കുവൈത്ത് സിറ്റി, സെപ്റ്റംബർ 17: ഇറക്കുമതി ചെയ്ത മദ്യം അനധികൃതമായി കടത്തിയെന്ന കേസിൽ കുവൈത്തിൽ പ്രവാസിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് നടപടി സ്വീകരിച്ചത്.സുരക്ഷാ വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷമാണ് ജാബർ അൽ-അഹ്മദ് പ്രദേശത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
ചോദ്യം ചെയ്യലിനിടെ ഇറക്കുമതി ചെയ്ത മദ്യം കടത്തിയതായി പ്രതി സമ്മതിച്ചതായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വീടിനുള്ളിലെ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് പ്രതി കൊണ്ടുപോയി.
അവിടെ നടത്തിയ പരിശോധനയിൽ 172 കുപ്പി ഇറക്കുമതി ചെയ്ത മദ്യവും KD 465,750 പണവും പിടിച്ചെടുത്തു.
അനധികൃത പ്രവർത്തനത്തിലൂടെ ലഭിച്ച പണം ബാങ്ക് അക്കൗണ്ടുകൾ വഴി വെളുപ്പിച്ചതായും അന്വേഷണത്തിൽ സംശയം ഉയർന്നിട്ടുണ്ട്. മദ്യം വാങ്ങുന്നവരിൽ നിന്ന് പണം സ്വീകരിക്കാൻ പേയ്മെന്റ് ലിങ്കുകൾ ഉപയോഗിച്ചതായും മന്ത്രാലയം പറഞ്ഞു.
തുടർന്ന് ലഭിച്ച പണം നിയമാനുസൃതമായി ലഭിച്ചതാണെന്ന് കാണിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. തുടർന്ന് കൂടുതൽ നടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.