
ഷാർജ: ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കുള്ള റോഡ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ഷാർജയിലെ പ്രധാന റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. യൂണിവേഴ്സിറ്റി സിറ്റിക്കും എക്സിബിഷൻ ഗ്രൗണ്ടിനും ഇടയിലുള്ള റോഡിലാണ് പുതിയ ഗതാഗത ക്രമീകരണം.
ഇൻഡസ്ട്രിയൽ ഏരിയ 17ൽ നിന്ന് യൂണിവേഴ്സിറ്റി പാലം വഴി യൂണിവേഴ്സിറ്റി സിറ്റിയിലേക്കുള്ള പാതയിൽ ഇരുദിശകളിലേക്കും രണ്ട് വരികൾ വീതം വാഹനങ്ങൾക്കായി തുറന്നിട്ടുണ്ട്. റോഡ് വികസനത്തിന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായാണ് നടപടി.
അതേസമയം മലീഹ റോഡിലേക്കുള്ള ഗതാഗത തിരിച്ചുവിടൽ തുടരും. നിർമാണ മേഖലയ്ക്ക് സമീപമുള്ള സ്ഥാപനങ്ങളിലേക്കും വിവിധ സേവന കേന്ദ്രങ്ങളിലേക്കും പോകുന്ന വാഹനങ്ങൾക്ക് ബദൽ മാർഗങ്ങളും ഒരുക്കിയിട്ടുണ്ട്. പുതിയ ഗതാഗത ക്രമീകരണം ഒക്ടോബർ 6 മുതൽ നവംബർ 29 വരെ തുടരുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഇത്തിഹാദ് റെയിലിന് വഴിയൊരുക്കി
ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുകയും സമീപ പ്രദേശങ്ങളുമായുള്ള റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ട്രെയിൻ സർവീസുകൾ വിപുലമാകുന്നതോടെ ഉണ്ടാകാൻ സാധ്യതയുള്ള അധിക ഗതാഗതം കൈകാര്യം ചെയ്യുന്നതിനായി സമീപ റോഡുകളുടെ ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വികസനം.
നിർമാണം തുടരുന്നതിനിടയിലും ഗതാഗത തടസ്സം പരമാവധി കുറയ്ക്കുന്നതിനാണ് ഘട്ടംഘട്ടമായി റോഡുകൾ തുറക്കുന്നത്. വാഹനയാത്രക്കാർ അധികൃതർ നിർദേശിച്ച ബദൽ റൂട്ടുകളും റോഡ് സൈൻബോർഡുകളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ ഓഗസ്റ്റിലും യൂണിവേഴ്സിറ്റി സിറ്റിക്കും ഇൻസ്റ്റിറ്റ്യൂട്ട്സ് ലാൻഡ് ഏരിയയ്ക്കുമിടയിൽ റോഡ് ഭാഗികമായി തുറന്നിരുന്നു. അന്നത്തെ ഗതാഗത തിരിച്ചുവിടൽ ഒക്ടോബർ 5 വരെ നിശ്ചയിച്ചിരുന്നതിന് പിന്നാലെയാണ് പുതിയ ക്രമീകരണം നിലവിൽ വന്നത്.
പ്രവാസികൾ ശ്രദ്ധിക്കുക: ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കോ സമീപ പ്രദേശങ്ങളിലേക്കോ വാഹനത്തിൽ പോകുന്നവർ നിലവിലെ റോഡ് നിയന്ത്രണങ്ങളും നിർദേശിച്ച ബദൽ വഴികളും മുൻകൂട്ടി പരിശോധിക്കുന്നത് യാത്ര സുഗമമാക്കും.