
അബുദാബി: ഫ്ലൈദുബായ് വിമാനത്തിലെ സഹപൈലറ്റ് വിമാനം ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെർമിനലിലേക്ക് ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതിയിട്ടിരുന്നതായി യുഎഇ അന്വേഷണ റിപ്പോർട്ട്. സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട FZ1073 വിമാനത്തിലുണ്ടായ സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ചാവേർ ആക്രമണം നടത്തുകയായിരുന്നു 29കാരനായ ഒമാൻ സ്വദേശിയായ സഹപൈലറ്റിന്റെ ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2017 മുതൽ തീവ്രവാദ ആശയങ്ങളിലേക്ക്
2017ൽ ഓസ്‌ട്രേലിയയിൽ പഠിച്ചിരുന്ന കാലം മുതൽ പ്രതി തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്ന് യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസി വ്യക്തമാക്കി. തീവ്രവാദ സംഘടനകളെ പ്രകീർത്തിക്കുന്ന ഓൺലൈൻ ഉള്ളടക്കങ്ങളും തീവ്രവാദ സാഹിത്യവും ഇയാളെ സ്വാധീനിച്ചിരുന്നു. 2001 സെപ്റ്റംബർ 11ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായ ആക്രമണവും സമാനമായ രീതിയിൽ വിമാനം ഉപയോഗിച്ചുള്ള ആക്രമണം നടത്താൻ ഇയാൾക്ക് പ്രചോദനമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിന് മാനസികമായും ശാരീരികമായും തയ്യാറെടുത്തിരുന്ന ഇയാൾ ബോക്‌സിങ് പരിശീലനവും നേടിയിരുന്നു. പദ്ധതിയുടെ ഭാഗമായാണ് മുൻപ് രണ്ടുതവണ ടെൽ അവീവിലേക്ക് യാത്ര ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കോക്പിറ്റിൽ ക്യാപ്റ്റനു നേരെ ആക്രമണം
വിമാനം യാത്രയ്ക്കിടെ സൗദി അറേബ്യൻ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുമ്പോഴാണ് സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചത്. വിമാനത്തിലെ അടിയന്തരാവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് ക്യാപ്റ്റന്റെ തലയ്ക്ക് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ പ്രതിരോധിക്കുകയും സഹായം തേടാൻ ശ്രമിക്കുകയും ചെയ്തു.
സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റിന് കോക്പിറ്റിൽ അസ്വാഭാവികമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത്. തുടർന്ന് ക്യാബിൻ ക്രൂ അംഗത്തിന്റെയും യാത്രക്കാരുടെയും സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തി. പരിക്കേറ്റ ക്യാപ്റ്റനെ രക്ഷിക്കുകയും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തു.
സൗദിയിൽ സുരക്ഷിതമായി ഇറക്കി
പ്രതിയെ കീഴ്പ്പെടുത്തിയതിനു പിന്നാലെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പൈലറ്റുമാർ യാത്രാമാർഗം മാറ്റി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്.
സുരക്ഷാ പരിശോധനകളിലും അന്വേഷണം
ഒമാൻ എയർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളിൽ ജോലി ചെയ്തിരുന്ന പ്രതി ആവശ്യമായ പ്രൊഫഷണൽ യോഗ്യതകളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിശോധനകളിൽ ഇയാളുടെ തീവ്രവാദ ചായ്‌വുകളെക്കുറിച്ചോ ആക്രമണപദ്ധതിയെക്കുറിച്ചോ മുന്നറിയിപ്പ് നൽകുന്ന സൂചനകളൊന്നും കണ്ടെത്തിയിരുന്നില്ല.
അഭിഭാഷകന്റെ സാന്നിധ്യത്തിൽ പ്രതി കുറ്റസമ്മതം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റാരുടെയും സഹായമില്ലാതെയാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നും കൂടുതൽ ബന്ധങ്ങളുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
വിമാനത്തിലെ സംഭവത്തിന്റെ ദൃശ്യങ്ങൾ, സാങ്കേതിക റിപ്പോർട്ടുകൾ, മറ്റ് തെളിവുകൾ എന്നിവയും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് യുഎഇ അധികൃതർ അറിയിച്ചു.