പ്രവാസികൾക്ക് സൂപ്പർ അപ്ഡേറ്റ് ;ഇനി ഒറ്റ ക്ലിക്കിലൂടെ എല്ലാ പിഴകളും അടയ്ക്കാം, പുതിയ സംവിധാനം നിലവിൽ വന്നു

470444

ദുബായ്: ദുബായിലെ പ്രവാസികൾക്കായി പുതിയൊരു ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. ദുബായിൽ പല വകുപ്പുകളിൽ നിന്നുള്ള പിഴകൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിലൂടെ അടയ്ക്കാം. ഇത് വഴി പ്രവാസികൾക്ക് വലിയ രീതിയിൽ സമയലാഭവും ആശ്വാസവും ലഭിക്കുന്നു. നേരത്തെ ഓരോ പിഴയും അതത് പ്ലാറ്റ്ഫോമിലൂടെ അടയ്ക്കണമായിരുന്നു.

എന്നാൽ ഇനി ദുബായ് സർക്കാരിന്റെ ഒഫീഷ്യൽ സ്മാർട്ട് ആപ്ലിക്കേഷനായ ‘DubaiNow’ൽ ഉൾപ്പെടുത്തിയ ‘Pay All Fines’ എന്ന ഫീച്ചറിലൂടെ ട്രാഫിക്, പാർക്കിംഗ്, സാലിക് ഫൈനുകൾ എന്നിവ എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ അടയ്ക്കാം. ഒപ്പം ദുബായിലെ പല വകുപ്പുകളിൽ നിന്നുള്ള പിഴകൾ കണ്ടെത്താനും ഇത് വഴി സാധിക്കും

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ ഡിജിറ്റൽ ദുബായ് നൗ ആപ്പിൽ 50 ലധികം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം സേവനങ്ങൾ ലഭ്യമാണ്. ഇതിലേക്ക് പ്രവാസികൾക്ക് ഏറ്റവും സഹായമാകുന്ന പുതിയൊരു സേവനം കൂടി ചേർത്തത്തോടെ ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും ഒരേപോലെ ഇനി പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് പോലീസ്, മുൻസിപ്പാലിറ്റികൾ എന്നിവ ചേർന്നാണ് വാഹനങ്ങൾക്കും യാത്രക്കാർക്കും പിഴകൾ ചുമത്താറുള്ളത്. ട്രാഫിക് നിയമലംഘനത്തിന് ഒരു വെബ്‌സൈറ്റും, പാർക്കിംഗിന് മറ്റൊരു ആപ്പും, സാലിക്കിന്റെ പണം എല്ലാം നോക്കി പിഴകൾ കണ്ടുപിടിക്കുക എന്നത് പ്രവാസികൾക്ക് വലിയൊരു തലവേദനയായിരുന്നു.

എന്നാൽ ഈ പുതിയ സംവിധാനം വന്നതോടെ ഇനി എല്ലാം വളരെ എളുപ്പമാകും. കൂടാതെ ദുബായ് നൗ ആപ്പിലെ പുതിയ ഫീച്ചറിലൂടെ എമിറേറ്റ്സ് ഐഡി മാത്രം ഉപയോഗിച്ച് എല്ലാ പിഴകളുടെയും ലിസ്റ്റ് കാണാൻ സാധിക്കും. അതിൽ ആകെയുള്ള പിഴകളുടെ എണ്ണം, ഏതിനാണ് പിഴ ചുമത്തിയിട്ടുള്ളത്, ആകെ അടയ്ക്കാനുള്ള തുക എന്നിവയെല്ലാം കൃത്യമായി സ്ക്രീനിൽ കാണാൻ സാധിക്കും.

  • DubaiNow’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം
  • പേര്, ജനനത്തീയതി, എമിറേറ്റ്സ് ഐഡി നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകി സൈൻ ഇൻ ചെയ്യാം. അല്ലെങ്കിൽ യുഎഇ പാസ് ഉള്ളവർക്ക് വളരെ എളുപ്പത്തിൽ ഒരൊറ്റ ക്ലിക്കിലൂടെയും ലോഗിൻ ചെയ്യാം.
  • ‘Pay All Fines’ തിരഞ്ഞെടുക്കാം ശേഷം എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്തിട്ടുള്ള ട്രാഫിക് പിഴകൾ, പാർക്കിംഗ് ലംഘനങ്ങൾ, സാലിക് പിഴകൾ എന്നിവ കാണാൻ സാധിക്കും.
  • ശേഷം പേയ്‌മെന്റ് ഓപ്ഷൻ വഴി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് ഒരൊറ്റ ട്രാൻസാക്ഷനിലൂടെ എല്ലാ പിഴയും അടച്ചുതീർക്കാം.

അതേസമയം ചിലപ്പോൾ ഫൈനുകൾ കൃത്യസമയത്ത് അടയ്ക്കാത്തത് കൊണ്ട് പ്രവാസികൾക്ക് വൻ തുക പിഴയായി വീണ്ടും വരാറുണ്ട്. അതിനാൽ ഇനി മുതൽ ദുബായ് നൗ ആപ്പ് വഴി കൃത്യസമയത്ത് ഫൈനുകൾ ചെക്ക് ചെയ്ത് അടയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴി ബാങ്ക് വിവരങ്ങൾ ചോർത്തുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലി‌സ്

UAE July 7, 2026

470129

ദുബൈ: ഓൺലൈൻ വഴി ഉപഭോക്തൃ പരാതികൾ സമർപ്പിക്കാൻ ശ്രമിക്കുന്ന താമസക്കാരെ ലക്ഷ്യമിട്ട് പുതിയ തരം സൈബർ തട്ടിപ്പ് സജീവമാകുന്നതായി ദുബൈ പൊലിസ്. ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകൾ നിർമ്മിച്ച് ബാങ്കിംഗ് വിവരങ്ങൾ മോഷ്ടിക്കുകയും അക്കൗണ്ടിലെ പണം കവരുകയുമാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്.

ദുബൈ പൊലിസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി-ഫ്രോഡ് സെന്ററാണ് ഈ പുതിയ തട്ടിപ്പ് രീതിയെക്കുറിച്ച് വ്യക്തമാക്കിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഉപഭോക്താക്കൾ ഗൂഗിളിൽ ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ തിരയുമ്പോൾ, യഥാർത്ഥ സൈറ്റുകൾക്ക് പകരം തട്ടിപ്പുകാരുടെ വ്യാജ വെബ്‌സൈറ്റുകളിലാണ് പലപ്പോഴും ചെന്നെത്തുന്നത്. ഇത്തരം വ്യാജ സൈറ്റുകളിൽ പരാതിക്കാരന്റെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, പരാതിയുടെ വിശദാംശങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും ഉപഭോക്താക്കൾ ഇത് വിശ്വസിച്ച് നൽകുകയും ചെയ്യുന്നു.

വ്യാജ വെബ്‌സൈറ്റിൽ വിവരങ്ങൾ സബ്‌മിറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ തട്ടിപ്പുകാരുടെ അടുത്ത നീക്കം ആരംഭിക്കും. ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാരൻ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെടുന്നു. വെബ്‌സൈറ്റിൽ ഇര നൽകിയ പരാതിയുടെ വിവരങ്ങൾ കൃത്യമായി പറഞ്ഞുകൊണ്ട് വിളിക്കുന്നത് കൊണ്ടും ഔദ്യോഗിക ഉദ്യോഗസ്ഥരുടെ രീതിയിൽ സംസാരിക്കുന്നത് കൊണ്ടും ഇത് ഒഫീഷ്യൽ കോൾ തന്നെയാണെന്ന് ഇരകൾ പൂർണ്ണമായും വിശ്വസിക്കാൻ ഇടയാകുന്നു.

വിശ്വാസ്യത നേടിയെടുത്ത ശേഷം പരാതി എത്രയും വേഗം പരിഹരിക്കാമെന്ന് വ്യാജേന AnyDesk അല്ലെങ്കിൽ TeamViewer പോലുള്ള റിമോട്ട് ആക്‌സസ് സോഫ്റ്റ്‌വെയറുകൾ ഫോണിലോ കമ്പ്യൂട്ടറിലോ ഇൻസ്റ്റാൾ ചെയ്യാൻ ഇവർ ആവശ്യപ്പെടുന്നു. ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്ന സമയത്ത് തന്നെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഇരയോട് നിർദ്ദേശിക്കുകയും ചെയ്യുന്നു. സ്ക്രീൻ ഷെയറിംഗിലൂടെ ഇരയുടെ ഫോണിലെ ദൃശ്യങ്ങൾ മുഴുവൻ തത്സമയം കാണുന്ന തട്ടിപ്പുകാർ, പാസ്‌വേഡും ഒടിപിയും ഉൾപ്പെടെയുള്ള രഹസ്യ ബാങ്കിംഗ് വിവരങ്ങൾ ചോർത്തി അക്കൗണ്ടിലെ പണം മുഴുവൻ കവരുകയും അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്നു.

ദുബൈ പൊലിസിന്റെ നിർദ്ദേശങ്ങൾ

ഇത്തരം സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ താമസക്കാർ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

  • പരാതികൾ സമർപ്പിക്കാൻ ഔദ്യോഗികവും വെരിഫൈഡ് ആയതുമായ ഉപഭോക്തൃ സംരക്ഷണ മാർഗങ്ങൾ മാത്രം ഉപയോഗിക്കുക.
  • ഫോൺ കോളുകളിലൂടെയോ മെസ്സേജുകളിലൂടെയോ ആവശ്യപ്പെടുന്നതനുസരിച്ച് അജ്ഞാത സോഫ്റ്റ്‌വെയറുകളോ ലിങ്കുകളോ ഡൗൺലോഡ് ചെയ്യരുത്.
  • നിങ്ങളുടെ ബാങ്ക് പാസ്‌വേഡ്, ഒടിപി (OTP), ക്രെഡൻഷ്യലുകൾ എന്നിവ ഉപഭോക്തൃ പ്രതിനിധിയെന്നല്ല, ആര് അവകാശപ്പെട്ടാലും ഒരിക്കലും പങ്കുവെക്കരുത്.

സമാനമായ രീതിയിലുള്ള തട്ടിപ്പ് ശ്രമങ്ങളോ സംശയകരമായ വെബ്‌സൈറ്റുകളോ ശ്രദ്ധയിൽ പെട്ടാൽ താമസക്കാർ അടിയന്തരമായി ദുബൈ പൊലിസിന്റെ ഔദ്യോഗിക ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചോ വിവരങ്ങൾ അറിയിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp Join WhatsApp Group