
Kuwait Sets Fee for Replacement of Lost Passports കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാരുടെ നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പുതിയ പാസ്പോർട്ട് അനുവദിക്കുന്നതിനുള്ള ഫീസ് 100 കുവൈത്ത് ദിനാറായി നിശ്ചയിച്ചു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മന്ത്രിതല ഉത്തരവിലാണ് ഫീസ് വർധന സംബന്ധിച്ച നിർദേശം. ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽയൗമിൽ ഉത്തരവ് പ്രസിദ്ധീകരിച്ചതോടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.
2026-ലെ 1769-ാം നമ്പർ മന്ത്രിതല ഉത്തരവിലൂടെയാണ് പാസ്പോർട്ട് ഉൾപ്പെടെയുള്ള പൗരത്വ, യാത്രാരേഖാ സേവനങ്ങളുടെ ഫീസുമായി ബന്ധപ്പെട്ട മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയത്. നഷ്ടപ്പെട്ട കുവൈത്ത് പാസ്പോർട്ടിന് പകരം പുതിയ പാസ്പോർട്ട് നൽകുന്നതിനുള്ള ഫീസ് 100 ദിനാറായി നിശ്ചയിക്കുന്നതാണ് പ്രധാന മാറ്റം.
പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തുചെയ്യണം?
കുവൈത്ത് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിലവിലുള്ള നടപടിക്രമങ്ങൾ പ്രകാരം, പാസ്പോർട്ട് നഷ്ടപ്പെട്ട വ്യക്തി നഷ്ടം അറിയിച്ചുകൊണ്ടുള്ള അപേക്ഷ സമർപ്പിക്കണം. തുടർന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സിൽ നേരിട്ടെത്തി ആവശ്യമായ പരിശോധനകൾക്ക് വിധേയനാകണം.
പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും നിയമപരമായി നിശ്ചയിച്ച അഞ്ചുമാസത്തെ കാലയളവ് പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് പകരം പാസ്പോർട്ട് അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നത്.
ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യം
പുതിയ ഉത്തരവിൽ പറയുന്ന 100 ദിനാർ ഫീസ് നഷ്ടപ്പെട്ട കുവൈത്ത് പാസ്പോർട്ടിന് പകരം നൽകുന്നതിനാണ്. കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ഇന്ത്യൻ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ബാധകമാകുന്ന ഫീസുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുത്. ഇന്ത്യൻ പാസ്പോർട്ടിന്റെ പുനർവിതരണത്തിനും മറ്റ് സേവനങ്ങൾക്കും ഇന്ത്യൻ എംബസി നിശ്ചയിച്ചിട്ടുള്ള വ്യത്യസ്ത ഫീസുകളാണ് ബാധകം.