
അബുദാബി: അനുമതിയില്ലാതെ വണ്ണം കുറയ്ക്കാനുള്ള (weight loss) പെപ്റ്റൈഡ് (Peptide) അടിസ്ഥാനമാക്കിയ മരുന്നുകൾ വിൽക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത 71 പേർക്കെതിരെ യുഎഇയിലെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) നടപടി സ്വീകരിച്ചു. അറബിക് ദിനപത്രമായ അൽ ഇത്തിഹാദ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
APPLY NOW FOR THE LATEST VACANCIES
നടപടിക്ക് വിധേയരായവരിൽ ചട്ടലംഘനം നടത്തിയ 14 ലൈസൻസുള്ള ഫാർമസി/ആരോഗ്യ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. കൂടാതെ, ഔഷധ ഉൽപ്പന്നങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നിയമവിരുദ്ധമായി പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്ത 14 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ നാഷണൽ മീഡിയ അതോറിറ്റിക്ക് കൈമാറി.
വണ്ണം കുറയ്ക്കാനുള്ള ചികിത്സകൾക്ക് യുഎഇയിൽ വർധിച്ചുവരുന്ന ആവശ്യകതയുടെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. ലൈസൻസില്ലാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയോ സാമൂഹിക മാധ്യമങ്ങളിലൂടെയോ മരുന്നുകൾ വാങ്ങരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇഡിഇയുടെ മേൽനോട്ടത്തിലുള്ള ലൈസൻസുള്ള ഔഷധ ഗോഡൗണുകളിൽ അനുമതിയില്ലാത്ത പെപ്റ്റൈഡ് ഉൽപ്പന്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, രാജ്യത്ത് തയ്യാറാക്കി വിതരണം ചെയ്യുന്ന മരുന്നുകൾ സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്പൗണ്ടിംഗ് ഫാർമസികളിൽ വ്യാപക പരിശോധന തുടരുകയാണെന്നും വ്യക്തമാക്കി.
വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകൾ തടയാൻ സർക്കാർ ഏജൻസികളും ആരോഗ്യരംഗവും പൊതുജനങ്ങളും ചേർന്നുള്ള ജാഗ്രത അനിവാര്യമാണെന്നും ഉപഭോക്തൃ ബോധവൽക്കരണമാണ് ആദ്യ പ്രതിരോധമെന്നും ഇഡിഇ ചൂണ്ടിക്കാട്ടി.
പ്രധാന ആശങ്ക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ
നിയമവിരുദ്ധ മരുന്നുകളുടെ വിൽപ്പനയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് പ്രധാന വേദിയായി മാറിയിരിക്കുന്നത്. 100 ശതമാനം പ്രകൃതിദത്തം”, “പൂർണ സുരക്ഷിതം”, “അദ്ഭുത പരിഹാരം” തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രവണത വർധിച്ചുവരുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകി.
ലൈസൻസുള്ള ഫാർമസികളിലെ ചട്ടലംഘനങ്ങൾ വളരെ കുറവാണെന്നും ഭൂരിഭാഗം പ്രശ്നങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ടതാണെന്നും ഇഡിഇയുടെ ഇൻസ്പെക്ഷൻ ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ഫാരിസ് അൽ മസ്മി പറഞ്ഞു.
അനുമതിയില്ലാത്ത മരുന്നുകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും നിയമലംഘകരുടെ പേജുകൾ തടയാനും നിയമനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘റെറ്റാട്രൂട്ടൈഡ്’ യുഎഇയിൽ അംഗീകൃതമല്ല
സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വണ്ണം കുറയ്ക്കൽ ഇഞ്ചക്ഷനായ റെറ്റാട്രൂട്ടൈഡ് (Retatrutide) വാങ്ങരുതെന്നും ഇഡിഇ മുന്നറിയിപ്പ് നൽകി. ഈ മരുന്ന് ഇപ്പോഴും ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണെന്നും യുഎഇയിൽ ഉപയോഗിക്കാനോ വിതരണം ചെയ്യാനോ അനുമതി നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, വൈദ്യരുടെ നിർദേശപ്രകാരം മാത്രം അംഗീകൃത വണ്ണം കുറയ്ക്കൽ മരുന്നുകൾ ഉപയോഗിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയോ ലൈസൻസില്ലാത്ത ഓൺലൈൻ വിൽപ്പനക്കാരിൽ നിന്നോ മരുന്നുകൾ വാങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്നും ആരോഗ്യവിദഗ്ധർ വീണ്ടും ഓർമിപ്പിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ വേനൽക്കാല യാത്ര: പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു;വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; അറിയാം നിരക്കുകൾ

ദുബൈ: വേനൽക്കാല അവധിക്കാലത്ത് വിദേശരാജ്യങ്ങളിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന യുഎഇ നിവാസികളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യത. കേവലം 500 ദിർഹത്തിന് ആകർഷകമായ വിമാന ടിക്കറ്റ് നിരക്കുകൾ കണ്ട് യാത്ര പ്ലാൻ ചെയ്യുന്ന പല കുടുംബങ്ങൾക്കും, യാത്ര പൂർത്തിയാകുമ്പോഴേക്കും ആകെയുള്ള ചെലവ് 10,000 ദിർഹത്തിനും മുകളിലേക്ക് കുതിക്കുന്നതാണ് നിലവിലെ കാഴ്ച.
ലഗേജ് ഫീസ്, വിസ നിരക്കുകൾ, യാത്രാ ഇൻഷുറൻസ്, ഹോട്ടൽ താമസം, ഭക്ഷണ ചെലവുകൾ എന്നിവ ഉൾപ്പെടുന്നതോടെയാണ് പ്രാരംഭ ബജറ്റിന്റെ പലമടങ്ങ് തുക താമസക്കാർക്ക് ചെലവാക്കേണ്ടി വരുന്നത്.
വിസ, ഇൻഷുറൻസ് നിരക്കുകളിലെ വർധനവ്
അവധിക്കാല സീസൺ കടുത്തതോടെ വിസ, ഇൻഷുറൻസ് വിഭാഗത്തിലാണ് പ്രതീക്ഷിക്കാത്ത ചെലവുകൾ ഉയർന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കേറിയതോടെ ഷെങ്കൻ വിസയ്ക്കായുള്ള ഏജൻസി ഫീസുകളിൽ 40 മുതൽ 50 ശതമാനം വരെ വർധനവുണ്ടായി.
യുഎസ് വിസ: ഉയർന്ന ആവശ്യകതയും എംബസികളിലെ അപ്പോയിന്റ്‌മെന്റ് പരിമിതികളും കാരണം യുഎസ് വിസ അപേക്ഷാ ചെലവ് 1,600 ദിർഹം മുതൽ 1,800 ദിർഹം വരെ ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യാത്രാ ഇൻഷുറൻസ്: മെഡിക്കൽ അടിയന്തരാവസ്ഥകൾക്കും മറ്റ് തടസ്സങ്ങൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. വൻ തുക കവറേജുള്ള പ്രീമിയം ഇൻഷുറൻസ് പ്ലാനുകളുടെ നിരക്കിൽ 5 മുതൽ 8 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിമാന ടിക്കറ്റ് നിരക്ക് 63% വരെ ഉയർന്നു
സ്‌കൂൾ അവധിക്കാലത്തെ തിരക്കും ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിലുണ്ടായ വർധനവുമാണ് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണം.
പ്രധാന റൂട്ടുകളിലെ നിരക്ക് മാറ്റങ്ങൾ
ഇന്ത്യൻ ഉപഭൂഖണ്ഡം (മുംബൈ, ഡൽഹി, കൊച്ചി, ഹൈദരാബാദ്): മുൻപ് 1,350 – 1,500 ദിർഹം ഉണ്ടായിരുന്ന ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ 2,090 – 2,440 ദിർഹത്തിലേക്ക് ഉയർന്നു (49% മുതൽ 63% വരെ വർധനവ്).
ഈജിപ്ത്: ടിക്കറ്റ് നിരക്ക് 1,980 ദിർഹത്തിൽ നിന്ന് 2,670 ദിർഹമായി (35% വർധനവ്).
മൊറോക്കോ: 1,800 ദിർഹത്തിൽ നിന്ന് നിരക്ക് 2,715 ദിർഹത്തിലെത്തി (50% വർധനവ്).
4 അംഗ കുടുംബത്തിന് യുകെ യാത്രയ്ക്ക് എത്ര ചെലവാകും?
മേയ്-ജൂൺ മാസങ്ങളെ അപേക്ഷിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നാലംഗ കുടുംബത്തിന് ദുബൈയിൽ നിന്ന് യുകെയിലേക്ക് യാത്ര ചെയ്യാൻ ഉണ്ടാകുന്ന അധിക ചെലവ്.
മടക്ക വിമാന ടിക്കറ്റ്: 6,500 – 7,000 ദിർഹത്തിൽ നിന്ന് 8,600 – 9,600 ദിർഹമായി വർദ്ധിച്ചു.
ഹോട്ടൽ താമസം (7 രാത്രികൾ): 6,800 ദിർഹത്തിൽ നിന്ന് 7,500 ദിർഹമായി ഉയർന്നു.
പ്രാദേശിക ഗതാഗതം: യാത്രാ ചെലവുകളിൽ 8 മുതൽ 12 ശതമാനം വരെ വർധനവ്.
വിലകുറഞ്ഞ വിമാന ടിക്കറ്റ് ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരു യാത്ര ബജറ്റ് ഫ്രണ്ട്‌ലി ആകണമെന്നില്ലെന്ന് ട്രാവൽ ഏജൻസി വിദഗ്ധർ വ്യക്തമാക്കുന്നു. ലഗേജ് ചാർജ്, ഹോട്ടൽ നിരക്കുകൾ, പ്രാദേശിക യാത്രാച്ചെലവുകൾ എന്നിവ കൃത്യമായി കണക്കൂകൂട്ടി മൊത്തത്തിലുള്ള ബജറ്റ് നിശ്ചയിച്ച ശേഷം മാത്രം യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ് സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഉചിതം.