
Kuwait Arrests Reckless Driver in Saad Al-Abdullah കുവൈത്ത് സിറ്റി: അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച് സർക്കാർ സ്വത്ത് നശിപ്പിച്ച ഡ്രൈവറെ കുവൈത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. സാദ് അൽ അബ്ദുല്ല മേഖലയിലാണ് സംഭവം. പിടിച്ചെടുത്ത വാഹനം അധികൃതർ ക്രഷറിലേക്ക് അയച്ചു.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി നൽകിയിട്ടുള്ള വാട്സ്ആപ്പ് നമ്പറിലേക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പരാതി ലഭിച്ചത്.
പരാതി ലഭിച്ച ഉടൻ സുരക്ഷാ നിയന്ത്രണ വിഭാഗത്തിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ഡ്രൈവറെയും വാഹനത്തെയും പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ അപകടകരമായ ഡ്രൈവിങ്ങിനിടെ സർക്കാർ സ്വത്തിന് കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ചു.
തുടർന്ന് ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്ത് ക്രഷറിലേക്ക് അയച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ 99324092 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ച് പരാതിപ്പെടാം. ഇത്തരം റിപ്പോർട്ടുകൾ വഴി നിയമലംഘകരെ വേഗത്തിൽ കണ്ടെത്താനും നടപടിയെടുക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.