപിറ്റൽ ഫണ്ടുകളിൽനിന്നായി 100 കോടി ദിർഹത്തിലധികം നിക്ഷേപം ലഭിച്ചു. രണ്ടായിരത്തിലധികം സാങ്കേതിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ക്യാംപസിന് കഴിഞ്ഞു.
എഐ മേഖലയിൽ നിക്ഷേപവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിന്റെ (DIFC) ഭാഗമായാണ് ക്യാംപസ് പ്രവർത്തിക്കുന്നത്. കമ്പനികൾക്കും നിക്ഷേപകർക്കും സാങ്കേതിക വിദഗ്ധർക്കും ഒരുമിച്ച് പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. എഐ ഉപയോഗിച്ച് പുതിയ ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനും അവ വാണിജ്യാടിസ്ഥാനത്തിൽ പ്രയോഗിക്കാനും കമ്പനികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
എഐ മേഖലയ്ക്കായി പുതിയ കെട്ടിടം
ക്യാംപസിന്റെ വികസനത്തിന്റെ ഭാഗമായി ഡിഐഎഫ്സിയുടെ സബീൽ ഡിസ്ട്രിക്ടിൽ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ കെട്ടിടവും ഒരുങ്ങുന്നുണ്ട്. എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും പരീക്ഷിക്കാനും പ്രായോഗികമായി നടപ്പാക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും.
സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും പുതിയ എഐ സംവിധാനങ്ങൾ പരീക്ഷിച്ച് വിപുലമായ ഉപയോഗത്തിന് സജ്ജമാക്കാൻ കഴിയുന്ന ലാബുകളും ഇതിന്റെ ഭാഗമാകും. നൂതന കമ്പ്യൂട്ടിങ് സൗകര്യങ്ങൾ, സുരക്ഷിതമായ എഐ വികസന മേഖലകൾ, ഡിജിറ്റൽ ട്വിൻ സംവിധാനങ്ങൾ എന്നിവയും കെട്ടിടത്തിൽ ഒരുക്കും.
എഐ അധിഷ്ഠിത സേവനങ്ങളും നൂതന സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനായി പ്രത്യേക കേന്ദ്രവും കെട്ടിടത്തിലുണ്ടാകും. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നിക്ഷേപകർക്കും സാങ്കേതിക രംഗത്തെ പുതിയ മുന്നേറ്റങ്ങൾ നേരിട്ട് മനസ്സിലാക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
ആഗോള എഐ കേന്ദ്രമായി ദുബായ്
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന മൂന്നാമത് ദുബായ് എഐ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഷെയ്ഖ് ഹംദാൻ പുതിയ ലക്ഷ്യത്തിന് അംഗീകാരം നൽകിയത്. നൂറിലധികം രാജ്യങ്ങളിൽനിന്നായി 20,000-ത്തിലധികം പേർ പങ്കെടുത്ത ഫെസ്റ്റിവലിൽ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖർ, നിക്ഷേപകർ, സംരംഭകർ, നയരൂപീകരണ വിദഗ്ധർ എന്നിവർ ഒത്തുചേർന്നു.
എഐയുടെ ഭാവി, തൊഴിൽമേഖലയിലെ മാറ്റങ്ങൾ, നിക്ഷേപസാധ്യതകൾ, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തപരമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ഫെസ്റ്റിവലിൽ ചർച്ചകൾ നടന്നു.
നൂതന അടിസ്ഥാനസൗകര്യങ്ങൾ, നിക്ഷേപസൗഹൃദ അന്തരീക്ഷം, ആഗോളതലത്തിലുള്ള വിദഗ്ധരുടെ സേവനം എന്നിവയിലൂടെ എഐ മേഖലയിലെ വളർച്ച വേഗത്തിലാക്കുകയാണ് ദുബായിയുടെ ലക്ഷ്യം. പുതിയ പദ്ധതി നടപ്പാകുന്നതോടെ കൂടുതൽ കമ്പനികളെ ആകർഷിക്കാനും വിദഗ്ധ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ദുബായിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.