
ദുബൈ: യുഎഇയിൽ ഒരു പുതിയ ജോലി ലഭിക്കുന്നത് വലിയൊരു നേട്ടമാണ്. എന്നാൽ ഓഫർ ലെറ്റർ കൈപ്പറ്റുമ്പോൾ പലരും ആകർഷകമായ ശമ്പളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും തൊഴിൽ കരാറിലെ മറ്റ് പ്രധാന നിബന്ധനകൾ അവഗണിക്കുകയും ചെയ്യാറുണ്ട്. യുഎഇ തൊഴിൽ നിയമപ്രകാരം നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭാവിയിലെ നിയമക്കുരുക്കുകൾ ഒഴിവാക്കുന്നതിനും കരാറിൽ ഒപ്പിടുന്നതിന് മുമ്പ് നിർബന്ധമായും പരിശോധിക്കേണ്ട 10 പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്.
1. കരാറിന്റെ തരവും കാലാവധിയും
യുഎഇയിലെ സ്വകാര്യ മേഖലയിൽ ഭൂരിഭാഗവും നിശ്ചിതകാല കരാറുകളാണ്. കരാറിന്റെ കൃത്യമായ ആരംഭ, അവസാന തീയതികൾ, ഇത് പുതുക്കുന്നതിനുള്ള നിബന്ധനകൾ എന്നിവ പരിശോധിക്കുക. നിങ്ങൾക്ക് ആദ്യം ലഭിച്ച ഓഫർ ലെറ്ററിലെ വിവരങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക തൊഴിൽ കരാറിലെ വിവരങ്ങളും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തുക.
2. ശമ്പള ഘടന
നിങ്ങളുടെ ആകെ ശമ്പളം ഏതൊക്കെ രീതിയിലാണ് വിഭജിച്ചിരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കുക. യുഎഇ നിയമപ്രകാരം നിങ്ങളുടെ സേവനാവസാന ആനുകൂല്യമായ ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഭവന അലവൻസ്, യാത്രാ അലവൻസ് എന്നിവ ഇതിൽ ഉൾപ്പെടില്ല. അതിനാൽ ആകെ ശമ്പളം കൂടുതലാണെങ്കിലും അടിസ്ഥാന ശമ്പളം വളരെ കുറവാണെങ്കിൽ ഗ്രാറ്റുവിറ്റി തുക കുറയും.
APPLY NOW FOR THE LATEST VACANCIES
3. പ്രൊബേഷൻ കാലയളവ്
യുഎഇ തൊഴിൽ നിയമപ്രകാരം പ്രൊബേഷൻ കാലയളവ് പരമാവധി 6 മാസം വരെയാകാം. പ്രൊബേഷൻ സമയത്ത് ജോലി അവസാനിപ്പിക്കാൻ രേഖാമൂലമുള്ള നോട്ടീസ് വേണം. തൊഴിലുടമ പിരിച്ചുവിടുകയാണെങ്കിലോ, ജീവനക്കാരൻ യുഎഇ വിട്ടുപോവുകയാണെങ്കിലോ കുറഞ്ഞത് 14 ദിവസത്തെ നോട്ടീസ് നൽകണം. എന്നാൽ യുഎഇയിൽ തന്നെ മറ്റൊരു ജോലിയിലേക്ക് മാറുകയാണെങ്കിൽ കുറഞ്ഞത് ഒരു മാസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്. അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകേണ്ടി വരികയും ഒരു വർഷം വരെ വർക്ക് പെർമിറ്റ് നിരോധനം നേരിടേണ്ടി വരികയും ചെയ്യാം.
4. ജോലി സമയം
സ്വകാര്യ മേഖലയിലെ സാധാരണ ജോലി സമയം പ്രതിദിനം 8 മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ ആണ്. നിങ്ങളുടെ കരാറിൽ ഷിഫ്റ്റുകളെക്കുറിച്ചും സാധാരണ പ്രവൃത്തി സമയത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
5. ഓവർടൈം നിയമങ്ങൾ
മാനേജീരിയൽ, സൂപ്പർവൈസറി തസ്തികകളിലുള്ളവർക്ക് സാധാരണയായി ഓവർടൈം ആനുകൂല്യങ്ങൾ ഉണ്ടാകാറില്ല. മറ്റുള്ളവർക്ക് ഓവർടൈം വ്യവസ്ഥകൾ ബാധകമാണ്:
- സാധാരണ ഓവർടൈമിന് അടിസ്ഥാന ശമ്പളത്തോടൊപ്പം 25% അധിക വേതനം ലഭിക്കും.
- രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെയുള്ള സമയത്താണെങ്കിൽ ഇത് 50% ആയി ഉയരും.
- അവധി ദിവസങ്ങളിലെ ജോലിക്ക് പകരം അവധിയോ അല്ലെങ്കിൽ 50% അധിക വേതനമോ ലഭിക്കാൻ അർഹതയുണ്ട്.
6. വാർഷിക അവധി
ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരന് 30 ദിവസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധിക്ക് അർഹതയുണ്ട്. ആറ് മാസം മുതൽ ഒരു വർഷം വരെ സേവനമുള്ളവർക്ക് പ്രതിമാസം 2 ദിവസത്തെ അവധി വീതം ലഭിക്കും.
7. ഗ്രാറ്റുവിറ്റി
നിയമപരമായ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ കരാറിലെ ഒരു വ്യവസ്ഥയ്ക്കും കഴിയില്ല.
ആദ്യത്തെ 5 വർഷത്തെ സേവനത്തിന്: ഓരോ വർഷത്തിനും 21 ദിവസത്തെ അടിസ്ഥാന ശമ്പളം.
5 വർഷത്തിന് ശേഷമുള്ള സേവനത്തിന്: ഓരോ വർഷത്തിനും 30 ദിവസത്തെ അടിസ്ഥാന ശമ്പളം.
ജോലി അവസാനിപ്പിച്ച് 14 ദിവസത്തിനുള്ളിൽ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള എല്ലാ കുടിശ്ശികകളും തീർപ്പാക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.
8. നോട്ടീസ് കാലയളവ്
കരാർ അവസാനിപ്പിക്കുന്നതിനായി ഇരുപക്ഷവും നൽകേണ്ട നോട്ടീസ് കാലയളവ് കുറഞ്ഞത് 30 ദിവസത്തിനും പരമാവധി 90 ദിവസത്തിനും ഇടയിലായിരിക്കണം. നോട്ടീസ് നൽകാതെ കരാർ അവസാനിപ്പിച്ചാൽ പകരം നൽകേണ്ട തുകയെക്കുറിച്ചുള്ള വ്യവസ്ഥകളും പരിശോധിക്കുക.
9. നോൺ-കോമ്പീറ്റ് ക്ലോസ്
കമ്പനിയിലെ ജോലി ഒഴിഞ്ഞ ശേഷം സമാന മേഖലയിലെ എതിരാളികളായ മറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നതിനോ സ്വന്തമായി ബിസിനസ്സ് തുടങ്ങുന്നതിനോ ജീവനക്കാരെ വിലക്കുന്ന വ്യവസ്ഥയാണിത്. ഈ വ്യവസ്ഥ കരാറിലുണ്ടെങ്കിൽ അതിന്റെ ഭൂമിശാസ്ത്രപരമായ പരിധി, വ്യവസായ മേഖല, കാലയളവ് എന്നിവ കൃത്യമായി നിർവചിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
10. കരാർ ഏകപക്ഷീയമായി മാറ്റാൻ കഴിയില്ല
ജീവനക്കാരന്റെ വ്യക്തമായ രേഖാമൂലമുള്ള സമ്മതമില്ലാതെ ശമ്പളം കുറയ്ക്കാനോ, തസ്തിക മാറ്റാനോ തൊഴിലുടമയ്ക്ക് നിയമപരമായി അവകാശമില്ല. അങ്ങനെ ചെയ്യുന്ന മാറ്റങ്ങൾ അസാധുവാണ്.
യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 8(1) പ്രകാരം തൊഴിൽ കരാറിന്റെ ഒപ്പിട്ട ഒരു പകർപ്പ് ജീവനക്കാരന് നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കരാറിന്റെ ഒറിജിനൽ കോപ്പി എപ്പോഴും നിങ്ങളുടെ കൈവശം സൂക്ഷിക്കുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ യാത്ര ഇനി മിന്നൽ വേഗത്തിൽ; ഇത്തിഹാദ് റെയിലിന്റെ സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്കുകൾ, യാത്രക്കാർ അറിയേണ്ടതെല്ലാം

Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെ റെയിൽ ശൃംഖലയുടെ ഭാവി പദ്ധതികൾ വ്യക്തമായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം പൂർത്തിയാകുന്നത്. അന്ന് മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനിലേക്കും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിലേക്കും സർവീസുകൾ വ്യാപിപ്പിക്കും
ശേഷിക്കുന്ന സ്റ്റേഷനുകൾ എന്ന് തുറക്കും?
പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ 2026 അവസാനത്തിലും 2027 ആദ്യത്തിലുമായി താഴെ പറയുന്ന തീയതികളിൽ പൂർത്തിയാകും:
നവംബർ 30: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത് സായിദ്, ലീവ സ്റ്റേഷനുകൾ നിശ്ചയിച്ചതിലും നേരത്തെ തുറക്കും.
ഡിസംബർ 30: പടിഞ്ഞാറൻ മേഖലയിലേക്ക് ശൃംഖല വികസിപ്പിച്ചുകൊണ്ട് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.
2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും.
ടിക്കറ്റ് നിരക്കുകൾ എത്ര?
നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ റൂട്ടിൽ 50 ശതമാനം ഇളവാണ് യാത്രക്കാർക്ക് ലഭിക്കുന്നത്:
കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക്: 109 ദിർഹം)
പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക്: 239 ദിർഹം)
ഇതിൽ തന്നെ ‘സേവർ’ (ഏറ്റവും കുറഞ്ഞ നിരക്ക്), ‘വാല്യൂ’ (സീറ്റ് സെലക്ഷൻ സൗകര്യം ഉൾപ്പെടെ), ‘ഫ്ലെക്സ്’ (ടിക്കറ്റ് മാറ്റങ്ങൾക്കും റീഫണ്ടിനും സൗകര്യമുള്ളത്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുകളുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും. മരുഭൂമിയും പർവതനിരകളും കടൽത്തീരവും കണ്ടുള്ള ഫുജൈറയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. “തുറസ്സായ മരുഭൂമിയിലൂടെ തുടങ്ങി ഹാജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെ കടന്ന് ഒമാൻ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകളിലേക്ക് അവസാനിക്കുന്ന ഈ യാത്ര ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ്” എന്ന് ഇത്തിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറയുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രാദേശിക ബസ്, ടാക്സി സർവീസുകളുമായി ട്രെയിൻ സ്റ്റേഷനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസുകളുണ്ട്. കൂടാതെ MR1, MR2 എന്നീ രണ്ട് പുതിയ ബസ് റൂട്ടുകളും സർവീസ് നടത്തുന്നുണ്ട്. ദുബായിൽ മെട്രോ, ബസ്, ടാക്സി എന്നിവയുമായി റെയിൽ സ്റ്റേഷൻ നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ, ദുബായ് ആർ.ടി.എയുമായി ചേർന്ന് യാത്രക്കാർക്ക് നിലവിലുള്ള ‘നോൾ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്