
അബുദാബി/ദുബായ്∙ ശമ്പളം, തൊഴിൽ കരാർ, അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുഎഇയിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വേഗത്തിലുള്ള പരിഹാര സംവിധാനം ഫലപ്രദമാകുന്നു. ഈ വർഷം ആദ്യ ആറുമാസത്തെ കണക്കുപ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത 1,88,274 തൊഴിൽ തർക്കങ്ങളിൽ 98.6 ശതമാനവും (1,85,793 കേസുകൾ) സൗഹാർദപരമായ ഒത്തുതീർപ്പിലൂടെ പരിഹരിച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
APPLY NOW FOR THE LATEST VACANCIES
ആകെ കേസുകളിൽ 2,481 എണ്ണം (1.4%) മാത്രമാണ് കോടതിയിലേക്ക് കൈമാറിയത്. തർക്കങ്ങൾ നീണ്ട നിയമ നടപടികളിലേക്കു പോകുന്നതിനു മുൻപുതന്നെ പരിഹരിക്കാൻ കഴിയുന്ന സംവിധാനം ശക്തമാക്കിയതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതെ തുടരാനും സഹായിക്കുന്ന തരത്തിലാണ് മന്ത്രാലയം തൊഴിൽ തർക്ക പരിഹാര സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
വേഗത്തിൽ പരിഹാരം
തൊഴിൽ തർക്കങ്ങളിൽ പരിഹാരം വൈകുന്നതായിരുന്നു മുൻപ് നേരിട്ടിരുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ഇത് പരിഹരിക്കാൻ 50,000 ദിർഹം വരെയുള്ള ക്ലെയിമുകളുള്ള തൊഴിൽ തർക്കങ്ങളിൽ നേരിട്ട് തീരുമാനമെടുക്കാനുള്ള അധികാരം മന്ത്രാലയത്തിന് നൽകി. ഇതോടെ കോടതികളുടെ ജോലിഭാരം കുറയുകയും തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുകയും ചെയ്യുന്നു.
ശമ്പള വിതരണത്തിലെ കാലതാമസങ്ങളാണ് തൊഴിൽ തർക്കങ്ങളുടെ പ്രധാന കാരണങ്ങൾ. ഇത് തടയുന്നതിൽ നവീകരിച്ച വേതന സുരക്ഷാ സംവിധാനം നിർണായക പങ്കു വഹിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ശമ്പള വിതരണം സംബന്ധിച്ച വീഴ്ചകൾ നേരത്തെ കണ്ടെത്തി ഇടപെടാൻ കഴിയുന്നതിനാൽ പ്രശ്നങ്ങൾ വലിയ നിയമ തർക്കങ്ങളായി മാറുന്നതിനു മുൻപ് പരിഹരിക്കാൻ സാധിക്കുന്നു. ഇത് തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്താനും സഹായിക്കുന്നു. തൊഴിൽ തർക്ക പരിഹാര സംവിധാനവും മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവന സംവിധാനങ്ങളും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ പരാതികൾ നിരീക്ഷിക്കാനും വേഗത്തിൽ നടപടിയെടുക്കാനും സാധിക്കുന്നതായി ലേബർ റിലേഷൻ വിഭാഗം ഡയറക്ടർ ഡോ. അഹ്മദ് അൽ ഖറ പറഞ്ഞു.
പരാതിപ്പെടാം
തൊഴിൽ പരാതികൾ നൽകാനും തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ തേടാനും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും 80084 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mohre.gov.ae വഴിയും MOHRE UAE സ്മാർട്ട് ആപ്പ് വഴിയും പരാതിപ്പെടാം.