യുഎഇ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തം; 127 രാജ്യങ്ങളിലേക്ക് വിസയില്ലാ പ്രവേശനം

യുഎഇ പാസ്‌പോർട്ട് വീണ്ടും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2018 മുതൽ തുടരുന്ന ഈ നേട്ടം ഇത്തവണയും നിലനിർത്താൻ യുഎഇക്ക് സാധിച്ചു. ആർട്ടൺ ക്യാപിറ്റൽ പുറത്തിറക്കിയ ഏറ്റവും പുതിയ പാസ്‌പോർട്ട് ഇൻഡക്സിൽ യുഎഇ പാസ്‌പോർട്ടിന് റെക്കോർഡ് സ്കോർ ആയ 182 പോയിന്റാണ് ലഭിച്ചത്. ഇതോടെ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്ത് യുഎഇ വീണ്ടും ഉറച്ചുനിന്നു.

ഇപ്പോൾ യുഎഇ പൗരന്മാർക്ക് 127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. കൂടാതെ 45 രാജ്യങ്ങളിൽ എത്തിച്ചേരുമ്പോൾ വിസ ലഭിക്കുന്ന ‘വിസ ഓൺ അറൈവൽ’ സൗകര്യവും, 10 രാജ്യങ്ങളിൽ ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ETA) സംവിധാനവും ലഭ്യമാണ്. ലോകത്തിലെ ഏകദേശം 91 ശതമാനം രാജ്യങ്ങളിലേക്കും യുഎഇ പാസ്‌പോർട്ട് ഉപയോഗിച്ച് എളുപ്പത്തിൽ പ്രവേശനം നേടാമെന്നതാണ് ഈ നേട്ടത്തിന്റെ പ്രത്യേകത.

പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം വെറും 16 രാജ്യങ്ങൾ മാത്രമാണ് യുഎഇ പൗരന്മാരോട് മുൻകൂർ വിസ ആവശ്യപ്പെടുന്നത്. ലോകത്തിലെ പല രാജ്യങ്ങളുടെയും വിസ ഫ്രീ ആക്‌സസിൽ കുറവ് സംഭവിക്കുമ്പോഴും യുഎഇ തുടർച്ചയായ വളർച്ച കൈവരിക്കുന്നതായും ആർട്ടൺ ക്യാപിറ്റൽ വ്യക്തമാക്കി.

അന്താരാഷ്ട്ര ബന്ധങ്ങളും ഇരുരാജ്യ കരാറുകളും ശക്തമാക്കിയാണ് യുഎഇ ഈ മുന്നേറ്റം കൈവരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദേശകാര്യ മന്ത്രാലയം 2017-ൽ ആരംഭിച്ച “യുഎഇ പാസ്‌പോർട്ട് ഫോഴ്സ് ഇൻഷിയേറ്റീവ്” പദ്ധതിയും ഈ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു.

ഒരിക്കൽ ആഗോള റാങ്കിംഗിൽ 88-ാം സ്ഥാനത്തായിരുന്ന യുഎഇ പാസ്‌പോർട്ട്, ഒരു ദശാബ്ദത്തിനുള്ളിൽ ലോകത്തിലെ ഒന്നാം സ്ഥാനത്തെത്തിയത് രാജ്യത്തിന്റെ നയതന്ത്ര വിജയത്തിന്റെയും ആഗോള സ്വാധീനത്തിന്റെയും തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

സുരക്ഷ, സാമ്പത്തിക വളർച്ച, അന്താരാഷ്ട്ര സഹകരണം എന്നിവയിൽ യുഎഇ കൈവരിച്ച പുരോഗതിയാണ് പാസ്‌പോർട്ടിന്റെ ശക്തി വർധിപ്പിച്ചതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലോകമെമ്പാടുമുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കുന്ന ഈ നേട്ടം യുഎഇ പൗരന്മാർക്ക് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *