
Kuwait Plans Housing for Nurses കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ആരോഗ്യജില്ലകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കായി താമസസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. പദ്ധതിയുടെ പഠനം, രൂപകൽപ്പന, നിർമാണ മേൽനോട്ടം എന്നിവയ്ക്കായി സമർപ്പിച്ച ടെൻഡറുകൾ കുവൈത്ത് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്‌സ് (CAPT) തുറന്നു.
നഴ്‌സുമാർക്ക് അനുയോജ്യമായ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച ടെൻഡർ നടപടികളിൽ സാങ്കേതിക യോഗ്യത നേടിയ നാല് കൺസൾട്ടൻസി സ്ഥാപനങ്ങളാണ് പങ്കെടുത്തത്.
പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വിലയിരുത്തൽ ഫലങ്ങൾ CAPT നേരത്തേ അംഗീകരിച്ചിരുന്നു. തുടർന്ന് യോഗ്യത നേടിയ നാല് സ്ഥാപനങ്ങളുടെ ടെൻഡറുകൾ തുറന്നു. ഇനി ഇവ ആരോഗ്യ മന്ത്രാലയത്തിന് കൈമാറും.
പൊതുമേഖലാ ടെൻഡർ നിയമപ്രകാരം, ടെൻഡറുകൾ ലഭിച്ചശേഷം 30 ദിവസത്തിനുള്ളിൽ ആരോഗ്യ മന്ത്രാലയം സാങ്കേതിക ശുപാർശ തയ്യാറാക്കണം. അതിനുശേഷമുള്ള നടപടികളിലൂടെയായിരിക്കും പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുക.
നഴ്‌സുമാരുടെ താമസച്ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം
ആരോഗ്യപരിചരണ മേഖലയിൽ നിർണായക പങ്കുവഹിക്കുന്ന നഴ്‌സുമാർക്ക് ജോലി ചെയ്യുന്ന ആരോഗ്യജില്ലകൾക്ക് സമീപം അനുയോജ്യമായ താമസസൗകര്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ താമസസ്ഥലം വാടകയ്ക്ക് എടുക്കുന്നതിനായി ചെലവിടേണ്ടിവരുന്ന സമയവും പണവും പരിശ്രമവും കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
ആശുപത്രികളിലും മറ്റ് ആരോഗ്യസ്ഥാപനങ്ങളിലും രോഗികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന നഴ്‌സുമാർക്ക് കൂടുതൽ സൗകര്യപ്രദമായ താമസക്രമീകരണങ്ങൾ ഒരുക്കുന്നതിലൂടെ അവരുടെ ദൈനംദിന ജീവിതവും തൊഴിൽസാഹചര്യങ്ങളും മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.