
Punishment for Failing to Complete Premarital Training കുവൈത്ത് സിറ്റി: വിവാഹപൂർവ പരിശീലന പരിപാടി പൂർത്തിയാക്കിയെന്ന് ഉറപ്പാക്കാതെ വിവാഹ കരാർ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് ഒരു വർഷം വരെ തടവും പരമാവധി 1,000 കുവൈത്ത് ദിനാർ പിഴയും ശിക്ഷ ലഭിക്കുന്ന നിയമഭേദഗതിയുമായി കുവൈത്ത്. വിവാഹ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഔദ്യോഗിക രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമായി 2026-ലെ 122-ാം നമ്പർ ഡിക്രി നിയമത്തിലൂടെയാണ് നോട്ടറൈസേഷൻ നിയമത്തിൽ ഭേദഗതി വരുത്തിയത്.
പുതിയ നിയമപ്രകാരം, വിവാഹ കരാർ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് വിവാഹിതരാകാൻ ഉദ്ദേശിക്കുന്ന ഇരുവരും വിവാഹപൂർവ യോഗ്യതാ പരിശീലന പരിപാടി പൂർത്തിയാക്കിയിരിക്കണം. ഈ വ്യവസ്ഥ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വിവാഹ കരാർ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്.
പരിശീലനം പൂർത്തിയാക്കാതെ വിവാഹ കരാർ സാക്ഷ്യപ്പെടുത്തുന്ന നോട്ടറിമാർക്കും അംഗീകൃത വിവാഹ ഉദ്യോഗസ്ഥർക്കും ഒരു വർഷത്തിൽ കൂടാത്ത തടവോ 1,000 കുവൈത്ത് ദിനാറിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നോ ലഭിക്കാം.
വിവാഹപൂർവ പരിശീലനം നിർബന്ധം
വിവാഹജീവിതത്തിലേക്ക് കടക്കുന്നവർക്ക് കുടുംബജീവിതത്തെക്കുറിച്ചും ദാമ്പത്യബന്ധത്തിലെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചും കൂടുതൽ ബോധവൽക്കരണം നൽകുകയാണ് വിവാഹപൂർവ പരിശീലന പരിപാടിയുടെ ലക്ഷ്യം. പരിശീലനത്തിന്റെ പാഠ്യപദ്ധതി, ദൈർഘ്യം, പൂർത്തിയാക്കേണ്ട നിബന്ധനകൾ, പരിപാടി നടപ്പാക്കുന്ന സ്ഥാപനം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ നീതിന്യായ മന്ത്രിയുടെ തീരുമാനത്തിലൂടെ നിർണയിക്കും. നിർവാഹക ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്ന സാഹചര്യങ്ങളിൽ ഇളവുകൾ അനുവദിക്കാനും സാധിക്കും.
വിവാഹ കരാർ സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുകയും ആവശ്യമായ രേഖകളിൽ ഇത് രേഖപ്പെടുത്തുകയും വേണം.
ഓൺലൈൻ സേവനങ്ങൾക്കും നിയമഭേദഗതി
വിവാഹം ഉൾപ്പെടെയുള്ള വ്യക്തിഗത പദവിയുമായി ബന്ധപ്പെട്ട നടപടികൾ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയും വിദൂര മാർഗങ്ങളിലൂടെയും നടത്തുന്നതിനും പുതിയ ഭേദഗതി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. സുരക്ഷിതമല്ലാത്ത ആപ്പുകളുടെയും സംവിധാനങ്ങളുടെയും ദുരുപയോഗം തടയുക, വ്യക്തിത്വം സംബന്ധിച്ച തട്ടിപ്പുകൾ ഒഴിവാക്കുക, നടപടികളിൽ പങ്കെടുക്കുന്നവരുടെ സാന്നിധ്യവും സമ്മതവും സംബന്ധിച്ച തർക്കങ്ങൾ കുറയ്ക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.
സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഇലക്ട്രോണിക് വിവര കൈമാറ്റം മെച്ചപ്പെടുത്തുന്നതിനും ഔദ്യോഗിക രേഖകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും ഭേദഗതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുടുംബങ്ങളുടെ സ്ഥിരത ഉറപ്പാക്കുകയും വിവാഹിതരാകുന്നവർക്ക് വിവാഹജീവിതത്തെക്കുറിച്ച് മുൻകൂട്ടി അവബോധം നൽകുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നിരിക്കുന്നത്. വിവാഹ കരാറുകൾ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥർ പുതിയ നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.