Kuwait nursery child abuse allegation കുവൈത്ത് സിറ്റി: നഴ്സറിയിൽ കുട്ടിക്ക് നേരെ അതിക്രമം നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ അധികൃതർ നടപടികൾ സ്വീകരിച്ചു. സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി ഫൈസൽ അൽ കന്ദരിയാണ് ഇക്കാര്യം അറിയിച്ചത്.
സാമൂഹിക, കുടുംബ, ബാല്യകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കുട്ടിയുടെ രക്ഷിതാവിനെയും നഴ്സറി അധികൃതരെയും ബന്ധപ്പെട്ട വകുപ്പ് വിളിച്ചുവരുത്തിയതായി ഫൈസൽ അൽ കന്ദരി വ്യക്തമാക്കി. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്ന മന്ത്രിയുടെ നിർദേശങ്ങൾ വ്യക്തമാണ്. കുട്ടികൾക്ക് ദോഷമുണ്ടാക്കുന്ന പ്രവൃത്തികൾ അനുവദിക്കില്ലെന്നും നിയമലംഘനം നടത്തിയതായി തെളിയുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഴ്സറികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള സർക്കുലർ അനുസരിച്ച് എല്ലാ നഴ്സറികളിലും ക്യാമറകൾ സ്ഥാപിക്കണം. നിരീക്ഷണം ശക്തമാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.