
ദുബായ് ∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് മധ്യപൂർവദേശത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് നേരിയ അയവ്. ഇതിനെ തുടർന്ന് ദുബായിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ യുഎഇയിൽ 24 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് 505 ദിർഹമായിരുന്നു വില. ഇത് വ്യാഴാഴ്ച രാത്രിയിലെ വിപണി വിലയേക്കാൾ 1.5 ദിർഹം കുറവാണെങ്കിലും ഇന്നലെ രാവിലെ വിപണി തുറന്നപ്പോഴത്തെ നിരക്കിനേക്കാൾ 13.25 ദിർഹം കൂടുതലാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മറ്റു ക്യാരറ്റുകളായ 22 ക്യാരറ്റിന് 467.75 ദിർഹവും 21 ന് 448.5 ദിർഹവും 18 ന് 384.25 ദിർഹവും, 14 ന് 299.75 ദിർഹവുമാണ് വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തിയ നിരക്കുകൾ. അതേസമയം, ആഗോള വിപണിയിൽ വെള്ളിയാഴ്ച രാവിലെ സ്പോട്ട് ഗോൾഡ് വില 2.2 ശതമാനം വർധിച്ച് ഔൺസിന് 4,188 ഡോളറിലെത്തി. യുഎസ് ബോണ്ട് യീൽഡിലെ നേരിയ കുറവും ഡോളറിന്റെ സ്ഥിരതയും കാരണം സ്വർണവില ഒരു പരിധി വരെ സ്ഥിരത കൈവരിച്ചതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു.
വിലയിലെ ഇടിവ് തുടരാൻ സാധ്യത
പണപ്പെരുപ്പ ആശങ്കകൾ വീണ്ടും വർധിക്കുകയും ബോണ്ട് യീൽഡും ഡോളറിന്റെ മൂല്യവും ഉയരുകയും ചെയ്താൽ ആഗോള വിപണിയിലും യുഎഇയിലും സ്വർണവില ഇനിയും താഴേക്ക് പോകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ ആഗോള സാമ്പത്തിക അന്തരീക്ഷം സ്വർണവിലയ്ക്ക് വെല്ലുവിളിയാകാനാണ് സാധ്യത.
അമേരിക്കയിലെ ഏറ്റവും പുതിയ പണപ്പെരുപ്പ നിരക്കുകൾ ഫെഡറൽ റിസർവിന്റെ ലക്ഷ്യത്തേക്കാൾ ഉയർന്ന നിലയിൽ തുടരുന്നതിനാൽ, പലിശനിരക്കുകൾ ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ തന്നെ നിലനിർത്തേണ്ടി വരുമെന്നാണ് സൂചന. ഈ മാസം പലിശനിരക്കിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഈ വർഷം അവസാനത്തോടെ നിരക്ക് വർധന ഉണ്ടാകാൻ സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും പണപ്പെരുപ്പ ആശങ്കകളും സ്വർണവിലയെ സ്വാധീനിക്കും. നയതന്ത്ര തലത്തിലുള്ള പുരോഗതികൾ വിലയ്ക്ക് താൽക്കാലിക പിന്തുണ നൽകിയേക്കാമെങ്കിലും പലിശനിരക്ക് കർശനമാക്കാനുള്ള സാധ്യതകൾ സ്വർണത്തിന് തിരിച്ചടിയാകും. എന്നിരുന്നാലും, ലോകത്തെങ്ങുമുള്ള കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില വലിയ തോതിൽ ഇടിയാതെ താങ്ങിനിർത്താൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രവാസികളുടെ ശ്രദ്ധയ്ക്ക്!!യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി ഈ കമ്പനി കൈകാര്യം ചെയ്യും; സേവനങ്ങൾ ഈ ദിവസം മുതൽ
UAE June 13, 2026

അബുദബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് കരാറിൽ വലിയ മാറ്റം പ്രഖ്യാപിച്ച് അബുദബിയിലെ ഇന്ത്യൻ എംബസി. നിലവിൽ ഈ സേവനങ്ങൾ നൽകിവരുന്ന ബിഎൽഎസ് ഇന്റർനാഷണൽ, എസ്‌ജിഐവിഎസ് ഗ്ലോബൽ എന്നിവയ്ക്ക് പകരം ഇനി മുതൽ പ്രമുഖ ഏജൻസിയായ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസായിരിക്കും ഈ ചുമതലകൾ കൈകാര്യം ചെയ്യുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ടെൻഡറിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്. ജൂലൈ 1 മുതൽ പുതിയ കരാർ പ്രാബല്യത്തിൽ വരും. ഈ തീയതിയിലോ അതിനുശേഷമോ സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും അൽ ഹിന്ദ് കേന്ദ്രങ്ങൾ വഴി മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ.
ജൂൺ 30 വരെ BLS കേന്ദ്രങ്ങൾ തുടരും
ഇന്ത്യൻ പ്രവാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിൽ സുഗമമായ മാറ്റം ഉറപ്പാക്കാനാണ് എംബസി ലക്ഷ്യമിടുന്നത്. നിലവിലെ സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണലും എസ്‌ജിഐവിഎസ് ഗ്ലോബലും ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരും. അപേക്ഷകർ ജൂൺ 30 വരെ നിലവിലുള്ള കേന്ദ്രങ്ങൾ തന്നെ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഏഴ് ഇമാറാത്തുകളിലായി 16 പുതിയ കേന്ദ്രങ്ങൾ
സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി യുഎഇയിലുടനീളം 16 പുതിയ ഇന്ത്യൻ കോൺസുലാർ സേവന കേന്ദ്രങ്ങളാണ് അൽ ഹിന്ദ് ആരംഭിക്കുന്നത്. അൽ ഹിന്ദ് യുഎഇ ഓപ്പറേഷൻസ് മാനേജർ അരുൺ രാധാകൃഷ്ണൻ നൽകിയ വിവരങ്ങൾ അനുസരിച്ച് പുതിയ കേന്ദ്രങ്ങൾ താഴെ പറയുന്ന സ്ഥലങ്ങളിലായിരിക്കും പ്രവർത്തിക്കുക.
- അബുദബി (6 കേന്ദ്രങ്ങൾ): അൽ ഖാലിദിയ, അൽ റീം ദ്വീപ്, മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അൽ ഐൻ.
- ദുബൈ (2 കേന്ദ്രങ്ങൾ): ബർ ദുബൈ, ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP).
- ഷാർജ (2 കേന്ദ്രങ്ങൾ): അൽ മജാസ്, റോള.
- മറ്റ് ഇമാറാത്തുകൾ: അജ്മാൻ (അൽ ജുർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഖോർഫക്കാൻ (കോർണിഷ്), കൽബ.
പുതിയ കേന്ദ്രങ്ങളുടെ കൃത്യമായ പ്രവർത്തന സമയം, അപ്പോയിന്റ്മെന്റ് നടപടിക്രമങ്ങൾ, സേവന നിരക്കുകൾ, ഹെൽപ്പ്‌ലൈൻ നമ്പറുകൾ എന്നിവ ഔദ്യോഗിക മാർഗങ്ങളിലൂടെ പ്രത്യേകം പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
“യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് കാര്യക്ഷമവും ഉയർന്ന നിലവാരമുള്ളതുമായ കോൺസുലാർ സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ മാറ്റവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ വീഴരുത്. കൃത്യമായ വിവരങ്ങൾക്ക് അബുദാബിയിലെ ഇന്ത്യൻ എംബസിയുടെയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും മാത്രം ആശ്രയിക്കുക.” ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! യുഎഇയിലെ പ്രധാന റോഡിൽ അടുത്ത 10 ദിവസത്തേക്ക് രാത്രികാല നിയന്ത്രണം
UAE June 13, 2026

ഷാർജ∙ ഇത്തിഹാദ് റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബായിൽ നിന്ന് ഷാർജ ഭാഗത്തേക്ക് പോകുന്ന എമിറേറ്റ്സ് റോഡിൽ അടുത്ത 10 ദിവസത്തേക്ക് രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ) അറിയിച്ചു. നാളെ)( 13) മുതൽ 22 വരെയാണ് താൽക്കാലിക നിയന്ത്രണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
എമിറേറ്റ്സ് റോഡിൽ മലീഹ സ്ട്രീറ്റ് ഇന്റർചേഞ്ചിനും ഷാർജ മോസ്‌കിനും സമീപമുള്ള സിംഗിൾ ലെയ്ൻ എക്സിറ്റാണ് അടച്ചിടുന്നത്. ദിവസേന പുലർച്ചെ 1 മുതൽ രാവിലെ 6 വരെയുള്ള അഞ്ച് മണിക്കൂറാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ ഗതാഗത മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും സുരക്ഷിതമായി ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. ഡ്രൈവർമാരുടെ ശ്രദ്ധയ്ക്കായി നിർമാണ മേഖലകളിൽ ദിശാസൂചന ബോർഡുകൾ സ്ഥാപിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി
ഹിജ്‌റ പുതുവർഷാരംഭം; ഈ എമിറേറ്റിൽ സൗജന്യ പൊതു പാർക്കിംഗും ടോൾ ഇളവും പ്രഖ്യാപിച്ചു
UAE June 12, 2026

അബുദബി: ഹിജ്‌റ പുതുവർഷാരംഭാവധിയോടനുബന്ധിച്ച് താമസക്കാർക്ക് വൻ ഇളവുകളുമായി അബുദബി. ജൂൺ 15 തിങ്കളാഴ്ച ഇമാറാത്തിലെ മവാഖിഫ് (Mawaqif) പൊതു പാർക്കിംഗ് സ്ഥലങ്ങൾ സൗജന്യമായിരിക്കുമെന്നും പ്രമുഖ ദർബ് ടോൾ ഗേറ്റുകളിൽ ഇളവ് നൽകുമെന്നും ക്യു മൊബിലിറ്റി (Q Mobility) പ്രഖ്യാപിച്ചു. അവധിക്കാലത്ത് ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ തീരുമാനം.
എന്നാൽ, ഈ ഇളവുകൾക്കിടയിലും ചില നിർദ്ദിഷ്ട മേഖലകളിൽ ഫീസ് ഈടാക്കുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദർബ് ടോൾ ഇളവുകൾ
ജൂൺ 15 തിങ്കളാഴ്ച മുഴുവൻ സമയവും താഴെ പറയുന്ന പ്രധാന ഗേറ്റുകളിൽ ടോൾ നിരക്കുകൾ നിർത്തിവയ്ക്കും:
- സാസ് അൽ നഖ്ൽ (Sas Al Nakhl)
- അൽ മഖ്ത (Al Maqta)
- റബ്ദാൻ (Rabdan)
- അൽ സാദിയാത്ത് (Al Saadiyat)
അൽ ഖുറം (Al Qurm), ഘാൻടൗട്ട് (Ghantoot) ഗേറ്റുകളിലെ ടോൾ നിരക്കുകളിൽ ഇളവ് ബാധകമല്ല. ഇവിടെ സാധാരണപോലെ 24 മണിക്കൂറും ഓരോ ക്രോസിംഗിനും 4 ദിർഹം വീതം ഈടാക്കുന്നതാണ്. ജൂൺ 16 ചൊവ്വാഴ്ച മുതൽ എല്ലാ ഗേറ്റുകളിലും പതിവ് ടോൾ നിരക്കുകൾ പുനരാരംഭിക്കും.
സൗജന്യ പാർക്കിംഗ്
തിങ്കളാഴ്ച അബുദബിയിലുടനീളമുള്ള എല്ലാ സ്റ്റാൻഡേർഡ് പൊതു പാർക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.
ബഹുനില പാർക്കിംഗ് കെട്ടിടങ്ങളിലെ ഫീസിനും താക്കോൽ ഗേറ്റുകൾക്കും (Multi-story parking and key gates) ഈ ഇളവ് ബാധകമായിരിക്കില്ല. ഇവിടെ അവധിക്കാലത്തും പതിവ് നിരക്കുകൾ തുടരും. ജൂൺ 16 ചൊവ്വാഴ്ച മുതൽ സാധാരണ പാർക്കിംഗ് നിരക്കുകൾ വീണ്ടും പ്രാബല്യത്തിൽ വരും.
കസ്റ്റമർ സെന്ററുകൾക്ക് അവധി
അവധിയോടനുബന്ധിച്ച് അബുദബിയിലെയും അൽ ഐനിലെയും ‘കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ’ ജൂൺ 15 തിങ്കളാഴ്ച പ്രവർത്തിക്കില്ല. ചൊവ്വാഴ്ച മുതൽ ഇവ സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങും.
സെന്ററുകൾ അടഞ്ഞുകിടക്കുമെങ്കിലും ദർബ് ആപ്ലിക്കേഷൻ, ഔദ്യോഗിക വെബ്‌സൈറ്റ്, TAMM പ്ലാറ്റ്‌ഫോം എന്നിവ വഴി ഡിജിറ്റൽ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമായിരിക്കും. താമസക്കാർക്കും വാഹന ഉടമകൾക്കും ഓൺലൈൻ വഴി അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും ഇടപാടുകൾ പൂർത്തിയാക്കാനും യാതൊരു തടസ്സവുമുണ്ടാകില്ലെന്ന് ക്യു മൊബിലിറ്റി വ്യക്തമാക്കി.