
UAE legal action over child bullying video ഭിന്നശേഷിക്കുട്ടിയെ (People of Determination) അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്യക്തിക്കെതിരെ യുഎഇ ദേശീയ മാധ്യമ അതോറിറ്റി നിയമനടപടി സ്വീകരിച്ചു.സാമൂഹിക മൂല്യങ്ങൾക്കും പെരുമാറ്റച്ചട്ടങ്ങൾക്കും വിരുദ്ധമായ അനുചിതമായ പരാമർശങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിരുന്നതായി അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി അതോറിറ്റി ഏകോപനം നടത്തി. വീഡിയോ പ്രസിദ്ധീകരിച്ച അക്കൗണ്ടിനെതിരെയും വ്യക്തിക്കെതിരെയും നടപടി സ്വീകരിക്കുന്നതിനുള്ള നടപടികൾ ഇതിന്റെ ഭാഗമായി കൈക്കൊണ്ടു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.
കുട്ടികളുടെ അന്തസ്സും സുരക്ഷയും പ്രധാന്യം
എല്ലാ തരത്തിലുമുള്ള അധിക്ഷേപങ്ങളെയും പരിഹാസങ്ങളെയും ഭീഷണിപ്പെടുത്തലുകളെയും എതിർക്കുന്നതായി ദേശീയ മാധ്യമ അതോറിറ്റി വ്യക്തമാക്കി.
കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ മൂല്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അതോറിറ്റി അറിയിച്ചു.സോഷ്യൽ മീഡിയയിൽ ഉള്ളടക്കങ്ങൾ പങ്കുവെക്കുമ്പോൾ മറ്റുള്ളവരുടെ അന്തസ്സിനെയും അവകാശങ്ങളെയും മാനിക്കേണ്ടതിന്റെ പ്രാധാന്യവും ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.