
Kuwait residence address fraud case കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ (PACI) രജിസ്റ്റർ ചെയ്ത താമസവിലാസങ്ങളിൽ കൃത്രിമം നടത്തിയെന്ന കേസിൽ ഒന്നാം പ്രതിക്ക് ക്രിമിനൽ കോടതി വിധിച്ച ജയിൽശിക്ഷ കുവൈത്ത് അപ്പീൽ കോടതി റദ്ദാക്കി. ഔദ്യോഗിക രേഖ വ്യാജമായി നിർമിച്ചെന്ന കുറ്റത്തിന് ശിക്ഷ നൽകേണ്ടതില്ലെന്നും ഓട്ടോമേറ്റഡ് സംവിധാനത്തിൽ അനധികൃതമായി പ്രവേശിച്ചെന്ന കുറ്റത്തിൽ പ്രതിയെ വെറുതെവിടാനും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി എന്നീ കുറ്റങ്ങളിൽ നേരത്തേ നൽകിയ കുറ്റവിമുക്തി വിധിയും കോടതി ശരിവച്ചു.
നേരത്തെ, ഓട്ടോമേറ്റഡ് സംവിധാനത്തിൽ അനധികൃതമായി പ്രവേശിച്ചതിനും ഔദ്യോഗിക രേഖ വ്യാജമായി നിർമിച്ചതിനും ഒന്നാം പ്രതിക്ക് ക്രിമിനൽ കോടതി നാല് വർഷത്തെ കഠിനതടവ് വിധിച്ചിരുന്നു. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, സംഘടിത ക്രിമിനൽ സംഘത്തിലെ അംഗത്വം എന്നീ കുറ്റങ്ങളിൽ പ്രതിയെ വെറുതെവിട്ടിരുന്നു.
പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുൽമുഹ്സിൻ അൽ ഖത്താൻ വിചാരണയിലുടനീളം പ്രതിയുടെ നിരപരാധിത്വം വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം തെളിയിക്കാൻ ആവശ്യമായ ക്രിമിനൽ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിമിനൽ സംഘത്തിൽ ചേർന്നെന്ന ആരോപണത്തിനും കൈക്കൂലി നൽകിയെന്ന കുറ്റത്തിനും മതിയായ തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഓട്ടോമേറ്റഡ് സംവിധാനത്തിൽ അനധികൃതമായി പ്രവേശിച്ചെന്ന കുറ്റം നിലനിൽക്കാനുള്ള നിയമപരമായ സാഹചര്യങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു. പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ പ്രതി നൽകിയ മൊഴികളുടെ നിയമസാധുതയും അന്വേഷണത്തിന്റെ വിശ്വാസ്യതയും പ്രതിഭാഗം ചോദ്യം ചെയ്തു. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളില്ലെന്നും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ മൊഴിയിൽ സംശയങ്ങളുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
പ്രതിയുടെ വിവാഹ കരാർ, കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ വാങ്ങിയതിന്റെ ബില്ലുകൾ എന്നിവയും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. കേസിലെ സാഹചര്യങ്ങളും പ്രതിയുടെ അവസ്ഥയും പരിഗണിച്ച് കുറ്റവിമുക്തനാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. അതിന് സാധിക്കാത്ത പക്ഷം പരമാവധി ശിക്ഷാ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു.
പ്രതിഭാഗത്തിന്റെ വാദങ്ങൾ പരിഗണിച്ചാണ് അപ്പീൽ കോടതി നേരത്തെയുള്ള ജയിൽശിക്ഷ റദ്ദാക്കിയത്. ഔദ്യോഗിക രേഖ വ്യാജമായി നിർമിച്ചെന്ന കുറ്റത്തിന് ശിക്ഷ നൽകേണ്ടതില്ലെന്നും അനധികൃതമായി ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രവേശിച്ചെന്ന കുറ്റത്തിൽ പ്രതിയെ വെറുതെവിടണമെന്നും കോടതി തീരുമാനിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി എന്നീ കുറ്റങ്ങളിലെ കുറ്റവിമുക്തി വിധിയും ഇതോടെ നിലനിന്നു.