
ദുബൈ: ഉയർന്ന വാടകയും താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും നേരിടുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്ന നീക്കവുമായി ദുബൈ. എമിറേറ്റിൽ ഷെയർഡ് ഹൗസിങ്ങുമായി ബന്ധപ്പെട്ട വിശദാംശങ്ങളും അംഗീകൃത മേഖലകളുടെ പട്ടികയും ദുബൈ മുനിസിപ്പാലിറ്റി പുറത്തുവിട്ടു. കരാമ, അൽ ബർഷ 1, അൽ റിഖ, അൽ ഖുസൈസ് എന്നിവയുൾപ്പെടെ 40-ലേറെ മേഖലകളിൽ പുതിയ ചട്ടങ്ങൾ പ്രകാരം ഷെയർഡ് ഹൗസിങ്ങിന് അനുമതിയുണ്ട്.
വാടകച്ചെലവ് കുറയ്ക്കാനും സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാനും പുതിയ തീരുമാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വീടുകളും മുറികളും പങ്കിട്ടു താമസിക്കുന്നവർ നേരിട്ടിരുന്ന പെട്ടെന്നുള്ള ഒഴിപ്പിക്കലുകൾക്കും മറ്റ് പ്രതിസന്ധികൾക്കും ഇതോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
നിയമം പാലിക്കാൻ ഒരു വർഷത്തെ സാവകാശം
പുതിയ ചട്ടങ്ങൾക്കനുസൃതമായി നിലവിലെ താമസസൗകര്യങ്ങൾ ക്രമീകരിക്കാൻ കെട്ടിട ഉടമകൾക്കും നടത്തിപ്പുകാർക്കും 2027 സെപ്റ്റംബർ 8 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഒരു വർഷത്തെ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തി ആവശ്യമായ നടപടികൾ പൂർത്തിയാക്കാം.
പെട്ടെന്നുള്ള ഒഴിപ്പിക്കലുകൾക്ക് അറുതിയാകുമോ?
ഷെയറിങ് താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം മുൻകാലങ്ങളിൽ പലർക്കും പെട്ടെന്ന് മുറികൾ ഒഴിയേണ്ടിവന്നിരുന്നു. ചിലർ തട്ടിപ്പുകൾക്കും ഇരയായിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങളിലൂടെ താമസവ്യവസ്ഥകൾ കൂടുതൽ വ്യക്തവും ക്രമബദ്ധവുമാകുമെന്നാണ് പ്രതീക്ഷ.
കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും ആശ്വാസം
കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും അനുയോജ്യമായ താമസസൗകര്യങ്ങൾ വ്യക്തമായി വേർതിരിക്കുന്നതിലൂടെ തർക്കങ്ങളും താമസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയമാനുസൃതമായി വീടുകൾ പങ്കിട്ടു താമസിക്കാനുള്ള സൗകര്യം വിപുലമാകുന്നതോടെ ഉയർന്ന വാടക നൽകേണ്ടിവരുന്ന പ്രവാസികൾക്ക് ചെലവ് കുറയ്ക്കാനുള്ള അവസരവും ലഭിച്ചേക്കും.
എന്നാൽ, പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതോടെ വാടക നിരക്കുകളിൽ എത്രത്തോളം കുറവുണ്ടാകുമെന്നത് വരും ദിവസങ്ങളിലെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.