പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

ദുബൈ: ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) സംഘടിപ്പിക്കുന്ന ‘ദുബൈ സമ്മർ സർപ്രൈസസ്’ (DSS) ഷോപ്പിംഗ് മേളയുടെ ഭാഗമായുള്ള വേനൽക്കാല വൻ വില്പനയിൽ മാളുകളിലേക്ക് ജനപ്രവാഹം. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ’12 മണിക്കൂർ എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകൾ’ എന്ന പ്രത്യേക ഓഫറോടെയാണ് യുഎഇയിലെ ഷോപ്പിംഗ് മാളുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത്. വാരാന്ത്യത്തിലുടനീളം ശക്തമായ തിരക്ക് തുടരുകയാണ്.
വേനൽക്കാല അവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് പോകുന്ന പ്രവാസികളും കുടുംബങ്ങളും യാത്രാ അവശ്യവസ്തുക്കളും സമ്മാനങ്ങളും വാങ്ങാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, പെർഫ്യൂമുകൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്.
കച്ചവട രംഗത്ത് വൻ ഉണർവ്
മേള ആരംഭിച്ചതോടെ മുൻ മാസങ്ങളെ അപേക്ഷിച്ച് റീട്ടെയിൽ കച്ചവടത്തിൽ 30 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയതായി പ്രമുഖ ബ്രാൻഡുകളുടെ സെയിൽസ് മാനേജർമാർ സാക്ഷ്യപ്പെടുത്തുന്നു. വസ്ത്ര-പാദരക്ഷാ വിപണിക്ക് പുറമെ മൊബൈലുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
മാളുകളിലെ പാർക്കിംഗുകളിലും പ്രമുഖ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലും വലിയ ക്യൂവാണ് ദൃശ്യമാകുന്നത്. ഇത്തവണ പ്രമോഷൻ കാലാവധി നീട്ടി നൽകിയിട്ടുള്ളതിനാൽ അവസാന നിമിഷത്തെ തിരക്കില്ലാതെ, പല തവണകളായി വന്ന് സമാധാനത്തോടെ ഷോപ്പിംഗ് നടത്താൻ സാധിക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുന്നുണ്ട്. വരും ആഴ്ചകളിലും മികച്ച ഓഫറുകൾ തുടരുന്നതിനാൽ വിപണിയിലെ ഈ മുന്നേറ്റം ഇനിയും ശക്തമാകുമെന്നാണ് റീട്ടെയിൽ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.