
Kuwait KD 23,000 fraud case കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യത്ത് റെസ്റ്റോറന്റ് ആരംഭിക്കാമെന്നും താമസാനുമതി ലഭ്യമാക്കാമെന്നും വാഗ്ദാനം ചെയ്ത് രണ്ട് പേരിൽനിന്ന് 23,000 കുവൈത്ത് ദിനാർ തട്ടിയെന്ന കേസിൽ പ്രവാസിയെ കുറ്റവിമുക്തനാക്കിയ അപ്പീൽ കോടതി വിധി ശരിവച്ചു.
കേസിൽ നേരത്തെ രണ്ട് പ്രതികൾക്കും മൂന്ന് വർഷം തടവും ഒരാൾക്ക് 200 കുവൈത്ത് ദിനാർ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ അപ്പീൽ നൽകിയതോടെയാണ് നിലവിലെ പ്രതിയെ കുറ്റവിമുക്തനാക്കിയത്.
റെസ്റ്റോറന്റ് പദ്ധതി തർക്കത്തിലേക്ക്
രേഖകളും അന്വേഷണ വിവരങ്ങളും പരിശോധിച്ച കോടതി, പരാതിക്കാരിൽ ഒരാളുടെ പേരിലാണ് യൂറോപ്യൻ രാജ്യത്തെ റെസ്റ്റോറന്റ് പദ്ധതി യഥാർഥത്തിൽ സ്ഥാപിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തതെന്ന് കണ്ടെത്തി. വാഗ്ദാനം ചെയ്തതുപോലെ താമസാനുമതി ലഭിക്കാതിരുന്നതാണ് തർക്കത്തിന് കാരണമായത്.
വാടക കുടിശ്ശികയും പരാതിക്കാർ സ്ഥലത്തുനിന്ന് വിട്ടുനിന്നതും കാരണം പിന്നീട് റെസ്റ്റോറന്റ് അടച്ചുപൂട്ടിയതായി കോടതി നിരീക്ഷിച്ചു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പരാതിക്കാരിൽ ഒരാളുടെ പിതാവ് പങ്കെടുത്തതിന്റെ ചിത്രങ്ങളും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു.
വഞ്ചനാക്കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ വേണം
ഒരാളെ വഞ്ചിച്ച് പണം കൈമാറാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വഞ്ചനാപരമായ പ്രവർത്തനം നടന്നതായി തെളിയിക്കേണ്ടത് കുറ്റം നിലനിൽക്കാൻ അനിവാര്യമാണെന്ന് അപ്പീൽ കോടതി ചൂണ്ടിക്കാട്ടി.കേസിലെ രേഖകളും അന്വേഷണ വിവരങ്ങളും വിലയിരുത്തിയ ശേഷമാണ് പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി കോടതി ശരിവച്ചത്.