
ദുബൈ: നഗരത്തിലെ വിലാസ സംവിധാനത്തിന് പുതിയ രൂപവും സാങ്കേതിക സൗകര്യങ്ങളും കൊണ്ടുവരാൻ ദുബൈ അധികൃതർ. തെരുവ് ബോർഡുകൾ, പ്രദേശങ്ങളുടെ അടയാളങ്ങൾ, വീട്ടുനമ്പർ പ്ലേറ്റുകൾ എന്നിവ പുതിയ ഡിസൈനിലും നിറങ്ങളിലുമായി പുനഃക്രമീകരിക്കും. വിലാസ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ക്യുആർ കോഡ് സംവിധാനവും ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തും.
സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിങ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), ദുബൈ മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 2030ഓടെ ദുബൈയിലെ 186 മേഖലകളിലും പുതിയ വിലാസ സംവിധാനം വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
അഞ്ച് നിറങ്ങളിൽ പുതിയ ബോർഡുകൾ
ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്ര സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ അഞ്ച് വ്യത്യസ്ത നിറങ്ങളാണ് ബോർഡുകൾക്ക് നൽകുക. കടലിനോട് ചേർന്ന തീരദേശ മേഖലകളിൽ നീല നിറവും, മരുഭൂമി സ്വഭാവമുള്ള പ്രദേശങ്ങളിൽ സ്വർണ നിറവും ഉപയോഗിക്കും.
ആദ്യഘട്ടത്തിൽ 2,000 ബോർഡുകൾ
പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം തന്നെ ആരംഭിക്കും. അൽ ഖവാനീജ് 1, സാബീൽ 1, സാബീൽ 2, നാദ് അൽ ഷെബ, നസ്‌വ എന്നീ അഞ്ച് മേഖലകളിലായി 2,000ത്തിലധികം ബോർഡുകളാണ് ആദ്യം മാറ്റിസ്ഥാപിക്കുക. നഗരവികസനം, ജനസാന്ദ്രത, താമസ-വിനോദസഞ്ചാര മേഖലകളുടെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പ്രദേശങ്ങൾ തെരഞ്ഞെടുത്തത്.
മകാനി നമ്പറും ക്യുആർ കോഡും
പുതിയ വീട്ടുനമ്പർ പ്ലേറ്റുകളിൽ ഓരോ കെട്ടിടത്തിന്റെയും ഔദ്യോഗിക ലൊക്കേഷൻ ഐഡന്റിഫയറായ ‘മകാനി’ നമ്പറിനൊപ്പം ക്യുആർ കോഡും ഉൾപ്പെടുത്തും. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ പ്രദേശത്തിന്റെ ചരിത്രം, തെരുവിന്റെ പേരിന്റെ അർത്ഥം, സമീപത്തെ പ്രധാന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ മാപ്പിലൂടെ ലഭ്യമാക്കും.
ഭാവിയിൽ ബസ് സ്റ്റോപ്പുകൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ, ഏരിയ മാപ്പ് ബോർഡുകൾ എന്നിവയിലും പുതിയ സംവിധാനത്തെ ഉൾപ്പെടുത്താനാണ് അധികൃതരുടെ പദ്ധതി.
പ്രവാസികൾക്കും സന്ദർശകർക്കും നഗരത്തിലെ വിലാസങ്ങൾ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാക്കുന്ന മാറ്റമായിരിക്കും പുതിയ സംവിധാനം.