
Well Cover Collapses Causing an Accident ഫുജൈറ: വീട്ടിലെ കിണറിന്റെ മൂടി തകർന്ന് കിണറ്റിൽ വീണ ഏഴുവയസ്സുകാരനെ രക്ഷിക്കാൻ സ്വന്തം പരിക്കുകൾ പോലും വകവയ്ക്കാതെ പിടിച്ചുനിന്ന വീട്ടുജോലിക്കാരിയുടെ ധീരമായ ഇടപെടൽ ശ്രദ്ധേയമാകുന്നു. യുഎഇയിലെ ഫുജൈറയിലാണ് സംഭവം. കുട്ടിയും വീട്ടുജോലിക്കാരിയും കിണറ്റിൽ വീണെങ്കിലും രക്ഷാപ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ ഇരുവരെയും പുറത്തെടുത്തു.
ഒക്ടോബർ മൂന്നിന് ഫുജൈറയിലെ മെറാഷിദ് പ്രദേശത്തുള്ള ഒരു വീട്ടിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കുട്ടിയും 25 വയസ്സുള്ള എത്യോപ്യൻ വീട്ടുജോലിക്കാരിയും കിണറിന് മുകളിലിട്ടിരുന്ന പലകകളും കല്ലുപാളികളും ചേർന്ന മൂടിയിൽ കയറിയതോടെ അത് തകരുകയായിരുന്നു. ഇതോടെ ഇരുവരും കിണറ്റിലേക്ക് വീണു.
വീഴ്ചയിൽ വീട്ടുജോലിക്കാരിയുടെ കാലിന് പൊട്ടലേറ്റെങ്കിലും കുട്ടിയെ കൈവിടാൻ അവർ തയ്യാറായില്ല. കിണറ്റിനുള്ളിലെ ഒരു ലോഹഘടനയിൽ പിടിച്ചുനിന്ന് കുട്ടി കൂടുതൽ താഴേക്ക് വഴുതിപ്പോകാതിരിക്കാൻ അവർ ശ്രമിച്ചു. തുടർന്ന് സഹായത്തിനായി നിലവിളിച്ച ഇവരുടെ ശബ്ദം കേട്ട മറ്റൊരു വീട്ടുജോലിക്കാരി പൊലീസിനെയും അടിയന്തര സേവന വിഭാഗങ്ങളെയും വിവരം അറിയിച്ചു.
പൊലീസ്, സിവിൽ ഡിഫൻസ്, ദേശീയ ആംബുലൻസ് സംഘം എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആദ്യം കുട്ടിയെ രക്ഷാപ്രവർത്തകർക്ക് കൈമാറിയ ശേഷമാണ് വീട്ടുജോലിക്കാരിയെ കിണറ്റിൽനിന്ന് പുറത്തെടുത്തത്. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടുജോലിക്കാരി ചികിത്സയിൽ കഴിയുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കിണറുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ
സംഭവത്തെത്തുടർന്ന് ഫുജൈറ സിവിൽ ഡിഫൻസ് അധികൃതർ പൊതുജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി. വീടുകളിലും കൃഷിയിടങ്ങളിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലുമുള്ള കിണറുകൾ ഉറപ്പുള്ള മൂടികൾ ഉപയോഗിച്ച് സുരക്ഷിതമായി അടയ്ക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കിണറുകൾക്ക് ചുറ്റും സംരക്ഷണവേലികളും വ്യക്തമായ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം. കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലങ്ങളിൽ തുറന്ന കിണറുകൾ നിലനിർത്തുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംഭവത്തിനുശേഷം കുടുംബം കിണറിന് മുകളിൽ ഉറപ്പുള്ള ലോഹമൂടിയും സംരക്ഷണവേലിയും സ്ഥാപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വീട്ടുടമകളും ഭൂവുടമകളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.