പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണം? ആഘോഷങ്ങൾ എങ്ങനെ ആകണം? വിശദ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ ദുബൈ

445228

ദുബൈ : പൊതുസ്ഥലങ്ങളിലെ പെരുമാറ്റരീതികളും ആഘോഷങ്ങളും സംബന്ധിച്ച് ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ ദുബൈ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും നാഗരികമായ നഗരമായി ദുബൈയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ദുബൈ സിവിലിറ്റി കമ്മിറ്റിയാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് രണ്ട് പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

 പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട പെരുമാറ്റരീതികൾ സംബന്ധിച്ച പൊതുവായ ചട്ടക്കൂട് രൂപപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്. നഗരത്തിന്റെ മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും ഉൾക്കൊള്ളുന്ന രീതിയിൽ ആഘോഷങ്ങൾ നടത്തുന്നതിനായി ഇവ സഹായകമാകും. നഗരത്തിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും, മികച്ച പെരുമാറ്റരീതികൾ നഗരത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ ആവിഷ്കരിക്കുന്നത്.

കൂടാതെ, നഗരത്തിന്റെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിനും സൗന്ദര്യാത്മകമായ അന്തരീക്ഷം ഒരുക്കുന്നതിനുമായി നഗരത്തിലുടനീളം ഏകീകൃത ലൈറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. 

ദുബൈ സിവിലിറ്റി കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം ഈ സമിതി രൂപീകരിച്ചത്.

ഒരു സഹായം മാത്രം…വിശ്വസിച്ച് കൈകൊടുത്തത് ജീവിതം തകർത്തു; യുഎഇയിലെ കൊള്ളപ്പലിശ സംഘത്തിന്റെ കെണിയിൽ മലയാളികൾ

UAE June 23, 2026

444840

യുഎഇയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കൊള്ളപ്പലിശ സംഘത്തിന്റെ ചതിയിൽപ്പെട്ട് മുന്നൂറിലധികം ഇന്ത്യൻ പ്രവാസികൾ ഗുരുതര പ്രതിസന്ധിയിലായതായി റിപ്പോർട്ട്. ഇവരിൽ ഇരുന്നൂറിലേറെ പേരും മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി വായ്പയെടുത്തവരും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ജാമ്യം നിന്നവരുമാണ് ഇപ്പോൾ ചെക്ക് കേസുകളിലും യാത്രാവിലക്കിലും അകപ്പെട്ടിരിക്കുന്നത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു രാജസ്ഥാൻ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അനധികൃത ധനകാര്യ ശൃംഖല നിയന്ത്രിക്കുന്നതെന്നാണ് ആരോപണം. ഇയാളുടെ മകൻ, കോഴിക്കോട് സ്വദേശിയായ ഒരാൾ, ഈജിപ്ത് പൗരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് വായ്പാ ഇടപാടുകൾ നിയന്ത്രിക്കുന്നതെന്നും പരാതിക്കാർ പറയുന്നു.

ബ്ലാങ്ക് ചെക്കിലൂടെ ഒരുക്കിയ കെണി

സാമ്പത്തിക പ്രതിസന്ധിയിലായ തൊഴിലാളികൾക്കും ചെറുകിട ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമാണ് സംഘം ആദ്യം എളുപ്പത്തിൽ വായ്പ വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 10 ശതമാനം പലിശ നിരക്കിൽ 10,000 ദിർഹം വരെ വായ്പ അനുവദിക്കുകയും, സുരക്ഷാ നിക്ഷേപമായി വായ്പയെടുക്കുന്നയാളിൽ നിന്ന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും ജാമ്യം നിൽക്കുന്ന മറ്റൊരാളിൽ നിന്ന് അധിക ചെക്കും കൈപ്പറ്റുകയും ചെയ്യുന്നു.

എന്നാൽ വായ്പയും പലിശയും പൂർണമായും തിരിച്ചടച്ച ശേഷവും ഈ ചെക്കുകൾ തിരിച്ചുനൽകാൻ സംഘം തയ്യാറാകുന്നില്ലെന്നാണ് ഇരകളുടെ ആരോപണം. പകരം, ബ്ലാങ്ക് ചെക്കുകളിൽ വൻ തുകകൾ രേഖപ്പെടുത്തി ബാങ്കിൽ സമർപ്പിക്കുകയും ചെക്ക് മടങ്ങിയതിന്റെ പേരിൽ നിയമനടപടികൾ ആരംഭിക്കുകയും ചെയ്യുന്നു.
10,000 ദിർഹം വായ്പയെടുത്ത് 30,000 ദിർഹത്തിലധികം തിരിച്ചടച്ചിട്ടും 1,20,000 ദിർഹത്തിന്റെ ചെക്ക് കേസുകൾ വരെ രജിസ്റ്റർ ചെയ്തതായി നിരവധി ഇരകൾ പറയുന്നു. ഈ അനധികൃത വായ്പാ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കുന്ന ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കാമെന്നും ചിലർ ആരോപിക്കുന്നു.

സുഹൃത്തിനെ സഹായിച്ചവരും കുടുങ്ങി

വായ്പയെടുത്തവരെക്കാൾ കൂടുതൽ പ്രതിസന്ധിയിലായത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി സ്വന്തം ബ്ലാങ്ക് ചെക്ക് നൽകി ജാമ്യം നിന്നവരാണ്. സഹായിക്കാനായി നൽകിയ ഒരു ചെക്ക് പിന്നീട് സ്വന്തം ജീവിതം തന്നെ തകർത്തുവെന്നാണ് പലരുടെയും അനുഭവം. ഇത്തരത്തിൽ കുടുങ്ങിയ ഒരു മലയാളി പറയുന്നതനുസരിച്ച്, ആത്മഹത്യയുടെ വക്കിലെത്തിയിരുന്ന മറ്റൊരു പ്രവാസിയെ സഹായിക്കാനാണ് സ്വന്തം ബ്ലാങ്ക് ചെക്ക് കൈമാറിയത്. പിന്നീട് അതേ ചെക്ക് ഉപയോഗിച്ച് തനിക്കെതിരെയും വൻതുകയുടെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു.

യാത്രാവിലക്കിൽ നൂറുകണക്കിന് പേർ

ചെക്ക് കേസുകൾ നിലനിൽക്കുന്നതിനാൽ നിരവധി പ്രവാസികൾക്ക് യുഎഇ വിടാൻ സാധിക്കുന്നില്ല. പലരുടെയും റെസിഡൻസ് വിസ കാലഹരണപ്പെട്ടതിനാൽ നിയമപരമായ മറ്റ് ബുദ്ധിമുട്ടുകളും നേരിടുകയാണ്. മാതാപിതാക്കളുടെ മരണത്തിനും മക്കളുടെ വിവാഹത്തിനും അടിയന്തര കുടുംബ ആവശ്യങ്ങൾക്കുമായി പോലും നാട്ടിലെത്താൻ കഴിയാതെ വർഷങ്ങളായി യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. യാത്രാവിലക്കുള്ളവരിൽ ഭൂരിഭാഗം പേരും തൊഴിൽ നഷ്ടപ്പെട്ടതും ശമ്പളമില്ലാത്തതുമായ അവസ്ഥയിലാണെന്നും പരാതിയുണ്ട്.

സഹായത്തിനായി കൂട്ടായ്മ

ദുരിതമനുഭവിക്കുന്ന 32 പേർ ചേർന്ന് വാട്ട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. കൂടുതൽ ഇരകൾ ദിവസേന ഈ കൂട്ടായ്മയിലേക്ക് എത്തുന്നുണ്ടെന്ന് ഇവർ പറയുന്നു. ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ, കേരളത്തിലെ ജനപ്രതിനിധികൾ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്നും, യാത്രാവിലക്ക് നീക്കുന്നതിനും പാസ്‌പോർട്ടുകൾ തിരികെ ലഭ്യമാക്കുന്നതിനുമായി അടിയന്തര ഇടപെടൽ പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.

യുഎഇ നിയമം എന്ത് പറയുന്നു?

യുഎഇയിൽ സെൻട്രൽ ബാങ്കിന്റെയോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെയോ അനുമതിയില്ലാതെ പലിശയ്ക്ക് പണം കടം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. രാജ്യത്തെ ശിക്ഷാനിയമപ്രകാരം അനധികൃതമായി പലിശയ്ക്ക് വായ്പ നൽകുന്നവർക്ക് ഒരു വർഷം മുതൽ തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാം. ഇത് സ്ഥിരം തൊഴിലായി നടത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കാനിടയുണ്ട്. അതുപോലെ, ലൈസൻസില്ലാത്ത വ്യക്തികളിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങുന്നതും നിയമപരമായ അപകടസാധ്യതകൾ സൃഷ്ടിക്കും. എന്നാൽ പലിശ ഈടാക്കാതെയുള്ള സൗഹൃദ വായ്പകൾക്ക് നിയമതടസ്സമില്ല. അത്തരം ഇടപാടുകൾ ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാൻ രേഖാമൂലം നടത്തുന്നതാണ് ഉചിതമെന്ന് നിയമവിദഗ്ധർ നിർദേശിക്കുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *