
Kuwait Announces Support for Saudi Arabia കുവൈത്ത് സിറ്റി: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലെ യാത്രക്കാരെയും ജീവനക്കാരെയും ഉൾപ്പെടെയുള്ള സാധാരണക്കാരെ ബാധിച്ച ആക്രമണം സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും വ്യോമഗതാഗത സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. ഇത്തരം ആസൂത്രിതമായ ശത്രുതാപരമായ നടപടികൾ മേഖലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് വഴിവെക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു.
സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് പൂർണ ഐക്യദാർഢ്യവും ഉറച്ച പിന്തുണയും ആവർത്തിച്ചു പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സിവിലിയൻ സ്വത്തുക്കളെയും വ്യോമയാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നതിനും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും സൗദി നേതൃത്വത്തോടും ജനങ്ങളോടും കുവൈത്ത് അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.