body =====

Dubai Police Offers Support to Deceased Woman’s Family കൊടുക്കാം ഒരു സല്യൂട്ട്; പ്രസവത്തിനിടെ ഇരട്ടക്കുട്ടികളുടെ അമ്മ മരിച്ചു; കുടുംബത്തിന് കൈത്താങ്ങായി ദുബായ് പൊലീസ്

dubai police scaled e1791537715158

Dubai Police Offers Support to Deceased Woman’s Family ദുബായ്: പ്രസവത്തിനിടെ മരിച്ച സുഡാൻ സ്വദേശിനി മർവയുടെ കുടുംബത്തിന് സഹായവുമായി ദുബായ് പൊലീസ്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന മർവയുടെ മരണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഭർത്താവിനും സഹോദരിക്കും ജോലി നൽകിയാണ് പൊലീസ് കൈത്താങ്ങായത്. നാല് പതിറ്റാണ്ടിലേറെയായി ഈ കുടുംബവുമായി ദുബായ് പൊലീസിനുള്ള ബന്ധത്തിന്റെ തുടർച്ച കൂടിയാണ് ഈ നടപടി.

36 വയസ്സുകാരിയായ മർവ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് പിന്നാലെയാണ് മരിച്ചത്. ഏകദേശം 12 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് മർവയ്ക്കും ഭർത്താവിനും കുഞ്ഞുങ്ങൾ പിറന്നത്. എന്നാൽ പ്രസവത്തിനിടെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ അവരുടെ ജീവൻ കവർന്നു. ഫഹദ്, ഫാഹദ് എന്നീ പേരുകളാണ് കുട്ടികൾക്ക് നൽകിയിരിക്കുന്നത്.

മർവയുടെ മരണത്തോടെ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം നിലച്ചു. ഭർത്താവ് ജോലി ഇല്ലാത്ത സാഹചര്യത്തിലായിരുന്നു. അജ്മാനിലെ ഇവർ താമസിച്ചിരുന്ന വീടിന്റെ വാടകക്കരാറും അവസാനിച്ചതോടെ കുടുംബം കൂടുതൽ ബുദ്ധിമുട്ടിലായി. നവജാത ശിശുക്കളുടെ സംരക്ഷണച്ചുമതല അബുദാബിയിൽ താമസിക്കുന്ന മർവയുടെ മൂത്ത സഹോദരി ഏറ്റെടുത്തു. അഞ്ച് കുട്ടികളുടെ അമ്മയായ ഇവർക്ക് ഇരട്ടക്കുട്ടികൾ കൂടി ഉൾപ്പെടെ ഏഴ് കുട്ടികളുടെ പരിചരണച്ചുമതലയാണ് ഇപ്പോൾ വഹിക്കേണ്ടിവരുന്നത്.

1983ൽ തുടങ്ങിയ ബന്ധം

മർവയുടെ കുടുംബത്തിന് ദുബായ് പൊലീസുമായുള്ള ബന്ധം ആരംഭിച്ചത് 1983ലാണ്. അന്ന് മർവയുടെ പിതാവ് സർജന്റ് അഹമ്മദ് അൽ അമീൻ ബഖീത്ത് ദുബായ് പൊലീസിന്റെ ക്രിമിനൽ അന്വേഷണ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. 1992ൽ അദ്ദേഹം മരിച്ചതോടെ ഭാര്യയും മൂന്ന് പെൺമക്കളും പ്രതിസന്ധിയിലായി.

കുടുംബത്തെ സഹായിക്കുന്നതിനായി ദുബായ് പൊലീസ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ജോലി നൽകി. പിന്നീട് അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ വിദേശത്ത് ചികിത്സ ലഭ്യമാക്കുന്നതിനും പൊലീസ് സഹായിച്ചു. ചികിത്സയ്ക്കിടെ 2016 മാർച്ചിലാണ് അവർ മരിച്ചത്.

അമ്മയുടെ മരണത്തിന് രണ്ട് മാസത്തിനുശേഷം, 2016 മേയിൽ മർവ ദുബായ് പൊലീസ് ഹെൽത്ത് സെന്ററിൽ ജോലിയിൽ പ്രവേശിച്ചു. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മർവ പിന്നീട് കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായി മാറി. ആ വർഷം കുടുംബത്തിന് സാമൂഹിക ഐക്യദാർഢ്യ ഫണ്ടിൽനിന്ന് സാമ്പത്തിക സഹായവും ലഭിച്ചിരുന്നു.

മർവയുടെ മരണശേഷവും സഹായം തുടരും

മർവയുടെ മരണത്തോടെ കുടുംബം വീണ്ടും പ്രതിസന്ധിയിലായതോടെയാണ് ദുബായ് പൊലീസ് ഇടപെട്ടത്. ഭർത്താവിനും മർവയുടെ ഇളയ സഹോദരിക്കും ജോലി നൽകുന്നതിനൊപ്പം കുടുംബത്തിന്റെ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും മാനസികവും സാമൂഹികവുമായ പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്.

സെപ്റ്റംബർ 25ന് ദുബായിലെ അൽ ഖുസൈസ് സെമിത്തേരി മസ്ജിദിൽ നടന്ന മർവയുടെ മയ്യിത്ത് നമസ്കാരത്തിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭ്യർഥനയെ തുടർന്നാണ് നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy