body =====

Kuwait Links payment service കുവൈത്തിൽ ‘ലിങ്ക്സ്’ എന്നവൻ മരം വീണു, പകരം ദേ ഇവൻ എത്തി, രാജ്യത്ത് ‘ലിങ്ക്സ്’ പേയ്‌മെന്റ് സേവനം നിർത്തലാക്കുന്നു

KUWAIT NEW 1

Kuwait Links payment service കുവൈത്ത് സിറ്റി: വ്യക്തികൾ തമ്മിൽ പണം കൈമാറാൻ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് പേയ്‌മെന്റ് ലിങ്ക് സേവനമായ ‘ലിങ്ക്സ്’ (Links) ഘട്ടംഘട്ടമായി നിർത്തലാക്കാൻ കുവൈത്തിലെ ബാങ്കുകൾ ഒരുങ്ങുന്നു. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരം കെനെറ്റുമായി (KNET) സഹകരിച്ചാണ് സേവനം പിൻവലിക്കുന്നത്.

2015 മുതൽ കുവൈത്തിലെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി ഉപയോഗിച്ചുവരുന്ന ‘ലിങ്ക്സ്’ സേവനം ഉടൻ ഘട്ടംഘട്ടമായി അവസാനിപ്പിക്കും. എന്നാൽ സേവനം പൂർണമായും നിർത്തലാക്കുന്ന കൃത്യമായ തീയതി സെൻട്രൽ ബാങ്ക് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

സുരക്ഷ ശക്തിപ്പെടുത്താൻ നടപടി

ഓൺലൈൻ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനുമാണ് ‘ലിങ്ക്സ്’ സേവനം പിൻവലിക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്.

പേയ്‌മെന്റ് ലിങ്കുകൾ ഒന്നിലധികം ആളുകളുമായി എളുപ്പത്തിൽ പങ്കിടാൻ കഴിയുന്നതിനാൽ വ്യാജ ഇടപാടുകൾക്കും അനധികൃത പണമിടപാടുകൾക്കും ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

പണം സ്വീകരിക്കുന്ന വ്യക്തിയെ കൂടുതൽ കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് ഉപഭോക്താക്കളെ മാറ്റുകയാണ് ലക്ഷ്യം.

‘വാംദ്’ ഉപയോഗിക്കാൻ പ്രോത്സാഹനം

‘ലിങ്ക്സ്’ സേവനത്തിന് പകരമായി കുവൈത്തിന്റെ ഔദ്യോഗിക തൽസമയ പണമിടപാട് സംവിധാനമായ ‘വാംദ്’ (Wamd) ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും.

വ്യക്തികൾ തമ്മിലുള്ള വേഗത്തിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമായി നടത്താൻ ലക്ഷ്യമിട്ടുള്ള സംവിധാനമാണ് വാംദ്.

ബോധവൽക്കരണ ക്യാമ്പയിൻ നടത്തും

പുതിയ പേയ്‌മെന്റ് സംവിധാനത്തിലേക്ക് ഉപഭോക്താക്കളെ മാറ്റുന്നതിന്റെ ഭാഗമായി ബാങ്കുകളും കെനെറ്റും സംയുക്തമായി ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കും.

സെൻട്രൽ ബാങ്കിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും ക്യാമ്പയിന് തുടക്കം കുറിക്കുക. ‘ലിങ്ക്സ്’ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും പുതിയ സംവിധാനത്തിന്റെ ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

നിലവിൽ ‘ലിങ്ക്സ്’ വഴിയുള്ള ഇടപാടുകളുടെ സേവനച്ചെലവ് ബാങ്കുകൾ തമ്മിലുള്ള ഇന്റർബാങ്ക് ക്ലിയറിംഗ് സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്.

‘ലിങ്ക്സ്’ പൂർണമായി അവസാനിപ്പിക്കുന്ന തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ കുവൈത്ത് സെൻട്രൽ ബാങ്ക് പിന്നീട് ഔദ്യോഗികമായി അറിയിക്കും.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy