
Job Vacancies at Dubai Museum of the Future ദുബൈ: ദുബൈയിലെ പ്രശസ്തമായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ ‘ഫ്യൂച്ചറിസ്റ്റ്’ (Futurist) തസ്തികകളിലേക്ക് മുഴുവൻ സമയ ജീവനക്കാരെ നിയമിക്കുന്നു. മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്നതിനും ശാസ്ത്രം, സാങ്കേതികവിദ്യ, പ്രകൃതി, ഭാവി തുടങ്ങിയ വിഷയങ്ങളിലെ ആശയങ്ങൾ ലളിതവും ആകർഷകവുമായി അവതരിപ്പിക്കുന്നതിനുമാണ് പുതിയ നിയമനം.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ മ്യൂസിയങ്ങളിലോ ഉപഭോക്തൃ സേവന മേഖലയിലോ മുൻപരിചയം നിർബന്ധമില്ല. അക്കാദമിക് യോഗ്യതകൾക്കും പ്രവൃത്തിപരിചയത്തിനുമൊപ്പം ആശയവിനിമയ ശേഷി, ഭാവനാശക്തി, ജിജ്ഞാസ, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കാനുള്ള മനോഭാവം തുടങ്ങിയ വ്യക്തിഗത ഗുണങ്ങൾക്കാണ് പ്രധാന്യം നൽകുന്നത്.
സന്ദർശകർക്ക് വേറിട്ട അനുഭവം നൽകണം
തിരഞ്ഞെടുക്കപ്പെടുന്നവർ മ്യൂസിയത്തിലെത്തുന്ന സന്ദർശകരുമായി നേരിട്ട് സംവദിക്കുകയും കഥപറച്ചിലിലൂടെയും സംവേദനാത്മകമായ ആശയവിനിമയത്തിലൂടെയും മ്യൂസിയത്തിലെ പ്രദർശനങ്ങളും അനുഭവങ്ങളും കൂടുതൽ ആകർഷകമാക്കുകയും വേണം. സങ്കീർണമായ ആശയങ്ങൾ പോലും സന്ദർശകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതും ഈ ജോലിയുടെ ഭാഗമായിരിക്കും.
പരമ്പരാഗതമായ വിദ്യാഭ്യാസ യോഗ്യതകൾക്കും തൊഴിൽപരിചയത്തിനും പുറമെ വ്യക്തികളുടെ സർഗാത്മകതയും ആളുകളുമായി ഇടപഴകാനുള്ള കഴിവും വിലയിരുത്തിയാണ് നിയമനത്തിനായി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.
തിരഞ്ഞെടുപ്പ് എങ്ങനെ?
ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽനിന്ന് പ്രാഥമിക തിരഞ്ഞെടുപ്പ് നടത്തും. തുടർന്ന് പ്രകടന വിലയിരുത്തലുകൾക്കും വിദഗ്ധ പാനലിന് മുന്നിലുള്ള ഓഡിഷനും ഉദ്യോഗാർഥികൾ പങ്കെടുക്കേണ്ടിവരും. ഈ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന അർഹരായ ഉദ്യോഗാർഥികൾക്ക് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ഫ്യൂച്ചറിസ്റ്റ് ടീമിൽ മുഴുവൻ സമയ ജോലി ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
താൽപര്യമുള്ളവർക്ക് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് വെബ്സൈറ്റായ futureperfects.museumofthefuture.ae വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 നവംബർ 8 ആണ്.
ഫ്യൂച്ചറിസ്റ്റ് തസ്തികയ്ക്ക് അനുയോജ്യമായ കഴിവുകളുള്ള സുഹൃത്തുക്കളെയോ പരിചയക്കാരെയോ നാമനിർദേശം ചെയ്യാനും മ്യൂസിയം ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പൊതുജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
ആശയവിനിമയത്തിലും സർഗാത്മകതയിലും താൽപര്യമുള്ളവർക്ക് ദുബൈയിലെ ശ്രദ്ധേയമായ സാംസ്കാരിക സ്ഥാപനങ്ങളിലൊന്നിൽ ജോലി നേടാനുള്ള അവസരമാണിത്.