
Fake perfumes in Kuwait കുവൈത്ത് സിറ്റി: പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ പെർഫ്യൂം നിർമിച്ച് ഒറിജിനൽ ഉൽപ്പന്നങ്ങളെന്ന വ്യാജേന വിൽപ്പന നടത്തിയ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും ബ്രാൻഡുകളുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുമായി നടത്തിയ പരിശോധനയിലാണ് നടപടി.
പ്രശസ്ത ബ്രാൻഡുകളുടെ യഥാർഥ പെർഫ്യൂം കുപ്പികൾ ശേഖരിച്ചശേഷം അവയിൽ വിലകുറഞ്ഞ പെർഫ്യൂം ഓയിലുകളും മറ്റ് ചേരുവകളും നിറയ്ക്കുകയായിരുന്നു പ്രതികളുടെ രീതിയെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് കുപ്പികൾ വീണ്ടും പാക്ക് ചെയ്ത് യഥാർഥ ഉൽപ്പന്നങ്ങളെന്ന പേരിൽ വിപണിയിൽ വിൽക്കുകയായിരുന്നു.
150 ദീനാർ വിലയുള്ള പെർഫ്യൂം 17 ദീനാറിന്
അൽ-മുൻഖാഫ് മേഖലയിൽ നടത്തിയ രഹസ്യ പരിശോധനയ്ക്കിടെയാണ് ആദ്യ പ്രതി പിടിയിലായത്. വിപണിയിൽ ഏകദേശം 150 കുവൈത്ത് ദീനാർ വിലവരുന്ന മൂന്ന് പെർഫ്യൂം ബോട്ടിലുകൾ വെറും 17 ദീനാറിന് നൽകാമെന്ന ഇയാളുടെ വാഗ്ദാനമാണ് അധികൃതരിൽ സംശയമുണ്ടാക്കിയത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ, പ്രതിക്കെതിരെ ജോലിസ്ഥലത്തുനിന്ന് ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി നിലവിലുണ്ടെന്നും കണ്ടെത്തി.
വ്യാജ പെർഫ്യൂം നിർമാണ കേന്ദ്രം കണ്ടെത്തി
വ്യാജ സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്ന ജോലിക്ക് പ്രതികൾക്ക് പ്രതിമാസ ശമ്പളം ലഭിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്. ആദ്യ പ്രതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജ പെർഫ്യൂമുകൾ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന കടയും അന്വേഷണ സംഘം കണ്ടെത്തി.
സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഉപഭോക്താക്കളെ കബളിപ്പിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.