
ഹോർമുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ദിയോറ സ്വദേശിയായ സൂരജ് യാദവ് ആണ് മരിച്ചത്. ഇന്ത്യയിലേക്ക് വരിക ആയിരുന്ന ‘എം.വി കേപ് ദാവോ’ (MV Cape Dao) എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒമാനിലെ ഇന്ത്യൻ എംബസിയാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഇന്ന് ഉച്ചക്ക് ഇന്ത്യൻ സമയം 12 മണിയോട് കൂടിയാണ് സംഭവം നടക്കുന്നത്. ഇറാൻ റെവലൂഷനറി ഗാർഡാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ആന്റി ഷിപ് മിസൈലുകൾ ഉപയോഗിച്ചാണ് ചരക്ക് കപ്പലിനെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ ആണ് സൂരജ് യാദവ് കൊലപ്പെട്ടത്. ഈ കപ്പലിൽ 28 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 20 പേർ ഇന്ത്യക്കാരാണ്.
സംഭവം നടന്ന ഉടൻ തന്നെ ഒമാൻ റോയൽ നേവി സ്ഥലത്ത് എത്തുകയും രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കപ്പലിലെ ജീവനക്കാരെ തീരത്തേക്ക് എത്തിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിൽ മറ്റൊരു ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഇന്ത്യൻ പൗരൻ അല്ലെന്നാണ് സൂചന.
മറ്റുള്ള ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്പോർട്ട് ശേഖരിക്കുന്നതിന് ഇനി അവധി എടുക്കേണ്ട
UAE drisya — September 21, 2026·0 Comment

ICAC Sunday Passport Collection Facility ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് ശേഖരിക്കുന്നതിനായി ഇനി പ്രവൃത്തിദിവസങ്ങളിൽ അവധി എടുക്കേണ്ട സാഹചര്യമില്ല. രാജ്യത്തെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ച പാസ്പോർട്ട് ശേഖരണ സൗകര്യം ആരംഭിച്ചതായി അൽഹിന്ദ് ഗ്ലോബൽ സർവീസസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പാസ്പോർട്ട് ശേഖരണ കൗണ്ടറുകൾ പ്രവർത്തിക്കും. ജോലി സമയത്ത് കേന്ദ്രങ്ങളിലെത്താൻ സാധിക്കാത്ത പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകും. പാസ്പോർട്ട് വീട്ടിലെത്തിക്കുന്നതിനായി അധികമായി കൊറിയർ സേവനം ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
APPLY NOW FOR THE LATEST VACANCIES
16 കേന്ദ്രങ്ങളിലും ഞായറാഴ്ച സേവനം
യുഎഇയിലെ വിവിധ എമിറേറ്റുകളിലായി പ്രവർത്തിക്കുന്ന 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലാണ് ഞായറാഴ്ച പാസ്പോർട്ട് ശേഖരിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജോലി ചെയ്യുന്ന പ്രവാസികൾക്ക് സ്വന്തം സൗകര്യത്തിനനുസരിച്ച് ഞായറാഴ്ച കേന്ദ്രത്തിലെത്തി പാസ്പോർട്ട് കൈപ്പറ്റാം
അപേക്ഷാ കെട്ടിക്കിടപ്പ് പരിഹരിച്ചു
സേവനം ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന അപേക്ഷകളുടെ കെട്ടിക്കിടപ്പ് ഇപ്പോൾ പൂർണമായും പരിഹരിച്ചതായി അൽഹിന്ദ് അറിയിച്ചു. നിലവിൽ 16 കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ ലഭ്യമാണെന്നും സേവനങ്ങൾ സുഗമമായും സമയബന്ധിതമായും മുന്നോട്ടുപോകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
കോൺസുലർ സേവനങ്ങൾക്കായി നേരത്തെ ഉണ്ടായിരുന്ന കാലതാമസം കുറയ്ക്കുന്നതിനും അപേക്ഷകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഏകീകൃത നിരക്ക് 19 ദിർഹം
അപേക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന സേവനങ്ങൾക്കായി അൽഹിന്ദ് 19 ദിർഹം ഏകീകൃത നിരക്കാണ് ഈടാക്കുന്നത്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, ഫോട്ടോകോപ്പി, കൊറിയർ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
അപേക്ഷാ നടപടികൾക്കായി പുറത്തുള്ള ഏജൻസികളെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. അപേക്ഷകർക്ക് ആവശ്യമായ സേവനങ്ങൾ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഓൺലൈൻ അപ്പോയിന്റ്മെന്റ്
അപ്പോയിന്റ്മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 9 വരെ പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാക്കും.
16 കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകരെ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ
ബുർ ദുബൈ കേന്ദ്രത്തിൽ 45 കൗണ്ടറുകൾ
ബുർ ദുബൈയിലെ അൽഹിന്ദ് കേന്ദ്രത്തിൽ മാത്രം 45 കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിലൂടെ അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രവൃത്തിദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകിച്ച് ഗുണകരമാകുന്ന തരത്തിലാണ് ഞായറാഴ്ച പാസ്പോർട്ട് ശേഖരണ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.