
ദുബായ്: ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന കാലമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഓരോ ദിവസവും വ്യത്യസ്തമായ തട്ടിപ്പ് രീതികളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് തട്ടിപ്പ് സംഘങ്ങൾ യുഎഇ പോലുള്ള രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ ഐഫോൺ 18 സീരീസ് ഇറങ്ങിയതോടെ ഇത് കേന്ദ്രീകരിച്ചാണ് പുത്തൻ തട്ടിപ്പ്.
കേരളത്തെ അപേക്ഷിച്ച് യുഎഇയിൽ പുത്തൻ ഐഫോണിന് വില കുറവായതിനാൽ പലരും വിദേശത്തേക്ക് പോയി വാങ്ങാറുണ്ട്. മാത്രമല്ല, പ്രവാസികൾ മുഖേനയും വാങ്ങാറുണ്ട്. വിലക്കുറവ് കണ്ട് ചതികളിൽ വീഴാതിരിക്കാൻ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവിശ്വസനീയമായ വിലക്കുറവും ഓഫറുകളും നൽകുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൈബർ സുരക്ഷാ വിദഗ്ദ്ധർ. ഇത്തരം സൈറ്റുകൾ ഉപയോക്താക്കളുടെ പണം തട്ടാമെന്ന് പ്രമുഖ സുരക്ഷാ സ്ഥാപനമായ കാസ്പെർസ്കി വ്യക്തമാക്കി.
ഇംഗ്ലീഷ്, അറബിക്, പോർച്ചുഗീസ് തുടങ്ങിയ ഭാഷകളിലാണ് ഈ വ്യാജ വെബ്സൈറ്റുകളുള്ളത്. ഇവയിൽ ഒന്നിൽ, 25 ശതമാനം വിലക്കിഴിവോടെയാണ് ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് എന്നിവ വിൽപ്പനയ്ക്ക് വച്ചിരുന്നത്. ഫോൺ വാങ്ങുന്നവർക്ക് ബിറ്റ്കോയിൻ വഴി പണമടയ്ക്കാനുള്ള സൗകര്യവും തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നുണ്ട്.
അവിശ്വസനീയമായ ഓഫറുകൾ ഉള്ള വെബ്സൈറ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതിൽ നിന്ന് ഫോണോ മറ്റ് വസ്തുക്കളോ വാങ്ങരുതെന്നും കാസ്പെർസ്കിയിലെ സീനിയർ വെബ് കണ്ടന്റ് അനലിസ്റ്റായ ഓൾഗ അൽതുഖോവ പറഞ്ഞു. വ്യക്തിഗത വിവരങ്ങളോ പണമോ തട്ടിയെടുക്കാനാകുന്ന വിധത്തിലാണ് ഈ വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സാമ്പത്തിക നഷ്ടം മാത്രമാണ് ഒടുവിൽ ഉണ്ടാവുകയെന്നും കാസ്പെർസ്കി മുന്നറിയിപ്പ് നൽകി.
കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ച നിറങ്ങളിൽ നിന്ന് വ്യത്യസ്തമായവയും പ്രീ- ഓർഡർ ചെയ്ത് ഇഷ്ടമുള്ള സ്റ്റോറേജ് തിരഞ്ഞെടുക്കാനുമുള്ള അവസരം തട്ടിപ്പുകാർ നിങ്ങൾക്ക് നൽകും. കറുപ്പ്, വെള്ളി, ഗ്ലേഷ്യർ, ബർഗണ്ടി എന്നീ നാല് നിറങ്ങളിൽ മാത്രമാണ് നിലവിൽ ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് എന്നിവ ലഭ്യമായിട്ടുള്ളത്. 56GB, 512GB, 1TB, 2TB എന്നിങ്ങനെയുള്ള സ്റ്റോറേജ് ശേഷികളിൽ മാത്രമാണ് ഇവ ലഭിക്കുന്നത്.
വ്യാജന്മാരിൽ ചിലർ ഓഫറുകൾ കൂടുതൽ ആകർഷകമാക്കാനായി ക്യാഷ് ഓൺ ഡെലിവറി സംവിധാനവും നൽകിയിട്ടുണ്ട്. മുഴുവൻ പണവും മുൻകൂട്ടി അടയ്ക്കാതെ തന്നെ ഇതിലൂടെ ഫോൺ ബുക്ക് ചെയ്യാനാകും. പകുതി പണമടച്ചുള്ല ഓഫറുകളും ലഭിക്കും. എന്നാൽ, മുഴുവൻ പണമടയ്ക്കാതെ ഇവ കാൻസൽ ചെയ്യാനുമാകില്ല.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’; ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ച് യുഎഇയിലെ മലയാളി സംരംഭകൻ
UAE September 26, 2026

ദുബായ്: ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി സംരംഭകൻ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ ‘വേൾഡ് സ്റ്റാർ മാൻപവറിലെ മാനേജിംഗ് ഡയറക്ടറായ നിഷാദ് ഹുസൈൻ ആണ് ജീവനക്കാർക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷാദ് ഹുസൈന്റെ ഭാര്യ ഹസീന നിഷാദാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
മേശപ്പുറത്ത് സമ്മാനപ്പൊതികൾ നിരത്തി വച്ചശേഷം ജീവനക്കാർക്ക് ഓരോന്നായി അവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് വീഡിയോയിലുള്ളത്. സമ്മാനപ്പൊതികളിൽ ചിലത് ഐഫോണായിരുന്നെങ്കിൽ മറ്റുചിലതിൽ ചോക്ലേറ്റ് ബാറുകൾ ആയിരുന്നു. ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് പിന്നീട് മറ്റൊരു ജീവനക്കാരൻ ഐഫോണുകൾ സമ്മാനിച്ചതോടെ സമ്മാനവിതരണം കൂടുതൽ സന്തോഷകരമായി.
ജീവനക്കാരുടെ കഠിനാധ്വാനത്തെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചാണ് നിഷാദ് സമ്മാനങ്ങൾ നൽകിയതെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയത്. ജീവനക്കാരുടെ കൂട്ടായ ശക്തിയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും കഴിവിൽ വിശ്വാസമർപ്പിക്കണമെന്നും വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സഹപ്രവർത്തകരെ പിന്തുണച്ച് മുന്നോട്ട് പോകണമെന്നും നിഷാദ് ജീവനക്കാരോട് പറയുന്നു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് സ്ഥാപനത്തെ ഉയരത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
APPLY NOW FOR THE LATEST VACANCIES
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ജീവനക്കാരോട് മാനേജ്മെന്റ് കാണിക്കുന്ന പരിഗണനയെ അഭിനന്ദിച്ചായിരുന്നു പലരുടെയും പ്രതികരണം. ‘ജോലി ഒഴിവുണ്ടോ? ഈ കമ്പനിയിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്റെ ബോസ് ഇത് എ.ഐ. ആണെന്നാണ് പറയുന്നത്’ മറ്റൊരാൾ കുറിച്ചു. ഐഫോൺ ലഭിച്ചതുകൊണ്ടുമാത്രമല്ല, മാനേജ്മെന്റ് ജീവനക്കാരോട് കാണിക്കുന്ന സമീപനമാണ് ഇവരെ ഭാഗ്യവാന്മാരാക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ചുള്ള ഇത്തരം സമീപനം മാതൃകാപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.