
Kuwait Driver Faces Deportation കുവൈത്ത് സിറ്റി: ജാബ്രിയയിൽ റോഡ് മലിനമാക്കിയ സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ നാടുകടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഡ്രൈവർ ഉപയോഗിച്ചിരുന്ന വാഹനം അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു.
റോഡിൽ മാലിന്യം തള്ളിയെന്ന പരാതിയെ തുടർന്നാണ് ട്രാഫിക് വിഭാഗത്തിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം നടത്തി ഡ്രൈവറെ പിടികൂടിയത്. അന്വേഷണത്തിൽ, ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ വിഭാഗം കൈകാര്യം ചെയ്യാൻ അനുമതിയില്ലാത്ത ഡ്രൈവിങ് ലൈസൻസാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.
റോഡ് മലിനമാക്കുന്ന വസ്തുക്കൾ തള്ളിയതിനും അനുവദനീയമല്ലാത്ത ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ രണ്ട് ട്രാഫിക് നിയമലംഘനങ്ങൾ ചുമത്തി. തുടർന്ന് ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. നാടുകടത്തൽ നടപടികൾക്കായി ഇയാളെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോഡ് സുരക്ഷയും പൊതുസ്ഥലങ്ങളുടെ ശുചിത്വവും ഉറപ്പാക്കുന്നതിനായി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
1 Comment