
Kuwait road maintenance projects കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ ഫീൽഡ് സന്ദർശനങ്ങൾ നടത്തി. അംഗീകൃത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചും നിശ്ചയിച്ച സമയപരിധിക്കുള്ളിലും ജോലികൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സന്ദർശനങ്ങളുടെ ലക്ഷ്യം.
അൽ-ജഹ്റ ഗവർണറേറ്റിലെ അൽ-നഈമിൽ നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളാണ് മന്ത്രി നേരിട്ട് പരിശോധിച്ചത്. പദ്ധതിയുടെ പുരോഗതിയും വിവിധ ഘട്ടങ്ങളിലെ നിർമാണ പ്രവർത്തനങ്ങളും അവർ വിലയിരുത്തി. ഇതിന് മുമ്പ് മുബാറക് അൽ-കബീർ ഗവർണറേറ്റിലെ അൽ-ഫുനൈത്തീസിൽ നടത്തിയ അസ്ഫാൽറ്റ് വിരിക്കുന്ന ജോലികളും മന്ത്രി പരിശോധിച്ചിരുന്നു.
രാജ്യത്തുടനീളമുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കുന്നതിനും റോഡ് ശൃംഖലയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ പ്രവർത്തനങ്ങളെന്ന് ഡോ. നൂറ അൽ-മഷാൻ വ്യക്തമാക്കി.
എല്ലാ ഗവർണറേറ്റുകളിലെയും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ എഞ്ചിനീയറിങ് സംഘങ്ങളുടെ ഫീൽഡ് പരിശോധന തുടരുമെന്നും മന്ത്രി അറിയിച്ചു. ജോലികളുടെ ഗുണനിലവാരത്തിലും നിശ്ചയിച്ച സമയപരിധി പാലിക്കുന്നതിലും വിട്ടുവീഴ്ച അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.